Latest News

ഇത് പാസ്സായാല്‍ വിയോജിക്കുന്നവരെ തുറുങ്കിലടയ്ക്കല്‍ എളുപ്പമാവും; യു.എ.പി.എ ബില്ലിനോട് വിയോജിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗം

ന്യൂഡല്‍ഹി: യു.എ.പി.എ ഭേദഗതി നിയമ ബില്‍ പിന്‍വലിക്കണമെന്നും ഇതു സംബന്ധിച്ച ആക്ട് തന്നെ ദുര്‍ബലപ്പെടുത്തണമെന്നും മുസ്‌ലിംലീഗിലെ ഇ.ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു. ലോക്‌സഭയില്‍ ഇതു സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com] 

യാതൊരു തത്വദീക്ഷയും കൂടാതെ ദുരൂപയോഗപ്പെടുത്തിയ നിയമമാണ് യു.എ.പി.എ. ടാട, പോട്ട, ആപ്ഫ്‌സ, എന്നീ നിയമങ്ങളേക്കാളും ആപല്‍കരമാണ് ഇത്. ഈ ഭേദഗതി ബില്‍ പാസായാല്‍ സര്‍ക്കാറിന് ഫാസിസ്റ്റ്, ഏകാധിപത്യ, ഏകപക്ഷീയ, പ്രാകൃത, അധികാരങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ കരുത്ത് ലഭിക്കും. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇപ്പോള്‍ ഒരു സംഘടനയെ ഭീകര സംഘടന എന്നു പ്രഖ്യാപിക്കുവാനുള്ള അധികാരം ഗവണ്‍മെന്റിന് ഉണ്ട്.

അതിന്റെ കൂടെ ഏതൊരു വ്യക്തിയേയും തീവ്രവാദി എന്ന് മുദ്രകുത്താനുള്ള അധികാരം കൂടി ഈ ഭേദഗതി മുഖേന ഗവണ്‍മന്റ്ിന് കരഗതമാകുകയാണ്. എന്‍ ഐ എ ഉദ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നതെങ്കില്‍ കറ്റാരോപിതരുടെ സ്വത്ത് കണ്ടുകെട്ടാന്‍ എന്‍ ഐ എ ഡയറക്ടറുടെ അനുമതി ഉണ്ടായാല്‍ മാത്രം മതി. നേരത്തെ അത് അതത് സംസ്ഥാനത്തെ ഡി.ജി.പി യുടെ മുന്‍കൂട്ടിയുള്ള അനുവാദം വേണമായിരുന്നു. അതതു സംസ്ഥാനത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്‍ ഐ എ ക്ക് ഇഷ്ടം പോലെ ഏതു സംസ്ഥാനത്തും കടന്നുകയറാന്‍ അധികരാം നല്‍കുകയാണ് പുതിയ നിയമം. ഇത് ഫെഡറലിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ ലംഘനം കൂടിയാണ്. 

ഭീകര സംഘടനകളുടെ പട്ടികയില്‍ സംഘടനകളെയും വ്യക്തികളെയും ചേര്‍ക്കാനും വെട്ടാനും സര്‍ക്കാറിന് അധികാരം വരികയാണ്. ഇങ്ങനെ നിയമം വരുമ്പോള്‍ നീതിന്യായ ലംഘനവും ഭരണഘനാ വിരുദ്ധ നീക്കങ്ങളും നടത്താന്‍ ഗവണ്‍മെന്റിനും അന്വേഷണ ഏജന്‍സികള്‍ക്കും സാധ്യമാകും. ഒളിഞ്ഞു കിടക്കുന്ന ഒട്ടനവധി അപകടങ്ങള്‍ യു. എ. പി. എ യില്‍ ഉണ്ട്.

തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഏതൊരു സംഘടനയേയും അത് യാതൊരു വിധ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തീട്ടില്ലെങ്കില്‍ കൂടി നിരോധിക്കാന്‍ അത് വഴിയൊരുക്കും. പ്രത്യേയ ശാസ്ത്ര പരമായ എതിര്‍പ്പുകൊണ്ട് ഒരു സംഘടനയേയൊ വ്യക്തിയേയൊ വേണമെങ്കില്‍ ഉപദ്രവിക്കാനും ഈ നിയമം നിമിത്തമായിത്തീരും. ഗവണ്‍മെന്റിന് ഇഷ്ടമില്ലാത്ത ഒരു സാഹിത്യമോ ലഖുലേഖയോ കണ്ടെത്തിയാലും അവരെ ഭീകര പ്രവര്‍ത്തനത്തിന്‍ പ്രേരണ നല്‍കിയവരായി മുദ്രകുത്തി തുറങ്കിലടയ്ക്കുന്നതും ഗവണ്‍മെന്റിനും അന്വേഷ ഏജന്‍സികള്‍ക്കും എളുപ്പമായിത്തീരും. 

മതേതര ജനാധിപത്യ സംവിധാനത്തില്‍ വിയോജിക്കുവാനും എതിര്‍ക്കുവാനും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുവാനും ഉള്ള സ്വാതന്ത്ര്യത്തേയും പത്രസ്വാതന്ത്ര്യത്തെ തന്നെയും ഹനിക്കുവാനും ഇത് ഇടയാക്കും. അന്തിമമായി ഇത് നിയമമില്ലാത്ത നിയമമായി മാറും. ഈ നിയമത്തെ ശക്തിയുക്തം ഞങ്ങള്‍ എതിര്‍ക്കുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പാര്‍ലമെന്റില്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.