Latest News

മംഗളൂരുവില്‍ വിമാനം തെന്നിമാറിയതിന് പിന്നില്‍ മഴയും അമിത വേഗവുമെന്ന് പ്രാഥമിക നിഗമനം

മംഗളൂരു: എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം കഴിഞ്ഞ ദിവസം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയതിന് പിന്നാലെ ടാക്‌സി വേയില്‍നിന്ന് തെന്നിമാറിയതിന് പിന്നില്‍ മഴയും അമിതവേഗവും ആയിരിക്കാമെന്ന് പ്രാഥമിക വിലയിരുത്തല്‍.[www.malabarfkash.com] 

മോശം കാലാവസ്ഥയെ തുടര്‍ന്ന് മംഗളൂരുവില്‍ ഇറങ്ങാന്‍ ശ്രമിച്ച വിമാനത്തിന് വീണ്ടും പറന്നുയരേണ്ടിവന്നു. രണ്ടാമത്തെ ശ്രമത്തിലാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കാനായത്. പിന്നീട് ടാക്‌സി വേയില്‍നിന്ന് തെന്നിമാറിയ വിമാനം അല്‍പ്പംകൂടി മുന്നോട്ടു നീങ്ങിയശേഷമാണ് ചെളിയില്‍ ഉറച്ച് നിന്നതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.

വിമാനം റണ്‍വേ മറികടന്നിട്ടില്ലെന്നും റണ്‍വേയില്‍നിന്ന് ടാക്‌സി വേയിലേക്ക് കടന്നതിന് പിന്നാലെ തെന്നിമാറിയെന്നും അധികൃതര്‍ വിശദീകരിച്ചു.

ഈ സമയം വിമാനം അമിത വേഗത്തിലായിരുന്നുവെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ നീരീക്ഷിച്ചിട്ടുണ്ട്. തെന്നിമാറുന്നതിന് തൊട്ടുമുമ്പ് വിമാനം ശക്തിയായി ഉലഞ്ഞുവെന്ന് യാത്രക്കാര്‍ പറയുന്നു. സംഭവത്തെപ്പറ്റി വിമാനക്കമ്പനി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അന്വേഷണത്തിന് ശേഷമെ വിമാനം തെന്നിമാറിയതിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനാകൂവെന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവള ഡയറക്ടര്‍ വി.വി റാവു പറഞ്ഞു.

2010 മെയ് 22 ന് ദുബായില്‍നിന്ന് എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം മംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ അപകടത്തില്‍പപ്പെട്ട് 152 പേര്‍ മരിച്ചിരുന്നു. 160 യാത്രക്കാരും ആറ് ജീവനക്കാരുമാണ് അന്ന് അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. ക്യാപ്റ്റന്റെ പിഴവാണ് 2010 ലെ അപകടത്തിന് ഇടയാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.