Latest News

മലബാറിനോടുള്ള വിദ്യാഭ്യാസ അവഗണന: എസ് എസ് എഫ് കലക്ട്രേറ്റ് മാര്‍ച്ച് ശനിയാഴ്ച

കോഴിക്കോട്: നാല്‍പ്പത്തിരണ്ട് ശതമാനം ജനങ്ങള്‍ ജീവിക്കുന്ന മലബാറിലെ ആറ് ജില്ലകളോട് കാലങ്ങളായി ഭരണകൂട പങ്കാളിത്തത്തോടെ തുടരുന്ന വിദ്യാഭ്യാസ അവഗണനയ്ക്കെതിരെ എസ് എസ് എഫ് പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്.[www.malabarflash.com] 

കാസര്‍കോട്‌, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് തുടങ്ങിയ മലബാര്‍ ജില്ലകളില്‍ ശനിയാഴ്ച നടക്കുന്ന കലക്ട്രേറ്റ് മാര്‍ച്ചോടെയാണ് മൂന്നാം ഘട്ട സമരത്തിന് തുടക്കം കുറിക്കുന്നത്.

പ്ലസ് വണ്‍ സീറ്റില്‍ മലബാര്‍ ജില്ലയോട് കാണിച്ച വിവേചത്തിനെതിരെ വിദ്യാര്‍ഥികളുടെ ഒപ്പുശേഖരണവും കലക്ടര്‍ക്കുള്ള നിവേദ സമര്‍പ്പണവും വിദ്യാഭ്യാസ മന്ത്രിയടക്കമുള്ള അധികാരികളെ നേരിട്ട് സമീപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇരുപത് ശതമാനം സീറ്റ് വര്‍ധിപ്പിച്ചിരുന്നെങ്കിലും വിജയിച്ച വിദ്യാര്‍ഥികളുടെ ആനുപാതികമായുള്ള നീതിപൂര്‍വമായ വര്‍ധനവായി ഇതിനെ കണക്കാക്കാനാവില്ല. 

സ്വയം റദ്ദാകുന്ന താല്‍കാലിക സീറ്റ് വര്‍ധനവ് ഒരു ഇടപെടലായി പോലും കാണാനാവില്ല. അറുപത് വിദ്യാര്‍ഥികള്‍ തിങ്ങിയിരുന്ന് പഠിക്കുന്നതിലെ അക്കാദമിക് പ്രശ്നങ്ങളും അനവധിയാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്തും മലബാറിലെ സ്ഥിതി മറ്റൊന്നല്ല. പ്ലസ്ടു ജയിച്ച 47664 വിദ്യാര്‍ത്ഥികള്‍ മലപ്പുറം ജില്ലയില്‍ മാത്രമുള്ളപ്പോള്‍ മലബാറിലെ ആകെ ഡിഗ്രി സീറ്റുകള്‍ 20224 മാത്രമാണ്. 

217 സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ ആകെ 79 എണ്ണം മാത്രമാണ് മലബാറിലുള്ളത്. ഇഫ്ളു ക്യാമ്പസ് എടുത്തൊഴിവാക്കപ്പെട്ടതും അലിഗഡ് ഓഫ് ക്യാമ്പസ് പരിതാപകരമായ അവസ്ഥയില്‍ തുടരുന്നതും അവഗണനയല്ലാതെ മറ്റൊന്നുമല്ല. 

ആകെ 17 യൂണിവേഴ്സിറ്റികളില്‍ 5, 185 എഞ്ചിനിയറിംഗ് കോളേജില്‍ 45, 32 മെഡിക്കല്‍ കോളേജില്‍ 11, 5 ഹോമിയോ കോളേജില്‍ 1, 32 ലോകോളേജില്‍ 11 എന്നിങ്ങനെയാണ് മലബാറിന്റെ ഉന്നത വിദ്യാഭ്യാസ രംഗം. തിരുകൊച്ചിയില്‍ നിന്നും എടുക്കുന്ന തീരുമാനങ്ങളായി സര്‍ക്കാര്‍ നയങ്ങള്‍ മാറാന്‍ ഇനിയും അനുവദിച്ചൂക്കൂട.

സാക്ഷരതയിലും പൊതുവിദ്യാഭ്യാസ മുന്നേറ്റത്തിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി നിലകൊള്ളുന്ന പ്രദേശമാണ് കേരളം. വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും സംസ്ഥാനത്ത് തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോഴും ഒരു പ്രത്യേക പ്രദേശത്തു മാത്രം ഉന്നത പഠനത്തിനായുള്ള അവസരങ്ങള്‍ നിഷേധിക്കുന്നതിന്റെ കാരണങ്ങളും എളുപ്പം കണ്ടെത്തേണ്ട പരിഹാരങ്ങളും ഗൗരവമായി വിലയിരുത്തപ്പെടേണ്ടതുണ്ട്. 

പ്ലസ് വണ്‍ സീറ്റുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കാലങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നതും അധികാരികള്‍ക്ക് കൃത്യമായി കണക്ക് നിരത്തി കഴിഞ്ഞ 15 വര്‍ഷമായി ബോധ്യപ്പെടുത്തിക്കൊടുത്തതുമാണ് എന്നിരിക്കെ എന്തുകൊണ്ടാണ് ശാശ്വതമായ ഒരു പരിഹാരത്തിലേക്ക് നീങ്ങാതിരിക്കുന്നത് എന്ന അന്വേഷണം തന്നെയാണ് പ്രസക്തമാകുന്നത്.
പത്ത് പ്ലസ് വണ്‍ വിജയികളുടെയും എപ്ലസുക്കാരുടേയും എണ്ണത്തിലും മെഡിക്കല്‍ എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷകളിലും സിവില്‍ സര്‍വീസ് പോലുള്ള ഉന്നത സര്‍ക്കാര്‍ ജോലികളിലേക്കുള്ള പരീക്ഷകളിലും തങ്ങളുടേതായ ഇടം അടയാളപ്പെടുത്താന്‍ മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. 

എസ് എസ് എല്‍സി, പ്ലസ് ടു റിസള്‍ട്ടുകളും എപ്ലസ് എണ്ണവും പരിശോധിക്കുമ്പോള്‍ ആര്‍ക്കും ഇതുബോധ്യപ്പെടും. ഹയര്‍ സെക്കണ്ടറി പഠനം ഏറ്റവും അടിസ്ഥാനപരമായ യോഗ്യതയായി പരിഗണിക്കുന്ന പുതിയകാലത്ത് പത്താം ക്ലാസ് വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ക്കാവശ്യമുള്ള കോഴ്‌സുകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കാനുള്ള അവസരങ്ങള്‍ അതത് ജില്ലകളില്‍ ഒരുക്കിയേ മതിയാകൂ. കാല്‍ ലക്ഷം വിദ്യാര്‍ത്ഥികള്‍ മലപ്പുറത്ത് മാത്രം പഠിക്കാന്‍ അവസരമില്ലാതെ പെരുവഴിയിലാണ്.


ഇന്നേ വരേയുള്ള സംസ്ഥാനത്തിന്റെ ഭരണത്തില്‍ മലപ്പുറത്തിനകത്തുനിന്നുള്ള പാര്‍ട്ടികളോ ഭരണത്തില്‍ പങ്കാളിത്തമുള്ള മന്ത്രിമാരൊ ഇല്ലാത്ത ഒരു മന്ത്രിസഭയും കേരളത്തില്‍ കഴിഞ്ഞുപോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ മന്ത്രിമാരും എം എല്‍ എ മാരും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും എല്ലാം ശക്തമായിട്ടും എന്തുകൊണ്ടാണ് മലബാറിനോടുള്ള വിവേചനം പരിഹരിക്കപ്പെടാതെ പോകുന്നത്. ആരുടെ അജണ്ടയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണ വിധേയമാക്കണം. 

ഇതെ സമയം തെക്കന്‍ കേരളത്തിലെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളെകുറിച്ച് ഓരോ വര്‍ഷവും പതിവ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അത്തരം ജില്ലകളില്‍ അധികം വരുന്ന സീറ്റുകളെ മലബാര്‍ ജില്ലകളിലേക്ക് കൊണ്ടുവന്ന് സീറ്റ് പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ട്.

സ്‌കൂളുകളുടെ എണ്ണത്തിലും ബാച്ചുകളുടെ എണ്ണത്തിലും അടിസ്ഥാന സൗകര്യങ്ങളിലും മലബാറിലെ വിദ്യാഭ്യാസ രംഗം ഏറെ പരിമിതികള്‍ക്ക് നടുവിലാണ്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള കൂടുതല്‍ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്തും മലബാറിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി പ്രത്യേക പാക്കേജുകള്‍ അനുവദിച്ചും ശാസ്ത്രീയമായി പഠിച്ച് ഈ അസന്തുലിതാവസ്ഥയെ മറികടക്കാന്‍ ഭരണകൂടത്തിന് കഴിയേണ്ടതുണ്ട്. 

തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ മലബാറിലേക്ക് സ്ഥിരമായി മാറ്റണം. മലബാറിലെ ഗവണ്‍മെന്റ് ഹൈസ്‌കൂളുകളില്‍ ഇനിയും പ്ലസ്ടു അനുവദിച്ചിട്ടില്ലാത്തിടത്ത് ഉടന്‍ ഹയര്‍സകണ്ടറി അനുവദിക്കണം.

ബ്രിട്ടീഷ് ഭരണവും അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള ദീര്‍ഘ പോരാട്ടങ്ങളുമാണ് മലബാറിനെ വിദ്യാഭ്യാസ രംഗത്ത് ഒരു കാലത്ത് പിന്നോട്ട് നിര്‍ത്തിയിരുന്നതെങ്കില്‍ കരുതിക്കൂട്ടിയുള്ള മുന്നേറ്റത്തിലൂടെ ആ പിന്നോക്കാവസ്ഥയെ മലബാറിലെ വിദ്യാര്‍ത്ഥികള്‍ മറികടന്നിട്ടുണ്ട്. 

പഠിക്കാന്‍ അവസരമില്ലാത്തവര്‍ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ പുറമ്പോക്കില്‍ സ്വന്തം പണം ചിലവാക്കി പഠിക്കട്ടെ എന്ന നയം ഇനിയും തുടര്‍ന്നുപോകാന്‍ അനുവദിക്കില്ല. സംസ്ഥാനം അതിനകത്തുള്ള ഒരു പ്രദേശത്തെ ജനതയോട്് വിഭവ വിതരണത്തില്‍ കാണിച്ചുകൊണ്ടിരിക്കുന്ന ബോധപൂര്‍വമായി നീതികേടിനെ തിരിച്ചറിഞ്ഞ് നീതിപൂര്‍വമായ അവകാശങ്ങള്‍ക്കാ യി ശക്തമായ പ്രക്ഷോഭ പരിപാടികളുമായി എസ് എസ് എഫ് മുന്നോട്ട് പോകും.

ഇതു സംബന്ധിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ സി കെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. എപി മുഹമ്മദ് അശ്ഹര്‍, സി പി ഉബൈദുല്ല സഖാഫി, സി എന്‍ ജാഫര്‍ സാദിഖ് നിസാമുദ്ദീന്‍ ഫാളിലി കൊല്ലം, എം അബ്ദുറഹിമാന്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്യം നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.