Latest News

ആഹ്ലാദ പ്രകടനത്തിനിടെ ബി ജെ പി- സി പി എം സംഘര്‍ഷം, ബി ജെ പി പ്രാദേശിക നേതാക്കള്‍ ആശുപത്രിയില്‍, പിന്നാലെ സി പി എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ ബോംബേറ്

മടിക്കൈ: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്നുള്ള ആഹ്ലാദപ്രകടനം മടിക്കൈയില്‍ ബിജെപി-സിപിഎം സംഘര്‍ഷം ഉടലെടുത്തു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം ഏരിയാ കമ്മിറ്റി അംഗവും എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ജില്ലാ സെക്രട്ടറിയുമായ എം രാജന്റെ വീടിനു നേരെ വെള്ളിയാഴ്ച പുലര്‍ച്ചെ ബോംബെറിഞ്ഞു.[www.malabarflash.com]

വ്യാഴാഴ്ച  രാത്രിയുണ്ടായ സിപിഎം അക്രമത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് രാജന്റെ വീടിന്റെ പിറകുവശത്തു നിന്നും ബോംബേറുണ്ടായത്. സ്‌ഫോടനത്തില്‍ വീടിന്റെ മൂന്ന് ജനല്‍ഗ്ലാസുകള്‍ തകര്‍ന്നു. ചുമരിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബോംബാക്രമണത്തിന് പിന്നില്‍ പുറമെ നിന്നെത്തിയ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. 

എം രാജന്റെ വീടിനു നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് ഇന്ന് വൈകിട്ട് 4 മണിക്ക് മടിക്കൈ പഞ്ചായത്തിലെ അഞ്ച് ലോക്കല്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് കോതോട്ടുപാറയില്‍ പൊതുയോഗവും നീലേശ്വരം മുനിസിപ്പാലിറ്റിയിലെ അഞ്ച് ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോണ്‍വെന്റ് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് വൈകിട്ട്  പ്രകടനവും നടത്തി.

വ്യാഴാഴ്ച രാത്രി മടിക്കൈ കോതോട്ട് നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ആഹ്ലാദപ്രകടനം നടത്തുകയായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിതമായ അക്രമം അഴിച്ചുവിട്ടിരുന്നു. അക്രമത്തില്‍ ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ ഗോപാലകൃഷ്ണന്‍ (52), ബൂത്ത് പ്രസിഡണ്ട് മുളുവനടുക്കത്തെ കെ സുനില്‍കുമാര്‍ (37) എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. 

ഇരുമ്പുകമ്പി ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ കൊണ്ടുള്ള അക്രമത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റത്. തലക്കും ദേഹത്തും ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

അക്രമം അറിഞ്ഞയുടന്‍ നീലേശ്വരം എസ്‌ഐ കൈലാസ്‌നാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഇവിടെ പോലീസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകരായ എ വി പ്രശാന്ത്, ശ്രീരാജ്, എം സുധീഷ്, പവിത്രന്‍, ഷൈജു, അരുണ്‍കുമാര്‍ തുടങ്ങി കണ്ടാലറിയാവുന്ന 28ഓളം പേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തതായി സിഐ പി സുഭാഷ് പറഞ്ഞു.ഇതിനിടയില്‍ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അംഗം കോതോട്ടെ സി രതീഷിന്റെ കെ എല്‍ 60 ജെ 3612 നമ്പര്‍ ഓട്ടോറിക്ഷയും അടിച്ചുതകര്‍ത്തു.

പള്ളിക്കര പൂച്ചക്കാട്ടും, ചെറുവത്തൂര്‍ പള്ളിക്കണ്ടത്തും ബിജെപി പ്രകടനത്തിന് നേരെ ആക്രമണമുണ്ടായി. പൂച്ചക്കാട്ട് കിഴക്കേക്കരയിലെ ബിജെപി പ്രവര്‍ത്തകന്‍ അജിത്ത് (27), പള്ളിക്കണ്ടത്ത് തലക്കാട്ടെ ഷാജി, കുഞ്ഞിരാമന്‍, കണ്ണന്‍ എന്നിവര്‍ക്ക് നേരെയും അക്രമണമുണ്ടായി. വാഹനത്തില്‍ വിവിധ സ്ഥലങ്ങളില്‍ പായസവിതരണം നടത്തുമ്പോഴാണ് ഇവര്‍ക്ക് നേരെ സിപിഎം ആക്രമണമുണ്ടായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.