Latest News

കണ്ണൂരിന്റെ ഹൃദയം തൊട്ട് കെ സുധാകരന്‍

കണ്ണൂര്‍: സര്‍വേകളിലും എക്‌സിറ്റ് പോളിലുമെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടമെന്നു പറഞ്ഞ കണ്ണൂരിന്റെ മണ്ണില്‍ ഫലമറിഞ്ഞപ്പോള്‍ ഞെട്ടിയത് സിപിഎം മാത്രമല്ല, യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ കൂടിയാണ്. കാരണം, പതിവുപോലെ കള്ളവോട്ട് ആരോപണവും ചരിത്രത്തിലാദ്യമായി റീ പോളിങ്ങുമെല്ലാം നടന്നിട്ടും ഇടതുപക്ഷത്തിന്റെ കരുത്തുറ്റ കോട്ടയില്‍ കെ സുധാകരന്‍ നേടിയത് ഒരു ലക്ഷത്തോളം വോട്ടുകളുടെ ലീഡ്.[www.malabarflash.com]

കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിച്ചപ്പോള്‍ കെ സുധാകരന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ ശ്രീമതിയേക്കാള്‍ 94559 വോട്ടുകളാണ്. 2014ല്‍ 6,900 വോട്ടുകള്‍ക്ക് ജയിച്ച പി കെ ശ്രീമതിക്ക്, ഇത്തവണ സംസ്ഥാനത്ത് യുഡിഎഫ്-രാഹുല്‍ തരംഗങ്ങള്‍ ആഞ്ഞടിച്ചപ്പോള്‍ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മുന്നേറാനായില്ല. 

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയവും 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉദുമയിലുണ്ടായ തോല്‍വിയും സുധാകരന് രാഷ്ട്രീയവനവാസം സമ്മാനിക്കുമെന്ന ഘട്ടത്തിലാണ് ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തിയതെന്നതും ശ്രദ്ധേയമാണ്. 

ജയിച്ചാലും തോറ്റാലും കേന്ദ്രമന്ത്രിയാവുമെന്നു പറഞ്ഞ് ബിജെപിയെ സുധാകരന്‍ പാളയത്തിലേക്കു കാലെടുത്തുവച്ചയാളെന്ന നിലയിലാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയിരുന്നതെങ്കിലും അതൊന്നും ഫലംകണ്ടില്ല. 

വിദ്യാര്‍ത്ഥി രാഷട്രീയത്തിലൂടെ സജീവരാഷട്രീയത്തിലെത്തിയ കുമ്പക്കുടി സുധാകരന്‍ 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1984ല്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1991 ഡിസിസി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എടക്കാട് നിന്നും കണ്ണൂരില്‍ നിന്നും നിയമസഭയിലെത്തി. 2001ല്‍ ആന്റണി മന്ത്രിസഭയില്‍ വനം, കായികവകുപ്പ് മന്ത്രിയായി. 2006ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ നിന്നു വിജയിച്ചു. 2009 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ആവര്‍ത്തിക്കാനായില്ല.

ആകെ വോട്ട്: സി കെ പത്മനാഭന്‍(ബിജെപി)-68509 
പി കെ ശ്രീമതി(സിപിഐഎം)-435182 
കെ സുധാകരന്‍(ഐഎന്‍സി)-529741 
അഡ്വ. ആര്‍ അപര്‍ണ്ണ(എസ്‌യുസിഐ)-2162 
കെ കെ അബ്ദുള്‍ ജബ്ബാര്‍(എസ്ഡിപിഐ)-8142 
കുര്യാക്കോസ്(സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്)-260 
പ്രവീണ്‍ അരീമ്പ്രത്തൊടിയില്‍(സ്വത)-318 
രാധാമണി നാരായണകുമാര്‍(സ്വത)-286 
കെ ശ്രീമതി(സ്വത.)-581 
പി ശ്രീമതി(സ്വത.)-796 
കെ സുധാകരന്‍(സ്വത.)-2249 
കെ സുധാകരന്‍(സ്വത.)-726 
പി കെ സുധാകരന്‍(സ്വത.)-1062 
നോട്ട-3828 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.