Latest News

നിപാ വൈറസ‌് പ്രതിരോധത്തിന‌് കൂടുതല്‍ ഗവേഷണം നടത്തണം: മുഖ്യമന്ത്രി

കൊച്ചി: നിപാ വൈറസ‌് വ്യാപനത്തെ കുറിച്ച‌് കൂടുതൽ ഗവേഷണം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. തൃക്കാക്കരയിൽ ചേർന്ന നിപാ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com] 

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് പഴം തീനി വവ്വാലുകളും പന്നികളുമാണ് വാഹകർ. ഇത‌് ഏതു ഘട്ടത്തിലാണെന്ന‌് കണ്ടെത്തണം. ഒപ്പം വൈറസിന്റെ ആയുസിനെ കുറിച്ചും പഠിക്കണം. ഇതിനായി മൃഗ സംരക്ഷണ, വനം, കൃഷി വകുപ്പുകൾ സംയുക്ത ശ്രമം നടത്തണം. ആവശ്യമായ സഹായം കേന്ദ്രത്തോടും ആവശ്യപ്പെടും.

കഴിഞ്ഞ വർഷം കോഴിക്കോട‌് നിപാ ബാധിച്ചപ്പോൾ സ്വീകരിച്ച ജാഗ്രതയാണ് ഇവിടെ നിപാ നിയന്ത്രണത്തിന‌് സഹായിച്ചത‌്. ഈ കൂട്ടായ്മയും ജാഗ്രതയും തുടരണം. അനാവശ്യ ഭീതി പരത്തരുത്. ഭീതിപരത്തുന്നവരെ നിരുത്സാഹപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനമാണ് നിപാ നിയന്ത്രണത്തിന‌് സഹായിച്ചതെന്ന‌് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. വലിയ ആശങ്കയൊഴിഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും തുടരുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ അഡീഷണൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, ജില്ലാ കലക്ടർ കെ മുഹമ്മദ് വൈ സഫീറുള്ള എന്നിവർ സംസാരിച്ചു. തൃക്കാക്കര നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ മന്ത്രി സി രവീന്ദ്രനാഥ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ എസ്ശർമ്മ, എം സ്വരാജ്, പി ടി തോമസ്, കെ ജെ മാക്‌സി, വി കെ ഇബ്രാഹിം കുഞ്ഞ്, അൻവർ സാദത്ത്, റോജി എം ജോൺ, ആന്റണി ജോൺ, എൽദോ എബ്രഹാം, എൽദോസ് കുന്നപ്പിള്ളി, അനൂപ് ജേക്കബ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് എന്നിവരും വിവിധ വകുപ്പുദ്യോഗസ്ഥരും പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.