Latest News

കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരേ കൈക്കൂലി ആരോപണം

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരേ കൈക്കൂലി ആരോപണം. ഹെര്‍ണിയക്കുള്ള ചികിത്സയ്ക്കുവേണ്ടിയെത്തിയ രോഗിയില്‍നിന്ന് മൂന്നുതവണയായി അയ്യായിരം രൂപയോളം വാങ്ങിയെന്നാണ് ആരോപണം.[www.malabarflash.com]

ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ വെങ്കിടഗിരി, സുനില്‍ ചന്ദ്ര എന്നിവര്‍ക്കെതിരേയാണ് ആരോപണമുണ്ടായത്. ഇവരോട് താല്‍ക്കാലികമായി ജോലിയില്‍നിന്ന് മാറിനില്‍ക്കാന്‍ ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓപറേഷന്‍ നടക്കണമെങ്കില്‍ തുക ആവശ്യപ്പെട്ടുവെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി വിജിലന്‍സിനെ സമീപിച്ചുവെങ്കിലും നടപടിയുണ്ടായില്ലെന്നും രോഗിയുടെ ബന്ധുക്കള്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
കൈക്കൂലി വാങ്ങുന്ന ദൃശ്യവും ചാനല്‍ പുറത്തുവിട്ടു.

ഡോക്ടര്‍ ആവശ്യപ്പെട്ട തുക കൈയിലുണ്ടായിരുന്നില്ലെന്നും പലരില്‍നിന്നുമായാണ് തുക സംഘടിപ്പിച്ചതെന്നും രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഡോക്ടര്‍മാര്‍ക്കെതിരേ അന്വേഷണം നടത്തുമെന്നും അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്നും ഡി.എം.ഒ ഡോ. എ.പി ദിനേഷ് കുമാര്‍ പറഞ്ഞു.


സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ആശുപത്രിയില്‍ ഉപരോധം നടത്തി. മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ചും നടത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.