Latest News

അമിത്ഷായെ കാണാൻ കോൺഗ്രസ് നേതാക്കൾ ഒപ്പംവന്നു -ശ്രീധരൻ പിള്ള

തിരുവനന്തപുരം: ബി.ജെ.പി.യുടെ അഖിലേന്ത്യാ അധ്യക്ഷൻ അമിത്ഷായെ കാണാൻ ഒട്ടേറെ കോൺഗ്രസ് നേതാക്കൾ തനിക്കൊപ്പം വന്നിട്ടുണ്ടെന്നും അവരുടെ പട്ടിക പുറത്തുവിടുന്നില്ലെന്നും സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള.[www.malabarflash.com]

ഒരു അബ്ദുള്ളക്കുട്ടി മാത്രമല്ല, ഒട്ടേറെ അബ്ദുള്ളക്കുട്ടിമാർ കോൺഗ്രസിൽനിന്ന്‌ ബി.ജെ.പി.യിലേക്കുവരും. സി. കേശവന്റെ കുടുംബത്തിൽനിന്നുപോലും ആളുകൾ പാർട്ടിയിൽ ചേരാൻ തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയുടെ അംഗത്വപ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

എ.പി. അബ്ദുള്ളക്കുട്ടിക്കുപുറമേ, പദ്മശ്രീ നേടിയ ലക്ഷ്മിക്കുട്ടിയമ്മ, നടൻ എം.ആർ. ഗോപകുമാർ, സംവിധായകൻ തുളസീദാസ്, കലാമണ്ഡലം സത്യഭാമ, പി.വി. നടരാജൻ എന്നിവരും ഒട്ടേറെ പ്രവർത്തകരും പാർട്ടിയംഗങ്ങളായി. ഇവരെ സംസ്ഥാന പ്രസിഡന്റ് സ്വീകരിച്ചു. ഇതേസമയത്തുതന്നെ മറ്റ് 13 ജില്ലകളിലും അംഗത്വപ്രചാരണത്തിന്റെ ഉദ്ഘാടനം നടന്നു.

ഒരു സീറ്റുപോലും കേരളത്തിൽ നേടാനായില്ലെന്ന ദുഃഖമുണ്ടെങ്കിലും ബി.ജെ.പി.ക്ക് ഇവിടെ ഭയാനകമായ മുന്നേറ്റമെന്നു സി.പി.എമ്മിനെക്കൊണ്ടു പറയിപ്പിക്കാനായത് വലിയ നേട്ടമാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഒരുമാസമായി അധ്യക്ഷനെപ്പോലും കണ്ടെത്താനാവാത്ത കോൺഗ്രസിൽ സ്തുതിപാഠകരാണുള്ളത്. അതുകൊണ്ടാണ് അവർ ഉപ്പുവെച്ച കലംപോലെയായതെന്ന്‌ പിള്ള കൂട്ടിച്ചേർത്തു.

സി.പി.എമ്മും കോൺഗ്രസും പടിയടച്ച് പിണ്ഡംവെച്ച് പുറത്താക്കിയ തന്നെ ബി.ജെ.പി. സ്വീകരിച്ചത് വലിയ പുണ്യമാണെന്ന്‌ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. കോൺഗ്രസിൽ എത്തിയപ്പോഴും നരേന്ദ്രമോദിയെപ്പറ്റിയുള്ള അഭിപ്രായം മാറ്റണമെന്നു പലരും ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ലെന്നും ബി.ജെ.പിയിൽ അംഗത്വമെടുത്ത സമ്മേളനവേദിയിൽ അദ്ദേഹം പറഞ്ഞു.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശൻ അധ്യക്ഷനായി. ഒ. രാജഗോപാൽ എം.എൽ.എ., ജനറൽ സെക്രട്ടറി എം.ടി. രമേശ്, സെക്രട്ടറി സി. ശിവൻകുട്ടി, വൈസ് പ്രസിഡന്റ് ഡോ. പി.പി. വാവ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, മറ്റുനേതാക്കളായ പ്രൊഫ. വി.ടി. രമ, പി. സുധീർ, നോബിൾ മാത്യു, നിവേദിത, സംവിധായകൻ രാജസേനൻ, ചെമ്പഴന്തി ഉദയൻ, പാപ്പനംകോട് സജി തുടങ്ങിയവർ സംബന്ധിച്ചു.

ഞായറാഴ്ച ബൂത്തുതല സമ്പർക്കത്തിലൂടെയും തിങ്കളാഴ്ച പോഷകസംഘടനകളിലൂടെയും അംഗത്വപ്രചാരണം നടത്തും. ഓഗസ്റ്റ് 11 വരെയാണ് മിസ്ഡ്‌കോൾ വഴി അംഗത്വം നൽകുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.