Latest News

വയനാട്ടില്‍ മാവോവാദികളും ദൗത്യസേനയും തമ്മില്‍ വെടിവെപ്പ്‌

കല്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയില്‍ പ്രത്യേക ദൗത്യസേനയായ തണ്ടര്‍ബോള്‍ട്ടും മാവോവാദികളും തമ്മില്‍ വെടിവെപ്പ്. കോഴിക്കോട്-വയനാട് അതിര്‍ത്തിയിലെ ചപ്പ വനമേഖലയിലാണ് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ഏറ്റുമുട്ടലുണ്ടായത്.

രഹസ്യവിവരത്തെത്തുടര്‍ന്ന് ചപ്പ കോളനിയില്‍ പരിശോധനയ്‌ക്കെത്തിയതായിരുന്നു ദൗത്യസേനാസംഘം. ഇവര്‍ക്ക് മുന്നിലേക്ക് തോക്കുകളുമായി എത്തിയ എത്തിയ മാവോവാദി സംഘത്തിന് നേര്‍ക്ക് പോലീസ് വെടിയുതിര്‍ക്കുകയായിരുന്നു. മാവോവാദികള്‍ തിരിച്ചും വെടിയുതിര്‍ത്തു.

മാവോവാദി സംഘത്തില്‍ ആറു പേരുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. വെടിവെപ്പിന് ശേഷം ഉള്‍ക്കാട്ടിലേക്ക് രക്ഷപ്പെട്ട മാവോവാദികളില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ല. പോലീസ് സംഘത്തില്‍ ആര്‍ക്കും പരിക്കില്ല.

വെടിവെപ്പ് പത്തു മിനിറ്റോളം നീണ്ടു നിന്നു.വെടിവെപ്പുണ്ടായ കാര്യം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്ഥിരീകരിച്ചു. ഏത് തരത്തിലുള്ള ഭീഷണിയും നേരിടാന്‍ കേരള പോലീസ് സജ്ജമാണെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ആദ്യമായാണ് മാവോവാദികളും പോലീസും ഏറ്റുമുട്ടുന്നത്.

രണ്ടാഴ്ച മുമ്പ് തിരുനെല്ലിയിലെ 'അഗ്രഹാരം' റിസോര്‍ട്ട് മാവോവാദികള്‍ തകര്‍ത്തിരുന്നു. റിസോര്‍ട്ടിന്റെ സുരക്ഷാകമ്പിവേലി തകര്‍ത്ത് അകത്തെത്തിയ സംഘം കന്നട, തമിഴ് ഭാഷകളില്‍ മുദ്രാവാക്യവും മുഴക്കി.

മാവോവാദി രൂപവത്കരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കാന്‍ ആഹ്വാനം ചെയ്യുന്ന ലഘുലേഖകള്‍ ഇവിടെ പതിച്ചിട്ടുരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരാണ് സംഘത്തിലുണ്ടായിരുന്നത്.

വയനാട്ടില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച് നാളുകളേറയായെങ്കിലും ഇവരെ പിടികൂടാന്‍ പോലീസിനോ മാവോവാദി വേട്ടയ്ക്കായി നിയോഗിച്ച തണ്ടര്‍ബോള്‍ട്ടിനോ ഇതുവരെ സാധിച്ചിട്ടില്ല.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.