Latest News

എല്ലാ അലവന്‍സുകളും കാസര്‍കോട്ടെ വികസനത്തിന് വേണ്ടി വിനിയോഗിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: എംപിയായി തിരഞ്ഞെടുക്കപ്പെട്ട തനിക്ക് ശമ്പളവും എംപി പാസും മാത്രം മതിയെന്നും ബാക്കി എല്ലാ അലവന്‍സുകളും കാസര്‍കോട്ടെ വികസനത്തിന് വേണ്ടി വിനിയോഗിക്കു മെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.[www.malabarflash.com]

'ഇത്രയും കാലം താനും കുടുംബവും ജീവിച്ചത് ഭാര്യയുടെ ശമ്പളംകൊണ്ടായിരു ന്നു. കഴിഞ്ഞ ദിവസം ഭാര്യ റിട്ടയര്‍ ചെയ്തതോടെ ആ വരുമാനവും നിലച്ചു. ജീവിക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാല്‍ ശമ്പളം എടുക്കുന്നതെന്നും, സംസ്ഥാനത്ത് സഞ്ചരിക്കാനും ജനങ്ങളെ കാണാനും കയ്യില്‍ കാശില്ലാത്തതുകൊണ്ടാണ് റെയില്‍വേപാസ് ഉപയോഗിക്കുന്നതെന്നും അദേഹം പറഞ്ഞു. 

പാര്‍ലിമെന്റ് അംഗം എന്ന നിലയില്‍ ലഭിക്കുന്ന ഭീമമായ ആനുകൂല്യങ്ങള്‍ സിപിഎം അവരുടെ പാര്‍ട്ടി ലെവിയായി എഴുതി എടുക്കുകയാണ് പതിവെങ്കില്‍ സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപിമാര്‍ എല്ലാ ആനുകൂല്യങ്ങളും അവരെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കും.

കാസര്‍കോട് നിന്ന് മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതുമുതല്‍ കാസര്‍കോട് നിന്ന് കിട്ടിയ സ്‌നേഹവും പിന്തുണയും ഒരിക്കലും തനിക്ക് മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

35 വര്‍ഷത്തിനു ശേഷം കാസര്‍കോട് മണ്ഡലം തിരിച്ചുപിടിക്കാനായത് ജനങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടതുകൊണ്ടാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

തനിക്ക് ലഭിക്കുന്ന എംപി ഫണ്ട് യുഡിഎഫ് സമിതി പറയുന്ന രീതിയില്‍ ചിലവഴിക്കും. അഞ്ചു കോടി രൂപയാണ് ഒരു വര്‍ഷം എംപി ഫണ്ടായി ലഭിക്കുന്നത്.

ഇനി എന്റെ ജീവിതം മരണം വരെ കാസര്‍കോട്ടായിരിക്കും. കൊല്ലത്തു നിന്നും തന്റെ വോട്ട് കാസര്‍കോട്ടേക്ക് മാറ്റാനും ആലോചിക്കുന്നുണ്ട്. വികസന പ്രവര്‍ത്തനത്തില്‍ യാതൊരു രാഷ്ട്രീയ വിവേചനവും കാണിക്കില്ല. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ചവര്‍ക്കും വോട്ട് ചെയ്യാത്തവര്‍ക്കും വേണ്ടിയും താന്‍ പ്രവര്‍ത്തിക്കും. കാസര്‍കോടിന്റെ വികസനം മാത്രമായിരിക്കും ഇനി ലക്ഷ്യം.

നാടിന്റെ വികസനത്തെ മുരടിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എങ്കിലും സിപിഎമ്മിലെയും ബിജെപിയിലെയും പ്രവര്‍ത്തകര്‍ക്കും താന്‍ എംപിയാണ്. അതുകൊണ്ട് രാഷ്ട്രീയത്തിനതീതമായി എല്ലാവരുടെയും ക്ഷേമത്തിന് വേണ്ടിയും താന്‍ പ്രവര്‍ത്തിക്കുമെന്നും ഉണ്ണിത്താന്‍ തുടര്‍ന്നു പറഞ്ഞു.

കാസര്‍കോട് എംപിയാകുന്ന തനിക്ക് ഇടനിലക്കാരോ ദല്ലാളുമാരോ ഇല്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ജനങ്ങള്‍ക്ക് തന്നെ നേരിട്ട്‌വന്ന് കാണാവുന്നതും കാര്യങ്ങള്‍ വിളിച്ച് അറിയിക്കാവുന്നതുമാണ്. ആവശ്യങ്ങള്‍ ന്യായമാണെങ്കില്‍ രാഷ്ട്രീയത്തിനതീതമായി സഹായം ചെയ്തു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ തന്നെ കാണാനും കാര്യങ്ങള്‍ അറിയിക്കാനും ആരുടെയും ശുപാര്‍ശ തേടേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.