തിരുവനന്തപുരം: നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്ത് എത്താവുന്ന റെയില്‍വേ ഇടനാഴി (സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍) സംബന്ധിച്ചുള്ള സാധ്യതാ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. റിപ്പോര്‍ട്ട് ഉടന്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും.[www.malabarflash.com]
അതിവേഗ റെയില്‍വേ ഇടനാഴിക്കായി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെആര്‍ഡിസിഎല്‍) മേല്‍നോട്ടത്തില്‍ സിസ്ട്ര കമ്പനിയാണ് പഠനം നടത്തിയത്. 140 മുതല്‍ 170 വരെ കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്താവുന്ന പദ്ധതിക്കായി റിപ്പോര്‍ട്ട് നേരത്തെ തയ്യാറായിരുന്നു.
എന്നാല്‍, നിലവിലെ റെയില്‍പാളങ്ങളോടുചേര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ പരമാവധി കുറച്ചും ആളുകളെ ഒഴിപ്പിക്കാതെയും പദ്ധതി യാഥാര്‍ഥ്യമാക്കാനാകുമോ എന്നുകൂടി പരിശോധിക്കാന്‍ മന്ത്രി ജി സുധാകരന്‍ കെആര്‍ഡിസിഎല്ലിനോട് നിര്‍ദേശിച്ചിരുന്നു.
ആദ്യ റിപ്പോര്‍ട്ടിലെ അലൈന്‍മെന്റില്‍ ചില മാറ്റം വരുത്തി രണ്ടു സാധ്യതകള്‍കൂടി കെആര്‍ഡിസിഎല്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചശേഷം ഡിപിആറിനുള്ള സര്‍വേ നടപടി ആരംഭിക്കും.
കുടിയൊഴിപ്പിക്കല്‍ പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുംവിധം 2020ല്‍ പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
കാസര്‍കോട് മുതല്‍ തിരൂര്‍ വരെയുള്ള 222 കിലോമീറ്റര്‍ നിലവിലെ റെയില്‍പാതയോട് പൂര്‍ണമായും ചേര്‍ന്നുതന്നെയാകും ഇടനാഴി. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 310 കിലോമീറ്ററിലാണ് ഭൂമി ഏറ്റെടുക്കേണ്ടിവരിക.
10 സ്‌റ്റോപ്പുകളുണ്ടാകും. മറ്റു സ്‌റ്റേഷനുകളിലെ യാത്രക്കാര്‍ക്ക് അതിവേഗ ട്രെയിനില്‍ കയറാനായി അതിവേഗ ട്രെയിനിന്റെ രണ്ട് സ്‌റ്റോപ്പുകള്‍ക്കിടയില്‍ ലോക്കല്‍ സ്‌റ്റേഷനുകളില്‍ നിര്‍ത്തുന്ന ഇതേ വേഗമുള്ള ചെറു ട്രെയിനുകളും സര്‍വീസ് നടത്തും.
56,000 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. അതേസമയം പദ്ധതിക്ക് കേന്ദ്രബജറ്റില്‍ തുക അനുവദിക്കാത്തത് നിരാശ സൃഷ്ടിച്ചിട്ടുണ്ട്.
No comments:
Post a Comment