Latest News

അബ്ദുള്ളക്കുട്ടിയുടെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിന് എതിർപ്പ് അറിയിച്ച് പാർട്ടി പ്രാദേശിക ഘടകം

കാസർകോട്: അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന മുൻ എം.പി എ.പി അബ്ദുള്ളക്കുട്ടിയുടെ മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിന് എതിർപ്പ് അറിയിച്ച് പാർട്ടി പ്രാദേശിക ഘടകം രംഗത്തുവന്നു.[www.malabarflash.com]

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർത്ഥി ആരാകണമെന്നത് സംബന്ധിച്ച് തീരുമാനം ഒന്നും ആയില്ലെങ്കിലും തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ബി.ജെ.പി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് സതീഷ് ചന്ദ്ര ഭണ്ഡാരി പറഞ്ഞു.

'മഞ്ചേശ്വരം കന്നഡിഗരുടെ നാട്, കന്നട നാട്ടിൽ ഇവിടത്തുകാർ തന്നെ മത്സരിക്കും, ഇനി പുറത്തുനിന്ന് ആരെങ്കിലും വരുന്നെങ്കിൽ അത് കെ. സുരേന്ദ്രൻ തന്നെയായിരിക്കും.' ബി.ജെ.പിയിൽ ചേർന്ന അബ്ദുള്ളക്കുട്ടി മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകും എന്ന പ്രചാരണം അദ്ദേഹം തള്ളി.

 'അബ്ദുള്ളക്കുട്ടി കണ്ണൂരിൽ പോയി മത്സരിക്കട്ടെ, അദ്ദേഹത്തിന്റെ നാട് അതല്ലേ. മഞ്ചേശ്വരത്ത് വന്ന് സ്ഥാനാർത്ഥിയായതുകൊണ്ട് പാർട്ടിക്ക് എന്തെങ്കിലും കൂടുതൽ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷ ഞങ്ങൾക്കില്ല. അബ്ദുള്ളക്കുട്ടി മത്സരിച്ചതുകൊണ്ട് മുസ്‌ലിം വിഭാഗത്തിന്റെ നൂറുവോട്ട് അധികം ബി.ജെ.പിക്ക് കിട്ടാൻ പോകുന്നില്ല'.

അതേസമയം മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്‌ലിം വിഭാഗത്തിലെ നേതാവാണ് മത്സരിക്കുന്നതെങ്കിൽ പാർട്ടിക്ക് അത് ഗുണം ചെയ്‌തേനെയെന്നും അദ്ദേഹം പറഞ്ഞു. അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയാകും എന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല. അതെല്ലാം മാദ്ധ്യമങ്ങളുടെ സൃഷ്ടിയല്ലേ. മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി ബി.ജെ.പിക്കുവേണ്ടി പ്രചാരണം നടത്താനുണ്ടാകുമെന്നും സതീഷ്ചന്ദ്ര ഭണ്ഡാരി പറഞ്ഞു.

മഞ്ചേശ്വരത്ത് ഇനി മത്സരിക്കാൻ ഇല്ലെന്ന് സുരേന്ദ്രൻ തന്നെ നേരത്തെ വ്യക്തമാക്കിയതല്ലേ. ഇപ്പോൾ അതൊന്നും പറയാറായിട്ടില്ല. സ്ഥാനാർത്ഥി ആരാണെന്ന് തീരുമാനിക്കുന്നത് പാർട്ടിയുടെ കേന്ദ്ര നേതൃത്വമാണെന്നും സതീഷ്ചന്ദ്ര ഭണ്ഡാരി പറഞ്ഞു. 

ബി.ജെ.പി നേതൃത്വം മണ്ഡലത്തിന് പുറത്തുനിന്ന് ഒരാളെ മത്സരിപ്പിക്കണമെന്ന് തീരുമാനിച്ചാൽ അത് കെ. സുരേന്ദ്രൻ തന്നെയായിരിക്കും. ഇന്നത്തെ സാഹചര്യത്തിൽ മറ്റൊരാളെ പാർട്ടി പരിഗണിക്കാനിടയില്ല. 

രവീശ തന്ത്രിക്ക് ഒരവസരം കൂടി നൽകുമോയെന്നും പറയാനാവില്ല. അദ്ദേഹം ഭാഷാ ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണ്. മഞ്ചേശ്വരം മണ്ഡലത്തിൽ മത്സരിച്ചാൽ ജയിക്കാനുള്ള എല്ലാ പിന്തുണയും ജനങ്ങൾ നൽകുകയും ചെയ്യും. രവീശ തന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് പാർട്ടിയുടെ പ്രവർത്തനത്തിന്റെ ചുക്കാൻ പിടിക്കുകയാണ്. മഞ്ചേശ്വരം മണ്ഡലം പ്രഭാരിയായി അദ്ദേഹത്തെ പാർട്ടി നിയോഗിച്ചതാണ്. സംസ്ഥാന കമ്മിറ്റി അംഗമാണ് തന്ത്രി.

ബൂത്തുകമ്മിറ്റികൾ ഒരുക്കി മണ്ഡലം പിടിക്കാനുള്ള പ്രവർത്തനമാണ് ഇപ്പോൾ പാർട്ടി നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടമുണ്ടാക്കാനായെങ്കിലും മണ്ഡലം ബി.ജെ.പിയെ കൈവിട്ടുവെന്ന് അർത്ഥമില്ല. നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ അതെല്ലാം മാറിമറിയും. 

യു.ഡി.എഫിന് ലഭിച്ച 5000 ത്തോളം വോട്ടുകൾ എൻ.ഡി.എയ്ക്ക് ലഭിക്കും. സി.പി.എം തോൽക്കണം എന്നുകരുതി രാജ്മോഹൻ ഉണ്ണിത്താന് വോട്ട് ചെയ്തവരും കേന്ദ്രത്തിൽ രാഹുൽ വരുമെന്ന് കരുതി വോട്ട് നൽകിയവരും ഉപതിരഞ്ഞെടുപ്പിൽ മറിച്ചുകുത്തും. യു.ഡി.എഫിന്റെ 11,000 വോട്ട് ഭൂരിപക്ഷം ബി.ജെ.പി അട്ടിമറിക്കുമെന്നും സതീഷ് ചന്ദ്ര ഭണ്ഡാരി പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.