Latest News

ഉമ്മര്‍ഭായിക്ക് മകളുടെ വിവാഹച്ചടങ്ങ് വലിയൊരു പുണ്യകര്‍മം; മോളൂട്ടിയുടെ വിവാഹത്തോടൊപ്പം നടത്തിയത് ഒന്‍പത് വിവാഹം

തിരുനാവായ: മകളുടെ വിവാഹത്തെക്കുറിച്ചാലോചിച്ചപ്പോൾ പൂളക്കോട്ട് ഉമ്മർഭായിയുടെ മനസ്സിൽ നിറഞ്ഞത് അതേപ്രായത്തിൽ മാംഗല്യഭാഗ്യം ലഭിക്കാത്ത പെൺകുട്ടികളുടെ ചിത്രമാണ്. ഇവരിൽ കുറച്ചപേർക്കെങ്കിലും വിവാഹപ്പന്തലൊരുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തോടൊപ്പം ഭാര്യ സാബിറയും ഒപ്പം നിന്നു.[www.malabarflash.com]

ഞായറാഴ്ച വെട്ടിച്ചിറ കൂടശ്ശേരിപ്പാറയിൽ മകൾ പുണ്യയുടെ (മോളൂട്ടി) വിവാഹംനടന്നപ്പോൾ ഒൻപത് യുവതികൾ പുതുജീവിതത്തിലേക്ക് പ്രവേശിച്ചത് നന്മനിറഞ്ഞ ഈ തീരുമാനത്തിന്റെ ഫലമായായിരുന്നു .
വിവിധമതസ്ഥരായ യുവതീയുവാക്കൾ അവരവരുടെ മതാചാരപ്രകാരമാണ് വിവാഹിതരായത്. ഓരോരുത്തർക്കും അഞ്ചുപവൻ സ്വർണവും വസ്ത്രങ്ങളും നൽകുകയുംചെയ്തു.

വിവാഹത്തോടൊപ്പം നിർധനരായ രോഗികൾക്ക് മരുന്നു വിതരണം, എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു.

ചക്കയും മാങ്ങയും സംഭാരവും നൽകിയാണ് അതിഥികളെ സ്വീകരിച്ചത്. സമന്വയ ഗിരി ആശ്രമത്തിലെ സ്വാമി ആത്മദാസ് യമി ധർമപക്ഷ ഉദ്ഘാടനംചെയ്തു. എം.എൽ.എമാരായ സി. മമ്മുട്ടി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ഗായകൻ ഫിറോസ് ബാബു, മുനീർ ഹുദവി, കദീജ നർഗീസ്, വി. മധുസൂദനൻ, റബിയ മുഹമ്മദ് കുട്ടി, സുലൈമാൻ മേൽപ്പുത്തൂർ, എം.ടി. മനാഫ് എന്നിവർ പ്രസംഗിച്ചു.

താലികെട്ടിന് മാണൂർ നാരായണൻ നമ്പൂതിരി കാർമികത്വംവഹിച്ചു. പാണക്കാട് സാബിക്കലി തങ്ങൾ, സമസ്ത മുശാവറ അംഗം മാത്തൂർ മൊയ്തീൻ കുട്ടി മുസ്‌ലിയാർ എന്നിവർ നിക്കാഹിന് നേതൃത്വംനൽകി.

മുഹമ്മദലി പൂളക്കോട്ട്, ജാഫർ, അസീസ് വെണ്ടല്ലൂർ, റഹൂഫ്, സിത്താര റഹൂഫ്, സാബിറ ഉമ്മർ ഭായ് എന്നിവർ വധുവരന്മാർക്കുള്ള സ്വർണം കൈമാറി.

വിവാഹത്തലേന്ന് ലഹരി ബോധവത്കരണം, പ്ലാസ്റ്റിക്കിന്റെ നിരോധനം ഭക്ഷണപദാർഥങ്ങളിലെ മായം എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു. ഭിന്നശേഷിക്കാരനായ കാടാമ്പുഴ കൊണ്ടം കൊടുവത്ത് ബാബുവിന്റെ കഥാപുസ്തകത്തിന്റെ പരിചയപ്പെടലും ചടങ്ങിൽ നടന്നു.

ആതവനാട് കാവുങ്ങൽ വെട്ടിക്കാട്ട് സുബൈറിന്റെയും ഉമ്മുസൽമയുടെയും മകൻ അബ്ദുൽകലാം ആസാദാണ് പുണ്യയുടെ വരൻ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.