Latest News

കർണാടക സ്പീക്കർ 'പണി' തുടങ്ങി; വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ച 3 എംഎല്‍എമാരെ അയോഗ്യരാക്കി

ബംഗളൂരു: കര്‍ണാടകയില്‍ കുമാരസ്വാമി സര്‍ക്കാര്‍ താഴെവീണതിന് പിന്നാലെ വിമത എംഎല്‍എമാര്‍ക്കെതിരെ കടുത്ത നടപടിയുമായി സ്പീക്കര്‍. കോൺഗ്രസ്‌ നിയമസഭാ കക്ഷിയിൽ ലയിച്ചിട്ടും ബിജെപിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച കെപിജെപി എംഎൽഎ ആർ ശങ്കര്‍, വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെ സ്പീക്കര്‍ അയോഗ്യരാക്കി. വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എംഎല്‍എമാരാണ് രമേഷ് ജാര്‍ക്കിഹോളിയും മഹേഷ് കുമത്തല്ലിയും.[www.malabarflash.com]

ബിജെപിയോട് കൂട്ട് ചേര്‍ന്ന് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ച മറ്റ് വിമത എംഎല്‍എമാര്‍ക്ക് നേരെയും നടപടി ഉടന്‍ ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്പീക്കര്‍. ബാക്കി എംഎൽഎമാരുടെ രാജിയിലും അയോഗ്യതയിലും രണ്ട് ദിവസത്തിനുള്ളിൽ തീരുമാനം എടുക്കുമെന്നാണ് സ്പീക്കർ കെ ആർ രമേഷ് കുമാറിന്‍റെ അറിയിപ്പ്.

രാജിവച്ച പതിനഞ്ച് എംഎൽഎമാർക്കെതിരെ കോൺഗ്രസും ജെഡിഎസും അയോഗ്യത ശുപാർശ നൽകിയിരുന്നു. കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ബിജെപി സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകൾ സജീവമാക്കുകയും ചെയ്ത സാഹചര്യത്തിൽ കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ അത്രപെട്ടെന്ന് ഒരു പരിഹാരം ഉണ്ടാകില്ലെന്ന സൂചന നേരത്തേ സ്പീക്കര്‍ നല്‍കിയിരുന്നു.

സര്‍ക്കാര്‍ നിലംപൊത്തിയതിന് പിന്നാലെ വിമത എംഎൽഎമാരെ അയോഗ്യരാക്കുമോ എന്ന ചോദ്യത്തിന് സ്പീക്കര്‍ പദവിയുടെ കരുത്ത് എന്തെന്ന് രണ്ട് ദിവസത്തിനകം കര്‍ണാടകയിലെ ജനം തിരിച്ചറിയുമെന്നായിരുന്നു കെ ആര്‍ രമേഷ് കുമാറിന്‍റെ പ്രതികരണം.

അതേസമയം കുമാരസ്വാമി സര്‍ക്കാര്‍ താഴെ വീണിട്ടും കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ബിജെപി കേന്ദ്ര നേതൃത്വം ഇതുവരെ യെദ്യൂരപ്പയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. കര്‍ണാടകയില്‍ സ്ഥിരതയുള്ള ഒരു സര്‍ക്കാര്‍ വേണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ആഗ്രഹിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതിന്‍റെ ഭാവിയെന്താവും എന്ന സംശയം കേന്ദ്രനേതൃത്വത്തിനുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.