Latest News

വോട്ടെണ്ണല്‍ രാവിലെ എട്ടുമുതല്‍; അന്തിമ ഫലപ്രഖ്യാപനം വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ആകെ 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മെയ് 23-ന് രാവിലെ എട്ടുമണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.[www.malabarflash.com]

തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. രാവിലെ എട്ടുമണി വരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും പരിഗണിക്കും. തപാല്‍ വോട്ടുകള്‍ എണ്ണാന്‍ നാല് ടേബികളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞാല്‍ വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. വി.വി. പാറ്റ് രസീതുകള്‍ എണ്ണുന്നതിനാല്‍ ഔദ്യോഗികഫലപ്രഖ്യാപനത്തിന് ചുരുങ്ങിയത് പത്തുമണിക്കൂറെങ്കിലും കാത്തിരിക്കേണ്ടി വരും.

ഒരു ഹാളില്‍ 14 കൗണ്ടിങ് ടേബിളുകളാണ് വോട്ടെണ്ണെലിനായി ക്രമീകരിക്കുക. ആവശ്യമെങ്കില്‍ കൂടുതല്‍ ടേബിളുകള്‍ ഏര്‍പ്പെടുത്താം. ഇക്കാര്യത്തില്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് തീരുമാനമെടുക്കാം. ഓരോ റൗണ്ടും എണ്ണിക്കഴിഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധാ പോര്‍ട്ടലില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം മാത്രമേ അടുത്ത റൗണ്ട് എണ്ണിത്തുടങ്ങുകയുള്ളുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

കൗണ്ടിങ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍, മൈക്രോ ഒബ്‌സര്‍വര്‍മാര്‍, കൗണ്ടിങ് ഒബ്‌സര്‍വര്‍മാര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിങ് ഏജന്റ്‌സ് തുടങ്ങിയവര്‍ക്കും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാമെന്നും ശക്തമായ സുരക്ഷാ സംവിധാനമാണ് ഓരോ കേന്ദ്രത്തിലും ഒരുക്കിയിരിക്കുന്നതെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.