Latest News

സിപിഎമ്മിന്റെ ആരാച്ചാർ മുഖ്യമന്ത്രി: മുല്ലപ്പള്ളി

പെരിയ: സംസ്ഥാനത്തു സിപിഎമ്മിന്റെ ആരാച്ചാർ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.[www.malabarflash.com]

കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‍ലാലിന്റെയും കുടുംബങ്ങളെ സഹായിക്കുന്നതിനായി യുഡിഎഫ് സമാഹരിച്ച സഹായനിധി കൈമാറുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത പാറപ്രത്തെ മനുഷ്യന്റെ കൈകൊണ്ടു തന്നെ ഈ പ്രസ്ഥാനത്തിന്റെ ഉദകക്രിയയും നടക്കും.

സംസ്ഥാനത്ത് അക്രമരാഷ്ട്രീയത്തിന്റെ അടിവേരുകൾ പിഴുതെടുക്കുന്നതുവരെ കോൺഗ്രസിനും യുഡിഎഫിനും വിശ്രമമില്ല. വാളെടുക്കാൻ വേണ്ടി പ്രവർത്തകരെ ആഹ്വാനം ചെയ്ത മുഖ്യമന്ത്രി ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനരോക്ഷത്തിന്റെ അഗ്നിനാളങ്ങളേറ്റുവാങ്ങി. 36 മാസം കൊണ്ട് 31 രാഷ്ട്രീയകൊലപാതകങ്ങളും 18 കർഷക ആത്മഹത്യകളുമാണ് പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട്.

മുഖ്യമന്ത്രി ശൈലി മാറ്റാൻ തയാറായില്ലെങ്കിൽ ജനങ്ങൾ മാറ്റിക്കുമെന്നും ബംഗാളിലെയും ത്രിപുരയിലെയും അനുഭവം കേരളത്തിലും സിപിഎമ്മിനെ കാത്തിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകം ആഘോഷമാക്കിയ സിപിഎം അഭിമന്യുവിന്റെ കുടുംബത്തിനായി പിരിച്ച തുകയുടെ കണക്ക് ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും കൃപേഷിന്റെയും ശരത്‍ലാലിന്റെയും കുടുംബസഹായ ഫണ്ടിന്റെ കാര്യത്തിൽ യുഡിഎഫ് കാണിച്ച മാതൃക സിപിഎമ്മും പിന്തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൃപേഷിന്റെ അച്ഛൻ പി.കൃഷ്ണനു 32,07,095 രൂപയുടെ ചെക്കും ശരത്‍ലാലിന്റെ അച്ഛൻ പി.കെ.സത്യനാരായണനു 32,07,096 രൂപയുടെ ചെക്കും മുല്ലപ്പള്ളി കൈമാറി. ഇതുൾപ്പെടെ 80 ലക്ഷം രൂപ വിവിധ സംഘടനകളുടെ സഹായമായി ശരത്‍ലാലിന്റെ കുടുംബത്തിനും ഹൈബി ഈഡൻ തണൽ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചു നൽകിയ 20 ലക്ഷം രൂപയുടെ വീടുൾപ്പെടെ 1 കോടി രൂപയുടെ സഹായം കൃപേഷിന്റെ കുടുംബത്തിനും ലഭിച്ചതായി ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ പറഞ്ഞു.

യുഡിഎഫ് ജില്ലാ ചെയർമാൻ എം.സി.കമറുദീൻ അധ്യക്ഷത വഹിച്ചു. നിയുക്ത എംപി രാജ്മോഹൻ ഉണ്ണിത്താൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ, കെപിസിസി ജനറൽ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണൻ, സെക്രട്ടറി ജി.രതികുമാർ, മുസ്‍ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി, ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുൽ റഹ്മാൻ, യുഡിഎഫ് ജില്ലാ കൺവീനർ എ.ഗോവിന്ദൻ നായർ, കോൺഗ്രസ് നേതാക്കളായ സി.കെ.ശ്രീധരൻ, എം.സി.ജോസ്, കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ, ആർഎസ്പി ജില്ലാ സെക്രട്ടറി ഹരീഷ് ബി.നമ്പ്യാർ, കേരള കോൺഗ്രസ്(ജേക്കബ്) ജില്ലാ പ്രസിഡന്റ് ഏബ്രഹാം തോണക്കര എന്നിവർ പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.