Latest News

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘം; പോലീസ് അന്വേഷണം ഊര്‍ജിതമാക്കി

മഞ്ചേശ്വരം: മജിര്‍പള്ളം കൊള്ളിയൂരിലെ ഹാരിസി (17) നെ കാറില്‍ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ അധോലോക സംഘമെന്ന് പോലീസ്. ഹാരിസിന്റെ ബന്ധു ഉള്‍പ്പെട്ട രണ്ടുകോടി രൂപയുടെ സ്വര്‍ണ ഇടപാട് തര്‍ക്കമാണ് ഇതിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച സൂചന.[www.malabarflash.com]

ഗള്‍ഫില്‍ നിന്ന് അധോലോക സംഘം നല്‍കിയ ക്വട്ടേഷന്‍ അനുസരിച്ചാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയതെന്ന് സംശയിക്കുന്നതായി മഞ്ചേശ്വരം പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെ സഹോദരിയേയും കൊണ്ട് സ്‌കൂട്ടറില്‍ കൊള്ളിയൂര്‍ പദവിലെ മദ്രസയിലേക്ക് പോകുമ്പോഴാണ് ഹാരിസിനെ തട്ടിക്കൊണ്ടുപോയത്. കറുത്ത മാരുതി 800 കാറിലെത്തിയ സംഘം ഹാരിസ് ഓടിച്ച സ്‌കൂട്ടറിന് കുറുകെ കാര്‍ ഇടുകയും ഹാരിസിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയുമായിരുന്നു. 

മാസങ്ങള്‍ക്ക് മുമ്പ് ഹാരിസിന്റെ അടുത്ത ബന്ധുവിനെ ഗള്‍ഫില്‍ നിന്ന് നാലരകിലോ സ്വര്‍ണം ഒരാള്‍ക്ക് കൈമാറാന്‍ ഏല്‍പ്പിച്ചിരുന്നുവത്രെ. യാത്രക്കിടെ തന്നെ പിന്തുടര്‍ന്നെത്തിയ കസ്റ്റംസ് സംഘം സ്വര്‍ണ്ണം കൊണ്ടുപോവുകയും കസ്റ്റംസ് സംഘത്തിന്റെ കയ്യില്‍ നിന്ന് താന്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് അയാള്‍ പറഞ്ഞത്. 
അതിനിടെ ഗള്‍ഫിലെ സംഘം സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഹാരിസിന്റെ ബന്ധുവിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവത്രെ.
ഹാരിസിന്റെ മൊബൈലില്‍ നിന്ന് ശബ്ദ സന്ദേശം ലഭിച്ചിട്ടുണ്ട്. തന്നെ തട്ടിക്കൊണ്ടുപോയത് ബന്ധു പണം നല്‍കാനുള്ളത് സംബന്ധിച്ചുള്ള തര്‍ക്കമാണെന്നും പണം നല്‍കിയാല്‍ തന്നെ വിട്ടയക്കുമെന്നുമാണ് ഹാരിസിന്റെ ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം. 

മഞ്ചേശ്വരം പോലീസ് ഹാരിസിന്റെ വീട്ടിലെത്തി സഹോദരിയില്‍ നിന്നും മൊഴിയെടുത്തു.
തട്ടിക്കൊണ്ടുപോയ സംഘം കാര്‍ വഴിയില്‍ വെച്ച് മാറിയതായാണ് പോലീസിന് ലഭിച്ച വിവരം. മൂന്ന് മണിവരെ ഹാരിസിന്റെ മൊബൈല്‍ ലൊക്കേഷന്‍ ബായാര്‍, കന്യാന, മിയാപദവ് എന്നിവിടങ്ങളിലായിരുന്നു. വൈകിട്ട് മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ചോഫാണ്.
അന്വേഷണം കര്‍ണാടകയിലേക്ക് വ്യാപിപ്പിച്ച പോലീസ് കര്‍ണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഹാരിസിന്റെ സഹോദരിയുടെ മൊഴി പ്രകാരം കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.