Latest News

തിരുവനന്തപുരത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്തപ്പോള്‍ താമര വിരിഞ്ഞു, കണ്ണൂരില്‍ അരിവാളിനു കുത്തിയപ്പോള്‍ വോട്ട് താമരയ്ക്ക്‌

തിരുവനന്തപുരം: ശക്തമായ മല്‍സരം നടക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കൈപ്പത്തിക്കു വോട്ട് ചെയ്തപ്പോള്‍ താമരയ്ക്കു പതിഞ്ഞതായി പരാതി. കോവളം ചൊവ്വരയിലെ 51ാം ബൂത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വോട്ട് ചെയ്തപ്പോഴാണ് ബിജെപിയുടെ ചിഹ്നമായ താമരയുടെ ലൈറ്റ് തെളിഞ്ഞത്. 76 വോട്ട് ചെയ്ത ശേഷമാണ് സംഭവം.[www.malabarflash.com]

വോട്ടിങ് യന്ത്രത്തില്‍ ഗുരുതര വീഴ്ചയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഈ ബൂത്തിലെ വോട്ടിങ് നിര്‍ത്തിവച്ചു. പുതിയ യന്ത്രം കൊണ്ടുവന്ന് വോട്ടെടുപ്പ് പുനരാരംഭിച്ചു.

കോവളത്തിനു പുറമെ കണ്ണൂര്‍ ജില്ലയിലും മറ്റൊരു ചിഹ്നത്തിനു കുത്തിയപ്പോള്‍ താമരയ്ക്ക് വോട്ട് പതിഞ്ഞു. അഴീക്കോട് മണ്ഡലത്തിലെ പാപ്പിനിശ്ശേരി അരോളിയിലെ 55ാം നമ്പര്‍ ബൂത്തിലാണ് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് ചെയ്തപ്പോള്‍ താമരയുടെ ലൈറ്റ് തെളിഞ്ഞത്. സിപിഎം പ്രാദേശിക നേതാവിന്റെ ഭാര്യ ഓപണ്‍ വോട്ട് ചെയ്തപ്പോഴാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി പിഴവ് പരഹരിച്ചതിനെ തുടര്‍ന്ന് വോട്ടിങ് പുനരാരംഭിച്ചു.

അതേസമയം, വോട്ടിങ് യന്ത്രത്തില്‍ പിഴവില്ലെന്നും ബൂത്തില്‍ തടസ്സമില്ലാതെ തിരഞ്ഞെടുപ്പ് നടക്കുന്നതായും കലക്ടര്‍ അറിയിച്ചു. ഗുരുതര പിഴവ് കണ്ടെത്തിയെന്ന ആരോപണം തെറ്റാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ പറഞ്ഞു. അതേസമയം, എത്ര കോടിയുടേതായാലും യന്ത്രങ്ങള്‍ക്ക് തെറ്റുപറ്റാറുണ്ടെന്നും ചെറിയ തെറ്റുകളെ പര്‍വതീകരിക്കരുതെന്നുംബിജെപി നേതാവ് സ്വകാര്യ ചാനലിനോടു പറഞ്ഞു. പലയിടത്തും വോട്ടിങ് യന്ത്രം പണിമുടക്കിയതിനാല്‍ വോട്ടിങ് തടസ്സപ്പെടുന്നുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.