Latest News

എന്‍ഡോസള്‍ഫാന്‍ മുഴുവന്‍ ഇരകള്‍ക്കും നീതി ലഭ്യമാക്കണം - നാഷണല്‍ യൂത്ത് ലീഗ്

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ഇരകളായ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇടതു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത് പരാജയപ്പെടുത്തുന്നതിന് വേണ്ടി ചില ഉദ്യോഗസ്ഥര്‍ ഗൂഡാലോചന നടത്തുകായാണെന്നും അതിന് ഉദാഹരണമാണ് കാസര്‍കോട് കലക്ടറുടെ നിലപാടെന്നും എന്‍.വൈ.എല്‍. കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.[www.malabarflash.com]

സര്‍ക്കാര്‍ അംഗീകരിച്ച ലിസ്റ്റില്‍ 1117 പേര്‍ക്ക് ഇപ്പൊഴും ഒരാനുകൂല്യവും ലഭ്യമായിട്ടില്ല. ലിസ്റ്റില്‍ പെടാതെ നിരവധിരോഗികള്‍ വഴിയാധാരവുമാണ്. ഈ പ്രത്യേക സാഹചര്യത്തില്‍ മുഴുവന്‍ ഇരകള്‍ക്കും നീതി ലഭിക്കുന്നതിന് വേണ്ടി എല്ലാ രോഗികളെയും പങ്കെടുപ്പിക്കുന്ന രീതിയില്‍ പുതിയ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തണമെന്നും മുഴുവന്‍ ഇരകള്‍ക്കും നീതി ലഭ്യമാക്കണമെന്നും നാഷണല്‍ യൂത്ത് ലീഗ് (എന്‍.വൈ.എല്‍) ആവശ്യപ്പെട്ടു.

മുപ്പത് ശതമാനം രോഗികള്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്. എഴുപത് ശതമാനം രോഗികളും പുറത്തുനില്‍ക്കുകയാണ്. എന്‍ഡോസള്‍ഫാന്‍ കമ്പനിക്ക് വേണ്ടി ഈ പദ്ധതി അവസാനിപ്പിക്കാനാണ് ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. 

ഇടതു സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികളെ അട്ടിമറിക്കുന്നതിനുവേണ്ടിയാണ് ഈ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എന്‍.വൈ.എല്‍. ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. 

എന്‍.വൈ.എല്‍. കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് അഡ്വ: ഷെയ്ക് ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. എന്‍.വൈ.എല്‍. സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, അന്‍വര്‍ മാങ്ങാടന്‍, നാസര്‍ കുളിയങ്കാല്‍, സിദ്ദിഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, റാഷിദ് ബേക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി പടുപ്പ് സ്വാഗതവും ജില്ലാ ട്രഷറര്‍ ഹനീഫ് പി.എച്ച്. നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.