Latest News

മകന്റെ തിരോധാനത്തിന് രണ്ടാഴ്ച; കണ്ണീരും കാത്തിരിപ്പുമായി മാതാപിതാക്കൾ

ഷാർജ: ബീഹാർ സ്വദേശിയായ മുഹമ്മദ് പർവേസ് ആലം എന്ന പതിനഞ്ചുകാരനെ ഷാർജയിൽ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. മകന്റെ തിരിച്ചുവരവും കാത്ത് കണ്ണീരുമായി കഴിയുകയാണ് മാതാപിതാക്കളായ മുഹമ്മദ് അഫ്ത്താബും തുസി പർവീണും.[www.malabarflash.com] 

ഷാർജ ഡെൽറ്റ ഇംഗ്ളീഷ് സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിയായ മുഹമ്മദ് പർവേസ് ആലമിനെ ഈമാസം നാലിന് അർധരാത്രി ഒന്നിനും നാലിനുമിടയിലാണ് കാണാതായത്. മകനെ കാണാനില്ലെന്ന മുഹമ്മദ് അഫ്ത്താബിന്റെ പരാതി ലഭിച്ചയുടൻ ഷാർജ പോലീസും അന്വേഷണം നടത്തുകയാണ്.

വിദ്യാർഥിയുടെ തിരോധനത്തെക്കുറിച്ച് ചൊവ്വാഴ്ച ഷാർജ പോലീസ് ട്വീറ്റ് ചെയ്തിരുന്നു, കണ്ടുകിട്ടുന്നവർ 80040/ 065943210 എന്നീ നമ്പറുകളിൽ വിവരമറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

വീടുവിട്ട് എവിടെയും ഒറ്റയ്ക്ക് പോകാറില്ലെന്നും തന്റെ മകന് എന്താണ് സംഭവിച്ചതെന്നറിയില്ലെന്നും മുഹമ്മദ് അഫ്ത്താബ് പറഞ്ഞു. ആലമിന്റെ തിരോധാനത്തിനുശേഷം അമ്മ തുസി ഭക്ഷണം കഴിക്കാതെ അവശയാണ്. സഹോദരങ്ങളും മൂകതയിലാണ്. അഫ്ത്താബ് ജോലിക്കുപോകാതെ ദിവസവും രാവിലെമുതൽ മകനെ അന്വേഷിച്ചുനടക്കും. കരഞ്ഞുകൊണ്ട് നിരാശയോടെ വീട്ടിലേക്ക് മടങ്ങും.

കൂടെ പഠിക്കുന്ന ആലമിന്റെ കൂട്ടുകാരോടും അധ്യാപകരോടുമെല്ലാം അന്വേഷിച്ചു, ആർക്കും ഒരു വിവരവുമില്ല. മകൻ തങ്ങളുടെയടുത്തേക്ക് തിരിച്ചുവരാതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം ഓരോ ദിവസവും തള്ളിനീക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.