Latest News

വാടകക്കെടുക്കുന്ന ജനറേറ്റര്‍ മറിച്ചുവില്‍പ്പന നടത്തുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു

രാജപുരം: വാടകക്കെടുക്കുന്ന ജനറേറ്റര്‍ മറിച്ചുവില്‍പ്പന നടത്തുന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ബളാല്‍ സ്വദേശിയായ ഷിബിനെയാണ് മാലോത്തുവെച്ച് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.[www.malabarflash.com] 
കാഞ്ഞങ്ങാട്ടെ ചിത്ര ലൈറ്റ് ആന്റ് സൗണ്ടില്‍ നിന്നും വാടകക്കെടുത്ത രണ്ട് ജനറേറ്ററുകള്‍ എറണാകുളത്ത് വില്‍പ്പന നടത്തിയ ഷിബിനെയാണ് നാട്ടുകാര്‍ പിടികൂടിയത്. മലയോരത്ത് ഉള്‍പ്പെട പല സ്ഥലങ്ങളില്‍ നിന്നുമായി ഷിബിന്‍ ജനറേറ്ററുകള്‍ വാടകക്കെടുത്ത് മറിച്ച് വില്‍പ്പന നടത്തിയിരുന്നു. പള്ളിയില്‍ നിന്നും പിതാവാണെന്ന് പരിചയപ്പെടുത്തി ലൈറ്റ് ആന്റ് സൗണ്ട് ഉടമകളെ വിളിച്ച് പള്ളിയിലേക്ക് രണ്ടു മാസത്തേക്ക് ജനറേറ്റര്‍ വാടകക്ക് വേണമെന്ന് ആവശ്യപ്പെടും.

പിന്നീട് യുവാവ് തന്നെ വണ്ടിയുമായി കടയില്‍ ചെന്ന് പള്ളിയില്‍ നിന്നും പള്ളീലച്ഛന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വന്നതാണെന്നും പറഞ്ഞ് ജനറേറ്റര്‍ കൊണ്ടുപോവുകയാണ് പതിവ്. ഇങ്ങനെ കൊണ്ടുപോയ ജനറേറ്ററുകള്‍ എറണാകുളത്താണ് വില്‍പ്പന നടത്തിയത്. ഏതാനും ദിവസം മുമ്പ് പരപ്പയിലെ ഹൈനസ് ലൈറ്റ് ആന്റ് സൗണ്ടില്‍ നിന്നും ഇതുപോലെ ജനറേറ്റര്‍ കൊണ്ടുപോകാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും തട്ടിപ്പ് മനസിലാക്കിയ ഉടമ രാഘവന്‍ ജനറേറ്റര്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല. ചിത്ര ലൈറ്റ് ആന്റ് സൗണ്ടില്‍ നിന്നും ഒരു മാസം മുമ്പ് ചെറുവത്തൂര്‍ പള്ളിയിലെ അച്ഛനാണെന്നും പറഞ്ഞ് വിളിച്ചാണ് ഒരുലക്ഷത്തോളം രൂപ വിലവരുന്ന ജനറേറ്റര്‍ വാടകക്കായി കൊണ്ടുപോയത്.

ഇത് എറണാകുളത്ത് 25000 രൂപക്ക് വില്‍പ്പന നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും മാലോത്ത് പള്ളിയിലെ അച്ഛനാണെന്ന് പറഞ്ഞ് ജനറേറ്റര്‍ വാടകക്ക് കൊണ്ടുപോയി മാലോത്ത് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ചിത്ര ലൈറ്റ് ആന്റ് സൗണ്ട് എന്ന പേര് ചുരണ്ടിമാറ്റിയതായി കണ്ട് കടയുടമ ഇയാളെ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവെച്ച് ഉടമ ചിത്രരാധാകൃഷ്ണനെ വിവരമറിയിക്കുകയായിരുന്നു. രാധാകൃഷ്ണന്‍ രാജപുരം പോലീസുമായി മാലോത്തെത്തിയാണ് ഷിബിനെ പിടികൂടിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.