Latest News

ബേഡകം പോലീസിന്റെ നൻമ; ജീവൻ തിരികെ ലഭിച്ച ജോയി സ്നേഹാലയത്തിൽ

ബേഡഡുക്ക: പോലീസിന്റെ ശ്രദ്ധയും കരുണയും സ്നേഹവും തക്കസമയത്ത് പ്രവർത്തിച്ചതിനാൽ അനാഥനായ 87-കാരന് ജീവൻ തിരികെ ലഭിച്ചു.ചെറ്റക്കുടിലിൽ പരാശ്രയമില്ലാതെ മഴയത്ത് തണുത്തുവിറച്ച്‌ കിടക്കുകയായിരുന്ന വർഗീസ് എന്ന ജോയിക്ക് ബേഡകം പോലീസാണ് കൈത്താങ്ങായത്.[www.malabarflash.com]

ബേഡഡുക്ക കാഞ്ഞിരത്തിങ്കാലിൽ പഴയ കരിങ്കൽ ക്വാറിക്ക് സമീപം കുന്നിൻമുകളിലാണ് സംഭവം. ജനമൈത്രി ബീറ്റ് പോലീസ് ഓഫീസർമാരായ പി.വി.പ്രശാന്ത്, കെ.രാമചന്ദ്രൻ നായർ എന്നിവർ പ്രദേശത്തെ വീടുകൾ സന്ദർശിക്കവെയാണ് ദുരവസ്ഥ ശ്രദ്ധയിൽപ്പെടുന്നത്.

കുന്നിൻമുകളിലെ ഒറ്റപ്പെട്ട സ്ഥലമാണ്. റോഡ് സൗകര്യമില്ല. വർഷങ്ങളായി ഒറ്റമുറി ചെറ്റക്കുടിലിലാണ് ജോയി താമസം. 40 വർഷം മുൻപ് പത്തനംതിട്ടയിൽനിന്ന് കാസർകോട്ടെത്തിയിതായിരുന്നു ഇദ്ദേഹം. കരിങ്കൽ ക്വാറികളിൽ പണിക്ക് ചേർന്നു.

കാഞ്ഞിരത്തിങ്കാൽ ക്വാറിയിലെ പണിക്കാരനായിരിക്കെ വിവാഹിതനായി. ഭാര്യ മരിച്ച ശേഷം ഇയാൾ ഒറ്റയ്ക്കാണ് കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. ഇവർക്ക് മക്കളില്ല. അടുത്തകാലത്തായി അവശനായതിനാൽ സമീപത്തെ ചിലർ എത്തിച്ചുകൊടുക്കുന്ന ഭക്ഷണം കഴിച്ചാണ് ജീവിതം.

ബീറ്റ് പോലീസ് ഓഫീസർമാർ ഈ വിവരം സി.ഐ. ടി.ഉത്തംദാസിനെ അറിയിച്ചു. ബേഡഡുക്ക പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ.മാധവൻ, എസ്.ഐ. കെ.സതീഷ്, സമീപവാസികൾ എന്നിവരുടെ സാന്നിധ്യത്തിൽ ജോയിയെ അമ്പലത്തറ മൂന്നാംമൈലിലെ സ്നേഹാലയം വൃദ്ധസദനത്തിലെത്തിച്ചു.

കുന്നിറങ്ങി ജോയിക്ക് നടക്കാൻ സാധിക്കാത്തതിനാൽ സി.ഐ.യും എസ്.ഐ.യും ചേർന്നാണ് ഇദ്ദേഹത്തെ വാഹനത്തിനടുത്തെത്തിച്ചത്. ഇദ്ദേഹത്തിന് പത്തനംതിട്ടയിൽ ബന്ധുക്കളുണ്ടോയെന്ന് അന്വേഷിക്കുന്നതായി സി.ഐ. പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.