Latest News

കോട്ടിക്കുളം മേൽപ്പാലത്തിന്റെ കുരുക്കഴിഞ്ഞു; സ്ഥലം ഏറ്റെടുത്തതിന് പണംനൽകാമെന്ന് കിഫ്ബി

ഉദുമ: സംസ്ഥാന സർക്കാരും റെയിൽവേയും തുല്യപങ്കാളിത്തതോടെ കോട്ടിക്കുളം മേൽപ്പാല നിർമാണച്ചെലവ് വഹിക്കാനുള്ള കരാർവ്യവസ്ഥയിൽ സ്ഥലം ഏറ്റെടുത്തതിന്റെ വിഹിതംകൂടി ഉൾപ്പെടുത്തും. റെയിൽവേയുടെ ഈ ആവശ്യം കിഫ്ബി അംഗീകരിച്ചു.[www.malabarflash.com]
ഇതോടെ പ്ലാറ്റ്ഫോം നെടുകെ മുറിച്ചുകടക്കേണ്ട റെയിൽവേ ക്രോസുള്ള സംസ്ഥാനത്തെ ഏക റെയിൽവേ സ്റ്റേഷനായ കോട്ടിക്കുളത്ത് മേൽപാല നിർമാണത്തിനുള്ള കുരുക്കഴിഞ്ഞു.

മേൽപ്പാലത്തിന്റെ നോഡൽ ഏജൻസിയായ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ് (ആർ.ബി.ഡി.സി.കെ.) മാനേജിങ് ഡയറക്ടറെ കിഫ്ബി ജനറൽ മാനേജർ പി.എ.ശൈല സ്ഥലം ഏറ്റെടുത്തതിനുള്ള വിഹിതമായ 2.47 കോടിയിലേറെ രൂപ നൽകാമെന്ന് അറിയിച്ചു. ആർ.ബി.ഡി.സി.കെ.യാണ് റെയിൽവേയുമായുള്ള നടപടികൾ ഇനി പൂർത്തിയാക്കേണ്ടത്.

മേൽപ്പാലത്തിന് ഏറ്റെടുത്ത ഭൂമിയുടെ അവകാശം സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമാക്കണമെന്നും നിർമാണത്തിന് അനുമതിപത്രം നൽകണമെന്നുമുള്ള രണ്ട് ആവശ്യങ്ങൾ ആർ.ബി.ഡി.സി.കെ. റെയിൽവേ അധികൃതരെ ഉടൻ അറിയിക്കും.

റെയിൽവേയുടെ ഉടമസ്ഥാവകാശം മാറ്റിക്കിട്ടാൻ കടമ്പകളുണ്ട്. കേന്ദ്ര റെയിവേ ബോർഡാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കേണ്ടത്. എന്നാൽ, ഏറ്റെടുത്ത ഭൂമിയുടെ വില കിഫ്‌ബി കൈമാറിയാൽ റെയിൽവേക്ക് നിർമാണത്തിനുള്ള സമ്മതപത്രം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ.

സമ്മതപത്രം കിട്ടിയാൽ മേൽപ്പാലത്തിന് ടെൻഡർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് ആർ.ബി.ഡി.സി.കെ.യ്ക്ക് കഴിയും. 19.6 കോടി രൂപ സംസ്ഥാന സർക്കാർ കിഫ്ബിയിൽ അനുവദിച്ചിട്ടും രണ്ടുവർഷമായി മുടങ്ങിക്കിടക്കുന്നതാണ് കോട്ടിക്കുളം മേൽപ്പാലം നിർമാണം. റെയിൽവേ നേരത്തെ ഇവിടെ ഏറ്റെടുത്തിരുന്ന 0.4739 ഹെക്ടർ ഭൂമിയിൽ നിർമാണംനടത്താൻ സമ്മതപത്രം നൽകാത്തതായിരുന്നു കാരണം. ഇതിനായിനടന്ന നിരന്തര ശ്രമങ്ങൾക്കൊടുവിൽ ഏറ്റെടുത്ത ഭൂമിയുടെ വിലയായ 2,47,56,554 രൂപ തിരികെനൽകണമെന്ന നിർദേശം റെയിൽവേ മുന്നോട്ടുവെക്കുകയായിരുന്നു.

ഇക്കാര്യത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.കുഞ്ഞിരാമൻ എം.എൽ.എ. മുഖ്യമന്ത്രി, ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി, കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.എ.എബ്രാഹാം എന്നിവരെ കണ്ടിരുന്നു. സംസ്ഥാനത്ത് റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരനും പ്രശ്നത്തിൽ ഇടപെട്ടു. പദ്ധതിയിൽ 5.05 കോടി രൂപ നേരത്തെ സ്ഥലമേറ്റെടുക്കലിന് വകയിരുത്തിയിരുന്നു. ഇതിൽനിന്നാണ് റെയിൽവേയുടെ വിഹിതം വകയിരുത്തുക.

ബാക്കിത്തുകയിൽ മേൽപ്പാലത്തിന്റെ കിഴക്ക് ആറാട്ടുകടവ് ഭാഗത്തേക്കുള്ള റോഡിൽ ഏഴര സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനുകൂടി ഉപയോഗിക്കും. ഇതിന് 29.4 ലക്ഷം രൂപയാണ് കണക്കാക്കിയത്.

265 മീറ്റർ നീളത്തിലും ഏഴര മീറ്റർ വീതിയിലും രണ്ടുവരിപ്പാതയായാണ് മേൽപ്പാലം ഉയരുക. 11.5 മീറ്റർ നീളത്തിൽ നടപ്പാതയും നിർമിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.