Latest News

കയ്യേറ്റക്കാരുടെ ചങ്കിടിപ്പ് കൂട്ടി തട്ടമിട്ട ഐ.എ.എസ് ധീരത ആലപ്പുഴയില്‍

ആലപ്പുഴ: കയ്യേറ്റക്കാരുടെ വിളനിലമാണ് ആലപ്പുഴ. ഈ കായല്‍ ജില്ലയിലെ കയ്യേറ്റക്കാരെല്ലാം ഇപ്പോള്‍ ‘തട്ടമിട്ട’ കളക്ടര്‍ പേടിയിലാണ്. മന്ത്രിയല്ല, പ്രധാനമന്ത്രി തന്നെ ശുപാര്‍ശയുമായി വന്നാലും തള്ളിക്കളയുന്ന അദീല അബ്ദുള്ളയെ പേടിയോടെയാണ് ആലപ്പുഴയിലെ കയ്യേറ്റക്കാര്‍ നോക്കി കാണുന്നത്.[www.malabarflash.com]

2012 ഐ.എ.എസ് ബാച്ചുകാരിയായ ഈ യുവതി മലപ്പുറം, എറണാകുളം ജില്ലകളിലെ അഴിമതിക്കാരെ വിറപ്പിച്ചാണ് ആലപ്പുഴയില്‍ കാലുകുത്തുന്നത്.

പുതിയ ദൗത്യത്തിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ഉറപ്പ്. സാധാരണക്കാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരാതിയുമായി അദീലയുടെ മുന്നിലെത്താം, പക്ഷേ ശുപാര്‍ശക്കാര്‍ക്കാണെങ്കില്‍ കളക്ടറേറ്റിന്റെ പടി പോലും ഇനി കയറാനാവില്ല. 

സത്യവും ന്യായവുമുള്ള പരാതികള്‍ക്ക് പിന്നെ എന്തിനാണ് ശുപാര്‍ശ എന്നതാണ് ഈ യുവ ഐ.എ.എസുകാരിയുടെ നയം. അതുകൊണ്ടു തന്നെ ശുപാര്‍ശയുമായി തന്റെ മുന്നില്‍ എത്തുന്ന ഫയലുകളില്‍ ശരിക്കും പരിശോധന നടത്തി മാത്രമേ അവര്‍ തീരുമാനമെടുക്കാറുള്ളൂ. ഇത് ശുപാര്‍ശക്കാര്‍ക്കു തന്നെയാണ് ഒടുവില്‍ തിരിച്ചടിയാവാറുള്ളത്.

സര്‍വ്വീസില്‍ കയറി ചുരുങ്ങിയ കാലം കൊണ്ടു തന്നെ മികച്ച ഉദ്യോഗസ്ഥ എന്നു പേരെടുത്ത യുവതിയാണ് അദീല. തിരൂര്‍ സബ് കളക്ടര്‍ ആയിരിക്കെ തന്നെ അവരത് തെളിയിക്കുകയും ചെയ്തു. സാധാരണക്കാര്‍ക്ക് എന്നും അദീല കയ്യെത്തും ദൂരത്ത് തന്നെയായിരുന്നു. എന്നാല്‍ കയ്യേറ്റക്കാര്‍ക്കും നിയമവിരുദ്ധ പ്രവര്‍ത്തി നടത്തുന്നവര്‍ക്കുമാകട്ടെ അവര്‍ ഒരു പേടി സ്വപ്നവുമായിരുന്നു.

പൊലീസ് ഒത്താശയോടെ കരിങ്കല്‍ കടത്തിയിരുന്ന ടിപ്പറുകള്‍ വേങ്ങര കിളിനക്കോട്ട് നേരിട്ട് ചെന്നാണ് അദീല പിടിച്ചെടുത്തിരുന്നത്. തട്ടമിട്ട ഈ യുവതിയുടെ സാഹസികത ആ നാട്ടുകാരെയും അമ്പരപ്പിച്ചിരുന്നു. നിരവധി ജനകീയ പ്രവര്‍ത്തനങ്ങള്‍ക്കും അദീല തിരൂര്‍ സബ് കളക്ടര്‍ ആയിരിക്കെ തുടക്കം കുറിച്ചിട്ടുണ്ട്. പിന്നീട് ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ ആയിരിക്കെ അദീലയുടെ കാര്‍ക്കശ്യം മഹാനഗരവും അനുഭവിച്ചറിഞ്ഞു.

എറണാകുളത്തും മട്ടാഞ്ചേരിയിലുമായി ഭൂമാഫിയ കൈവശം വച്ച 100 കോടിയോളം വരുന്ന സര്‍ക്കാര്‍ ഭൂമിയാണ് അദീല പിടിച്ചെടുത്തത്. ഒന്‍പതു മാസമേ ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്ഥാനത്ത് ഇവര്‍ ഇരുന്നിരുന്നൂള്ളൂ. ഈ ചുരുങ്ങിയ കാലയളവില്‍ തന്നെ സര്‍ക്കാറിന് ഉണ്ടാക്കി കൊടുത്തത് വമ്പന്‍ നേട്ടങ്ങളാണ്. സ്വകാര്യ വ്യക്തികള്‍ കൈവശം വച്ച് അനുഭവിച്ച് കൊണ്ടിരുന്ന ആസ്പിന്‍വാള്‍ ഭൂമി സര്‍ക്കാറിലേക്ക് അദീലയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരിച്ചു പിടിച്ചു കൊടുത്തത്. ഇതിനായി കോടതിയില്‍ സ്വീകരിച്ച തന്ത്രപരമായ സമീപനങ്ങളും ഗുണം ചെയ്തു.

ഒടുവില്‍ വമ്പന്‍മാരുടെ സ്വന്തം കൊച്ചിന്‍ ക്ലബ് അനധികൃതമായി കൈവശം വച്ചിരുന്ന കോടികള്‍ വിലവരുന്ന നാലേക്കര്‍ ഭൂമിക്കു മേലും അദീല കൈവച്ചു. വൈറ്റിലയിലെ അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനും അവര്‍ നീക്കം നടത്തി. ഹോട്ടല്‍ ഗ്രൂപ്പായ ട്രെന്‍ഡണ്‍ കായല്‍ കയ്യേറി പണിത ബോട്ട് യാര്‍ഡ് പൊളിച്ചു നീക്കാന്‍ നടപടി സ്വീകരിച്ചതും അദീല തന്നെയായിരുന്നു.

പാട്ടക്കുടിശ്ശികയുള്ളവര്‍ക്കെതിരെയും ശക്തമായ നടപടികള്‍ ഈ സബ് കളക്ടര്‍ സ്വീകരിച്ചു. വഖഫുകള്‍ക്കും പള്ളികള്‍ക്കും പോലും ഇതിന്റെ പേരില്‍ നോട്ടീസ് നല്‍കാന്‍ അവര്‍ മടിച്ചിരുന്നില്ല. അങ്കമാലിയില്‍ നടന്ന ഒരു ഭൂമി ഇടപാടില്‍ സ്വകാര്യ വ്യക്തികള്‍ ഭൂമി വില കുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്ത നടപടിക്കെതിരെയും അദീല മുഖം നോക്കാതെയാണ് നടപടി സ്വീകരിച്ചത്.

സ്വകാര്യ ഫ്ളാറ്റ് നിര്‍മ്മാണ സ്ഥാപനത്തിന് ഏഴരയേക്കര്‍ നികത്താന്‍ അനുമതി നല്‍കാതിരുന്നതാണ് മറ്റൊരു സംഭവം. ചതുപ്പ് നിറഞ്ഞ സ്ഥലം മണ്ണിട്ട് നികത്തുന്നതിന് അനുമതി നല്‍കാനാവില്ലെന്നായിരുന്നു സബ് കളക്ടര്‍ നിലപാടെടുത്തിരുന്നത്. ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയെങ്കിലും അദീല വിട്ടില്ല. അപ്പീല്‍ നല്‍കാന്‍ അവര്‍ ശ്രമം തുടങ്ങി, ഇതിനായി റവന്യൂ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അപ്പീല്‍ നല്‍കുന്നതിനായി ശ്രമങ്ങളും നടത്തിയിരുന്നു. 

ഇതിനിടെയാണ് ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും അദീല സ്ഥലം മാറ്റപ്പെട്ടത്. ലൈഫ് മിഷന്‍ പദ്ധതിയുടെ ചുമതലയിലേക്കായിരുന്നു മാറ്റം. പിന്നീട് വ്യക്തിപരമായ കാര്യങ്ങള്‍ ഉന്നയിച്ച് അവര്‍ നീണ്ട അവധിയില്‍ പോയിരുന്നു. ഇപ്പോള്‍ ചെറിയ ഒരിടവേളക്ക് ശേഷം സര്‍ക്കാര്‍ വീണ്ടും ഒരു വലിയ ദൗത്യം അദീലയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ആലപ്പുഴ കളക്ടര്‍ എന്ന നിലയില്‍ വലിയ വെല്ലുവിളിയാണ് ഇനി അദീലയ്ക്ക് ഏറ്റെടുക്കേണ്ടി വരിക.

മുന്‍പ് അനുപമ ആലപ്പുഴ കളക്ടര്‍ ആയിരിക്കെയാണ് മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റം കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നത്. മന്ത്രി സ്ഥാനം തന്നെ ഇതോടെ തോമസ് ചാണ്ടിക്ക് തെറിക്കുകയുണ്ടായി. മാധ്യമ പിന്തുണയും അനുപമക്ക് യഥേഷ്ടം ലഭിച്ചു. എന്നാല്‍ അദീലയെ സംബന്ധിച്ച് മാധ്യമങ്ങളെ എന്നും ഒരു അകലത്തില്‍ നിര്‍ത്തുന്നതാണ് പതിവ്.

ഇപ്പോള്‍ ഹീറോ പരിവേഷമുള്ള കളക്ടര്‍മാരേക്കാള്‍ ശക്തമായ നടപടികള്‍ ചുരുങ്ങിയ കാലം കൊണ്ട് സ്വീകരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥ അദീല തന്നെയാണ്. മാധ്യമങ്ങള്‍ പലപ്പോഴും വൈകി മാത്രമേ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ അറിയാറുള്ളൂ. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും അദീലയെ മാറ്റിയപ്പോള്‍ മാത്രമാണ് തട്ടമിട്ട ഐ.എ.എസുകാരിയുടെ ധീര നടപടി മാധ്യമങ്ങള്‍ പോലും അറിഞ്ഞത്.

പബ്ലിസിറ്റിക്ക് വേണ്ടിയല്ല നാടിനു വേണ്ടിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന ബോധമാണ് അദീലയെ നയിക്കുന്നത്. അതുകൊണ്ടാണ് അവര്‍ ഇപ്പോഴും അണിയറയില്‍ തന്നെ ഒതുങ്ങി കൂടുന്നത്. നല്ല പദവികള്‍ക്കു വേണ്ടി ഒരു ശുപാര്‍ശക്കും ഭരണാധികാരികളുടെ അടുത്തേക്ക് അദീല പോയിട്ടില്ല. ഇനി ഒരിക്കലും പോവുകയുമില്ല. ഇക്കാര്യത്തില്‍ അന്നും ഇന്നും ഉറച്ച നിലപാട് തന്നെയാണ് ഈ കോഴിക്കോട്ടുകാരിക്കുള്ളത്.

കുറ്റ്യാടി സ്വദേശിയായ അദീല എം.ബി.ബി.എസ് ബിരുദം സ്വന്തമാക്കിയ ശേഷമാണ് ഐ.എ.എസ് കരസ്ഥമാക്കിയത്. അതുകൊണ്ടു തന്നെ പാവങ്ങളോട് എന്നും ഒരു കരുതല്‍ ആ മനസ്സിലുണ്ട്.

മാധ്യമങ്ങളിലൂടെ ഹീറോ ആയ നിരവധി കളക്ടര്‍മാര്‍ നമുക്കുണ്ട്. അത് അനുപമ ആയാലും രേണു രാജ് ആയാലും വാസുകി ആയാലും ഒരു പോലെയാണ്. എന്നാല്‍ അദീല ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ്. കാരണം അദീലയ്ക്ക് സ്ഥലം മാറ്റം കിട്ടുമ്പോള്‍ മാത്രമാണ് അവരുടെ പ്രവര്‍ത്തി മാധ്യമങ്ങള്‍ പോലും അറിയുന്നത്. 

ക്യാമറ കണ്ണിനു മുന്നിലേ പ്രവര്‍ത്തിക്കൂ എന്ന് വാശി പിടിക്കുന്ന ഉദ്യോഗസ്ഥ താരങ്ങള്‍ അദീലയെ കണ്ടു പഠിക്കണം. നിങ്ങളല്ല യഥാര്‍ത്ഥ ഹീറോ, അത് ഈ തട്ടമിട്ട ഐ.എ.എസുകാരി തന്നെയാണ്.


(കടപ്പാട്: എക്‌സ്പ്രസ് കേരള)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.