Latest News

20 യുവതികളെ കൊന്ന സയനൈഡ് മോഹന് ഒരു ജീവപര്യന്തം കൂടി

മംഗളൂരു: കാസര്‍കോട് പൈവളിഗെയിലെ യുവതിയെ കര്‍ണാടകയിലെ മടിക്കേരിയിലെത്തിച്ച് സ്വര്‍ണാഭരണം കവര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ ബണ്ട്വാള്‍ കന്യാനയിലെ മോഹന്‍കുമാറിനെ(സയനൈഡ് മോഹന്‍- 56) മംഗളൂരു കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു.[www.malabarflash.com] 

26-കാരിയെ മടിക്കേരിയില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തിയശേഷം ആഭരണങ്ങള്‍ കവര്‍ന്ന് സയനൈഡ് നല്‍കി കൊന്നുവെന്നാണ് കേസ്.
യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കു കോടതി നിര്‍ദേശം നല്‍കി.

ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരനായ സുധാകര്‍ എന്നാണ് മോഹന്‍കുമാര്‍ യുവതിയെ പരിചയപ്പെടുത്തിയത്. ദരിദ്രകുടുംബാംഗമായ യുവതിയെ വിവാഹവാഗ്ദാനം ചെയ്ത് വലയിലാക്കി. മടിക്കേരിയില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് 2006 മാര്‍ച്ച് 20-ന് യുവതിയെ മംഗളൂരുവിലേക്കു വിളിച്ചുവരുത്തി.

യുവതിക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനെ തിരിച്ചയച്ചശേഷം യുവതിയെയും കൂട്ടി മടിക്കേരിയിലെത്തി. രാത്രി ലോഡ്ജില്‍ തങ്ങി യുവതിയുമായി ശാരീരികബന്ധത്തിലേര്‍പ്പെട്ടു. പിറ്റേന്നു രാവിലെ ആഭരണങ്ങള്‍ മുറിയില്‍ അഴിച്ചുവെപ്പിച്ചശേഷം ക്ഷേത്രദര്‍ശനത്തിനെന്നു പറഞ്ഞ് യുവതിയെയും കൂട്ടി പുറത്തിറങ്ങി.

മടിക്കേരി കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലെത്തിയപ്പോള്‍ ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞ് സയനൈഡ് ഗുളിക നല്‍കുകയായിരുന്നു. ആളുകള്‍ കാണാതിരിക്കാന്‍ ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തില്‍ ചെന്നു കഴിക്കാനും നിര്‍ദേശിച്ചു. യുവതി തത്ക്ഷണം ശൗചാലയത്തില്‍ കുഴഞ്ഞുവീണു മരിച്ചു.

മോഹന്‍കുമാര്‍ തിരികെ ലോഡ്ജിലെത്തി ആഭരണങ്ങളുമെടുത്ത് നാട്ടിലേക്കു മടങ്ങി. യുവതിയുടെ മൃതദേഹം തിരിച്ചറിയാത്തതിനെത്തുടര്‍ന്ന് ആത്മഹത്യയെന്ന് രേഖപ്പെടുത്തി പോലീസ് സംസ്‌കരിക്കുകയും ചെയ്തു.

മറ്റൊരു യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 2009 ഓഗസ്റ്റ് 21-ന് മോഹന്‍കുമാര്‍ പിടിയിലായതോടെയാണ് പൈവളിഗെ സ്വദേശിനിയടക്കം 20 യുവതികളെ ഇയാള്‍ മാനഭംഗപ്പെടുത്തിയശേഷം സയനൈഡ് ഗുളിക നല്‍കി കൊന്നതായി പുറത്തുവരുന്നത്.

ഇതുവരെ 17 യുവതികളെ കൊലപ്പെടുത്തിയ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷവിധിച്ചിട്ടുണ്ട്. ഇതില്‍ വധശിക്ഷയടക്കമുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.