Latest News

വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവിച്ചു: അദ്ധ്യാപികയെ സ്‌കൂളിൽ നിന്ന് പുറത്താക്കി

കോട്ടയ്ക്കൽ: വിവാഹശേഷം നാലാം മാസത്തിൽ പ്രസവിച്ച അദ്ധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കി സ്‌കൂൾ. മലപ്പുറം കോട്ടയ്ക്കലിലുള്ള സർക്കാർ യു.പി സ്‌കൂളിലെ പ്രീ പ്രൈമറി അധ്യാപികയെയാണ് ജോലിയിൽ നിന്നും സ്‌കൂൾ അധികൃതരും അദ്ധ്യാപക-രക്ഷകർതൃ സമിതിയും ചേർന്ന് പുറത്താക്കിയത്.[www.malabarflash.com]
പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് തന്നെ പുറത്താക്കിയ വിവരം അദ്ധ്യാപിക അറിയുന്നത്. ഇതിനെ തുടർന്ന് അന്യായമായാണ് തന്നെ പുറത്താക്കിയതെന്ന് കാണിച്ച് അദ്ധ്യാപിക പോലീസിന് പരാതി നൽകിയിട്ടുണ്ട്.

സ്‌കൂളിലെ പി.ടി.എ മീറ്റിംഗിനിടയിൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും അധിക്ഷേപിച്ചതായും അദ്ധ്യാപിക തന്റെ പരാതിയിൽ പറയുന്നു. ഈ കാര്യത്തിൽ ഡി.ഡി.ഇയുടെ അഭിപ്രായം തനിക്ക് അറിയണം എന്ന് പറഞ്ഞപ്പോഴായിരുന്നു ഇവർക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്.


തന്റെ വ്യക്തിപരമായ കാര്യങ്ങളിൽ സ്‌കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും ഇടപെടാൻ യാതൊരു അവകാശവുമില്ലെന്നും 33 വയസുകാരിയായ അദ്ധ്യാപിക തന്റെ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. പ്രസവകാര്യം പറഞ്ഞ് എന്തിനിങ്ങനെ ബുദ്ധിമുട്ടിക്കുന്നു എന്നും അവർ ചോദിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷമായി ഇവർ അദ്ധ്യാപികയായി ഇവിടെ സേവനം അനുഷ്ഠിക്കുകയായിരുന്നു.

തന്റെ മുൻ ഭർത്താവുമായി ബന്ധം വേർപെടുത്താൻ ഇരിക്കുകയായിരുന്ന അദ്ധ്യാപിക മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇവർ തമ്മിൽ വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ മുൻഭർത്താവുമായുള്ള വിവാഹബന്ധം വേർപെടുത്താനുള്ള സാങ്കേതിക തടസം കാരണം, കാമുകനുമായുള്ള വിവാഹം വൈകുകയായിരുന്നു. ഇവർ കാമുകനോടൊപ്പമാണ് താമസിച്ചിരുന്നത്. പ്രസവാവധിയ്ക്ക് അപേക്ഷിച്ച അദ്ധ്യാപിക അവധിയുടെ രണ്ടാം ദിവസമാണ് പ്രസവിച്ചത്.

വിഷയത്തിൽ അദ്ധ്യാപിക ബാലാവകാശ കമ്മീഷനെയും സമീപിക്കുകയും കമ്മീഷൻ ഡി.ഡി.ഇയോട് വിഷയത്തിൽ റിപ്പോർട്ട് തേടുകയും ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ഒഫ് എഡ്യുക്കേഷൻ നൽകിയ റിപ്പോർട്ട് അനുസരിച്ച് അദ്ധ്യാപികയെ തിരികെ സ്‌കൂളിൽ പ്രവേശിപ്പിക്കാനും കമ്മീഷൻ ഉത്തരവിട്ടു.


എന്നാൽ അദ്ധ്യാപികയെ തിരികെ പ്രവേശിപ്പിക്കാനുള്ള ഡി.ഡി.ഇയുടെ നിർദ്ദേശം സ്‌കൂൾ അധികൃതരും രക്ഷിതാക്കളും ഇനിയും ചെവികൊണ്ടിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.