Latest News

ഇസ്രായേല്‍ സൈന്യവും ജൂത ദേശീയ വാദികളും മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിച്ചു; എതിര്‍പ്പിനെ തുടര്‍ന്ന് സംഘര്‍ഷം

ജറുസലേം: തീവ്ര ദേശീയ വാദികളായ നൂറുകണക്കിന് ജൂതന്മാരുമായി ഇസ്രായേല്‍ സൈന്യം മസ്ജിദുല്‍ അഖ്‌സയില്‍ പ്രവേശിച്ചു. 1967ലെ അറബ് ഇസ്രായേല്‍ യുദ്ധത്തിന്റെ അന്ത്യത്തില്‍ കിഴക്കന്‍ ജറുസലേമില്‍ അധിനിവേശം നടത്തിയതിന്റെ വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ചാണ് ജൂതന്മാരുടെ അതിക്രമം.[www.malabarflash.com] 

മസ്ജിദിനകത്ത് പ്രാര്‍ഥന നടത്തുകയായിരുന്ന ഫലസ്തീന്‍കാര്‍ ഇതിനെതിരേ പ്രതിഷേധിച്ചു. തുടര്‍ന്ന് സൈന്യം കണ്ണീര്‍വാതകം പ്രയോഗിച്ചു. 30 വര്‍ഷത്തിനിടെ ആദ്യമായാണ് റമദാന്റെ അവസാന ദിനങ്ങളില്‍ ജൂതന്മാരെ മസ്ജിദുല്‍ അഖ്‌സ കോംപൗണ്ടിനകത്ത് പ്രവേശിപ്പിക്കുന്നത്. രാവിലെ മുതല്‍ തന്നെ മസ്ജിദിനു ചുറ്റും നൂറുകണക്കിന് ഇസ്രായേലി പോലിസുകാരെ വിന്യസിച്ചിരുന്നു. 

റമദാന്‍ അവസാനമായതിനാല്‍ ജൂതന്മാരെ മസ്ജിദ് കോംപൗണ്ടില്‍ പ്രവേശിപ്പിക്കില്ലെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, നൂറുകണക്കിന് ജൂത കുടിയേറ്റക്കാരും മത ദേശീയവാദികളും പ്രവേശനം ആവശ്യപ്പെട്ട് മസ്ജിദ് ഗെയ്റ്റിന് സമീപത്ത് തടിച്ചുകൂടുകയായിരുന്നു. തുടര്‍ന്ന് പോലിസ് ഇവരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഫലസ്തീന്‍കാര്‍ പ്രതിഷേധമാരംഭിച്ചതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. 

പ്രതിഷേധക്കാരെ ഒതുക്കിയ സൈന്യം ജൂതന്മാര്‍ക്ക് അകത്തു കടക്കാന്‍ സൗകര്യമൊരുക്കി.

ഫസ്തീന്‍കാര്‍ പള്ളിക്കകത്ത് തക്ബീര്‍ മുഴക്കി പ്രതിഷേധിക്കുന്നതിന്റെയും കവാടത്തിലേക്ക് കസേരകളും മറ്റും വലിച്ചെറിയുന്നതിന്റെയും വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

അധിനിവേശ വാര്‍ഷികം ആഘോഷിക്കുന്നതിന് തൊട്ടടുത്തുള്ള പടിഞ്ഞാറന്‍ മതിലിന് സമീപവും ആയിരക്കണക്കിന് ജൂതന്മാര്‍ ഒരുമിച്ചു കൂടിയിരുന്നു. വൈകീട്ട് നഗരത്തില്‍ ഇവരുടെ മാര്‍ച്ച് നടക്കും. ഇത്തരത്തിലുള്ള മാര്‍ച്ച് പലപ്പോഴും മുസ്ലിംകളുമായുള്ള സംഘര്‍ഷത്തില്‍ കലാശിക്കാറുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.