Latest News

കസര്‍കോട്ടെ ചെങ്കോട്ട കീഴടക്കി ഉണ്ണിത്താന്റെ പടയോട്ടം

കാസര്‍കോട്: കസര്‍കോട്ടെ ചെങ്കോട്ട കീഴടക്കി ഉണ്ണിത്താന്റെ പടയോട്ടം. 30 വര്‍ഷം അടക്കിവെച്ച ആധിപത്യമാണ് ഉണ്ണിത്താന്‍ തകര്‍ത്തെറിഞ്ഞത്. വിജയം ഉറപ്പിച്ചതോടെ യു ഡി എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം തുടരുന്നു.[www.malabarflash.com]

എല്‍ ഡി എഫ് ഒരു ലക്ഷത്തിന് മേല്‍ വോട്ടിന് വിജയിക്കുമെന്ന് അവകാശപ്പെട്ട കാസര്‍കോട്ടാണ് ഉണ്ണിത്താന്‍ നാല്‍പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് വിജയം കൊയ്തെടുത്തത്.
സി പി എമ്മിന്റെ കോട്ടകളില്‍ പോലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ ഉണ്ണിത്താന് കഴിഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ തന്നെ ഉണ്ണിത്താന്‍ വിജയം അവകാശപ്പെട്ടിരുന്നു. 25,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നായിരുന്നു യു ഡി എഫ് വോട്ട് കണക്ക് നോക്കി വിലയിരുത്തിയത്. ഈ വിലയിരുത്തലിനും അപ്പുറമുള്ള വിജയമാണ് ഉണ്ണിത്താന്‍ നേടിയത്.

സംസ്ഥാനം രൂപീകൃതമായ കാലം മുതല്‍ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലം. ആദ്യ മൂന്ന് തെരഞ്ഞെടുപ്പുകളിലും ഇവിടെ നിന്നും വിജയിച്ച എ കെ ഗോപാലന്‍ പ്രഥമ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു. ഒരു ഘട്ടത്തില്‍ സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റു തന്നെ എ.കെ.ജിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസര്‍കോട് എത്തിയിരുന്നു. എന്നിട്ടുപോലും മണ്ഡലത്തിന്റെ ഇടതുപക്ഷ മനസ്സ് മാറിയിരുന്നില്ല.

എന്നാല്‍ 1971-ല്‍ ഇ.കെ നായനാരെ അപ്രതീക്ഷിതമായി പരാജയപ്പെടുത്തിക്കൊണ്ട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യുവ നേതാവായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ മണ്ഡലത്തെ കോണ്‍ഗ്രസിന്റെ വരുതിയിലാക്കി. തൊട്ടടുത്ത തെരഞ്ഞെടുപ്പിലും അതുതന്നെ ആവര്‍ത്തിച്ചു. പിന്നീട് 1984-ല്‍ ഐ രാമ റെയിലൂടെ ഒരിക്കല്‍ക്കൂടി മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നതൊഴിച്ചാല്‍ പിന്നീടൊരിക്കലും കാസര്‍കോടിന്റെ രാഷ്ട്രീയ മണ്ഡലം യുഡിഎഫിനൊപ്പം നിന്നിട്ടില്ല

രാമണ്ണ റെയും ടി.ഗോവിന്ദനും അഞ്ചു തെരെഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ചെങ്കൊടി പാറിച്ച മണ്ഡലത്തില്‍ പിന്നീട് ആ ദൗത്യം ഏറ്റെടുത്തത് എ.കെ.ജിയുടെ മരുമകന്‍ കൂടിയായ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് പി.കരുണാകരനായിരുന്നു. കഴിഞ്ഞതവണ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം മത്സരിച്ചത്. മുഖ്യ എതിരാളിയായിരുന്ന യു.ഡി.എഫിന്റെ ടി. സിദ്ദിഖ് ഇടതുമുന്നണിയുടെ കോട്ടകളില്‍ ശക്തമായ വിള്ളലുണ്ടാക്കിയിരുന്നു. 2004-ല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.കരുണാകരന്‍ ജയിച്ചതെങ്കില്‍, 2014-ല്‍ എത്തിയപ്പോഴേക്കും അത് കേവലം 6921 വോട്ടിന്റെ ഭൂരിപക്ഷമായി കുറഞ്ഞു. നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായാണ് കോണ്‍ഗ്രസ് കാസറഗോഡ് ശക്തമായൊരു മത്സരം കാഴ്ചവച്ചതുതന്നെ.

ദേശിയ രാഷ്ട്രീയവും,ശബരിമല വിഷയം, പെരിയ ഇരട്ട കൊലപാതകം, വികസനമില്ലായ്മ തുടങ്ങിയ കാര്യങ്ങൾ ഉണ്ണിത്താന്റെ വിജയത്തിന് അനുകൂലമായി

1984 ല്‍ ഐ.രാമറൈ ഇ.ബാലാനന്ദനെ പരാജയപ്പെടുത്തിയതിന് ശേഷം യു.ഡി.ഫ് കാസര്‍കോട് പച്ച തൊട്ടിട്ടില്ല. പിന്നീട് എട്ടു തവണയാണ് സി.പി.ഐ.എം സ്ഥാനാര്‍ത്ഥികള്‍ കാസര്‍കോട് നിന്ന് എളുപ്പത്തില്‍ ജയിച്ചു കയറിയത്. രാമണ്ണ റൈയും ടി.ഗോവിന്ദനും തുടര്‍ച്ചയായി ചെങ്കൊടി പാറിച്ച മണ്ഡലത്തില്‍ പിന്നീട് മണ്ഡലത്തെ പ്രതിനിധീകരിച്ചത് എ.കെ.ജിയുടെ മരുമകന്‍ കൂടിയായ മുതിര്‍ന്ന സി.പി.ഐ.എം നേതാവ് പി.കരുണാകരനായിരുന്നു. മൂന്ന് തവണയാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്. 2014 ല്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കരുണാകരന്‍ മത്സരത്തിന് ഇറങ്ങിയത്.

2004ല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ (1,08,256) ഭൂരിപക്ഷത്തിലാണ് പി.കരുണാകരന്‍ ജയിച്ചതെങ്കില്‍ 2009ല്‍ ഭൂരിപക്ഷം 64,427 ആയി കുറഞ്ഞിരുന്നു. 2014ല്‍ ടി.സിദ്ദിഖുമായി ഏറ്റുമുട്ടിയപ്പോള്‍ പി.കരുണാകരന്റെ ഭൂരിപക്ഷം 6,921 ആയി വീണ്ടും കുറഞ്ഞു. മുന്നാം അംങ്കത്തിന് ഇറങ്ങിയ കരുണാകരനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചു കൊണ്ടായിരുന്നു ടി.സിദ്ദീഖിന്റെ മടക്കം. മുസ്‌ലിം ലീഗായിരുന്നു സിദ്ദീഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. 3,84,964 വോട്ടുകളാണ് കരുണാകരന്‍ നേടിയത്. ടി. സിദ്ദിഖ് 3,78,043 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ 1,72,826 വോട്ടുകളും നേടിയിരുന്നു.

എന്നാൽ ഇപ്രാവിശ്യം ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച രവീശ തന്ദ്രി കുണ്ടാറിന് കഴിഞ്ഞ പ്രവിശ്യത്തെ സുരേന്ദ്രന്റെ വോട്ട് പോലും നേടാനായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.