Latest News

പയ്യന്നൂരില്‍ കാഞ്ഞങ്ങാട് സ്വദേശിയുടെ ഹോട്ടല്‍ പട്ടാപ്പകല്‍ അടിച്ചു തകര്‍ത്തു

പയ്യന്നൂർ: പട്ടാപ്പകല്‍ സാമൂഹ്യ വിരുദ്ധര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു. പയ്യന്നൂര്‍ പെരുമ്പ കെഎസ്ആര്‍ടിസി ഡിപ്പോക്ക് സമീപത്തെ സ്വാഗത് ഹോട്ടലാണ് ഞായറാഴ്ച ഉച്ചയോടെ ഒരു കൂട്ടം സാമുഹ്യ വിരുദ്ധർ അടിച്ച് തകര്‍ത്തത്.[www.malabarflash.com] 

കാറിലും ബൈക്കുകളിലുമായെത്തിയ ഒരു സംഘമാണ് ഹോട്ടലില്‍ അക്രമം നടത്തിയത്. ഹോട്ടലിലെ മേശകളും കസേരകളും അലമാരയും സ്റ്റൗ, ഗ്യാസ് സിലിണ്ടറുകള്‍, ഹോട്ടലിലെ ഗ്ലാസ് കാബിനുകൾ എന്നിവ അക്രമികള്‍ പൂർണ്ണമായും അടിച്ച് തകര്‍ത്തു.

ഉടമകളായ കാഞ്ഞങ്ങാട് സ്വദേശി അബ്ദുള്‍ ഖാദര്‍,അബ്ദുള്‍ ഹമീദ്,അബ്ദുള്‍ നാസര്‍, ജീവനക്കാരായ മോഹനന്‍,മുഹമ്മദ്,ഇതര സംസ്ഥാന തൊഴിലാളികളായ വിജയ്,സുനില്‍ എന്നിവരാണ് സംഭവ സമയത്ത് ഹോട്ടലിലുണ്ടായിരുന്നത്.

ആളുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേയാണ് ഹോട്ടലിന് നേരെ ആക്രമണം ഉണ്ടായത് .ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ അക്രമം കണ്ട് ഓടിരക്ഷപ്പെടുകയായിരുന്നെന്നും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രശ്നത്തിന്റെ ഭാഗമാണിതെന്നും അക്രമത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ഹോട്ടലുടമ പറഞ്ഞു.

സംഭവമറിഞ്ഞ് പയ്യന്നൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ പി.കെ.ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം ഹോട്ടലില്‍നിന്ന് വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെത്തിയത് ചോദ്യം ചെയ്ത യുവാക്കളെ കാറിലെത്തിയ സംഘം മര്‍ദ്ദിച്ച സംഭവമുണ്ടായിരുന്നു. ഈ സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു.ഇതിന് ശേഷം ശനിയാഴ്ചയാണ് ഹോട്ടല്‍ വീണ്ടും തുറന്നത്.

സ്വാഗത് ഹോട്ടലിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് പെരുമ്പയിലെ കടകമ്പോളങ്ങള്‍ തിങ്കളാഴ്ച അടച്ചിടുമെന്നും,. ഇതിന്റെ ഭാഗമായി രാവിലെ ഒമ്പതിന് പയ്യന്നൂര്‍ നഗരത്തില്‍ വ്യാപാരികള്‍ പ്രതിഷേധ പ്രകടനവും നടത്തുമെന്നും പയ്യന്നൂർ ചേമ്പര്‍ പ്രസിഡന്റ് കെ.യു.വിജയകുമാര്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.