Latest News

കര്‍ണാടകയിൽ 14 എംഎല്‍എമാരെ കൂടി സ്പീക്കര്‍ അയോഗ്യരാക്കി

ബെംഗളൂരു: കര്‍ണാടകത്തിലെ 14 കോണ്‍ഗ്രസ്-ജെ.ഡി.എസ്. വിമത എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കി പ്രഖ്യാപിച്ചു. നേരത്തെ മൂന്ന് വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതിന് പിന്നാലെയാണ് ബാക്കിയുള്ള എം.എല്‍.എമാര്‍ക്കെതിരെയും നടപടി സ്വീകരിച്ചത്.[www.malabarflash.com]

ഇതോടെ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യസര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച മുഴുവന്‍ വിമത എം.എല്‍.എമാരും അയോഗ്യരായി.

കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ തിങ്കളാഴ്ച വിശ്വാസവോട്ട് തേടാനിരിക്കെയാണ് മുഴുവന്‍ വിമത എം.എല്‍.എമാരെയും സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. റോഷന്‍ ബെയ്ഗ്, ആനന്ദ് സിങ്, എച്ച്. വിശ്വനാഥ്, ശ്രീമന്ത് പാട്ടീല്‍, തുടങ്ങിയവര്‍ അയോഗ്യരായ എം.എല്‍.എമാരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

അയോഗ്യരാക്കിയ എം.എല്‍.എമാര്‍ക്ക് തിങ്കളാഴ്ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാനാകില്ല. ഇവര്‍ക്ക് 15-ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് വരെ തിരഞ്ഞെടുപ്പുകളിലും മത്സരിക്കാനാകില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായ പരാതിയെ തുടര്‍ന്നും ചട്ടപ്രകാരമല്ലാതെ രാജി സമര്‍പ്പിച്ചതിനാലുമാണ് എം.എല്‍.എമാരെ അയോഗ്യരാക്കിയതെന്ന് സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അറിയിച്ചു.

മുഴുവന്‍ വിമത എം.എല്‍.എമാരും അയോഗ്യരായതോടെ കര്‍ണാടക നിയമസഭയിലെ അംഗസംഖ്യ 207 ആയി ചുരുങ്ങി. ഇതോടെ ഒരു സ്വതന്ത്രനടക്കം 106 എം.എല്‍.എമാരുടെ പിന്തുണയുള്ള ബി.ജെ.പി.യ്ക്ക് വിശ്വാസവോട്ടെടുപ്പില്‍ കാര്യങ്ങള്‍ എളുപ്പമായി.

നേരത്തെ കോണ്‍ഗ്രസിലെ രമേശ് ജാര്‍ക്കോളി, മഹേഷ് കുമത്തള്ളി എന്നിവരെയും സ്വതന്ത്ര എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട ആര്‍. ശങ്കറിനെയുമാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്.

ഞായറാഴ്ച അയോഗ്യരായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍: ഭാരതി ബാസവരാജ്, മുനിരത്‌ന, എസ്.ടി. സോമശേഖര്‍, റോഷന്‍ ബെയ്ഗ്, ആനന്ദ് സിങ്, എം.ടി.ബി. നാഗരാജ്, ബി.സി. പാട്ടീല്‍, പ്രതാപ് ഗൗഡ പാട്ടീല്‍, ഡോ. സുധാകര്‍, ശിവറാം ഹെബ്ബാര്‍, ശ്രീമന്ത് പാട്ടീല്‍

അയോഗ്യരായി പ്രഖ്യാപിച്ച ജെ.ഡി.എസ്. എം.എല്‍.എമാര്‍: കെ. ഗോപാലയ്യ, നാരായണ ഗൗഡ, എ.എച്ച്. വിശ്വനാഥ്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.