Latest News

എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നുവെന്ന് വെളിപ്പെടുത്തൽ

കോഴിക്കോട്:  തൃശ്ശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം മണ്ഡലങ്ങളിലെ എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുല്‍ മജീദ് ഫൈസി. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തല്‍.[www.malabarflash.com] 

എല്‍ഡിഎഫിനുണ്ടാകുന്ന തിരിച്ചടിയുടെ കാരണം എസ്ഡിപിഐയുടെ തലയില്‍ കെട്ടിവെച്ച് സിപിഎമ്മിന് തലയൂരാനാകില്ല. എസ്ഡിപിഐയുടെ മേല്‍ തീവ്രവാദത്തിന്റെ ലേബലൊട്ടിച്ച് പ്രസ്താവനകള്‍ക്ക് എരിവും പുളിയും നല്‍കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യാഥാര്‍ഥ്യങ്ങളുടെ നേരെ കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് പശ്ചിമ ബംഗാളിലും ത്രിപുരയിലും സിപിഎം തൂത്തെറിയപ്പെടാന്‍ കാരണമായത്. ബിജെപി വീണ്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുമെന്ന ആശങ്ക നിലനില്‍ക്കുമ്പോള്‍ എല്ലാവരെയും ഫാഷിസ്റ്റ് വിരുദ്ധ ചേരിയില്‍ ഐക്യപ്പെടുത്തുന്നതിനു പകരം ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന നിലപാട് സിപിഎം നേതൃത്വം തിരുത്തണമെന്നും ഫൈസി ആവശ്യപ്പെട്ടു.

"കേരളത്തിലെന്നല്ല, ഇന്ത്യയിലെമ്പാടും ബിജെപിക്കെതിരേ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ട്.  ബിജെപിയെ തടയാന്‍ ഫാഷിസ്റ്റ് വിരുദ്ധരായ വോട്ടര്‍മാര്‍ സിപിഎമ്മിനെ പരിഗണിക്കാനുള്ള എന്ത് ദേശീയ പ്രാധാന്യമാണ് സിപിഎമ്മിനുള്ളതെന്ന് കോടിയേരി വിശദീകരിക്കണം.

കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ സിപിഎമ്മിനോട് അന്ധമായ വിരോധം വെച്ച് പുലര്‍ത്തുന്നവരല്ലെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പോലും തെളിയിച്ചിട്ടുണ്ട്. അപ്പോള്‍ ഈ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫിനെതിരായ  നിലപാടെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ വിശകലനം ചെയ്യാനുള്ള സത്യസന്ധത കാണിക്കുന്നതിന് പകരം എസ്ഡിപിഐയെ കരിവാരിത്തേക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയ ഭീതി മൂലം കോടിയേരി അണികളെ കലാപത്തിന് പ്രേരിപ്പിക്കുകയാണെന്ന് അബ്ദുള്‍ മജീദ് ഫൈസി ആരോപിച്ചു. എല്‍ഡിഎഫിനുണ്ടാകുന്ന തിരിച്ചടിയുടെ കാരണം എസ്ഡിപിഐയുടെ തലയില്‍ കെട്ടിവെച്ച് സിപിഎമ്മിന് തലയൂരാനാകില്ല. തിരഞ്ഞെടുപ്പ് ഫലത്തോടനുബന്ധിച്ച് പാര്‍ട്ടി അണികളെ  എസ്ഡിപിഐക്കെതിരെ തിരിച്ച് വിട്ട് സംഘര്‍ഷമുണ്ടാക്കാനാണ് കോടിയേരിയുടെ ശ്രമം", ഫൈസി ആരോപിച്ചു.

നേരത്തേ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇ ടി മുഹമ്മദ് ബഷീറും പി കെ കുഞ്ഞാലിക്കുട്ടിയും എസ്ഡിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയത് വിവാദമായിരുന്നു.
എസ്ഡിപിഐയുടെ സഹായത്താല്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥികള്‍ ജയിച്ചുവരണമെന്ന് പറയുന്നതിനേക്കാള്‍ ഭേദം ആ രാഷ്ട്രീയ പ്രസ്ഥാനം പിരിച്ചുവിടുന്നതാണ് നല്ലതെന്നായിരുന്നു അന്ന് വിവാദത്തോട്് എം കെ മുനീര്‍ പ്രതികരിച്ചത്.

വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.അബ്ദുല്‍ ഹമീദ്, സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി എന്നിവര്‍ സംബന്ധിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.