Latest News

ലഹരിവസ്തുക്കള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന യുവാക്കള്‍ ഒരു കോടി രൂപയുടെ ഹാഷിഷുമായി പിടിയില്‍

കൊച്ചി: ലഹരിവസ്തുക്കള്‍ മോഷ്ടിച്ച് വില്‍പ്പന നടത്തുന്ന യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍. തേവരയില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഒരു കിലോ ഹാഷിഷുമായി പറവൂര്‍ കുന്നുകര കുരിയാപാടത്ത് വീട്ടില്‍ അബി (19), തോപ്പുംപടി ചുള്ളിക്കല്‍ മാളിയേക്കല്‍ വീട്ടില്‍ അമല്‍ റിഫാസ് (19) എന്നിവര്‍ പിടിയിലായത്.[www.malabarflash.com]

മയക്കുമരുന്ന് കൈവശമുള്ള ആളുകളുടെ അടുക്കല്‍ ആവശ്യക്കാരെന്ന രീതിയില്‍ സമീപിച്ച് ഇവരുടെ കൈവശമുള്ള ലഹരിവസ്തുക്കള്‍ മോഷ്ടിക്കുന്നതാണ് പ്രതികളുടെ രീതി. മോഷണം നടത്തിയാലും പരാതിപ്പെടാന്‍ സാധിക്കാത്തതിനാലാണ് ഈ രീതി ഇവര്‍ പിന്‍തുടര്‍ന്നത്.

ഇവരുടെ കൈയിലെത്തിയ ഹാഷിഷ് മലപ്പുറം സ്വദേശിയായ ഒരു യുവാവില്‍നിന്ന് പിടിച്ചുപറിച്ചതാണെന്നാണ് പ്രതികള്‍ പറയുന്നത്. പിടിച്ചെടുത്ത ഹാഷിഷിന് വിപണിയില്‍ ഒരു കോടിയോളം രൂപയുടെ മൂല്യമുണ്ട്.

നെട്ടൂരില്‍ നടന്ന കൊലപാതകത്തിനു പിന്നില്‍ ലഹരിമാഫിയ ഉണ്ടെന്ന സംശയത്തെ തുടര്‍ന്ന് എക്‌സൈസ് ജില്ലയില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു.

കൊച്ചിയിലെ ലഹരിസംഘാംഗങ്ങളെ സംബന്ധിച്ചുള്ള വിശദമായ അന്വേഷണം നടത്തുന്നതിനായി എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ചന്ദ്രപാലന്‍, സ്‌ക്വാഡ് സി.ഐ ബി. സുരേഷിന്റെ നിയന്ത്രണത്തിലുള്ള 'ടോപ്പ് നര്‍ക്കോട്ടിക് സീക്രട്ട് ഗ്രൂപ്പി'ന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ലഹരിസംഘാംഗങ്ങളെ സംബന്ധിച്ച് സീക്രട്ട് ഗ്രൂപ്പ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.

ഇരുവരും അടിപിടി-മോഷണക്കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതികളാണ്. ഇത്രയും അളവില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുന്നത് 20 വര്‍ഷംവരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ്.

സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി. ശ്രീരാജ്, പ്രിവന്റീവ് ഓഫീസര്‍ കെ.ആര്‍. രാംപ്രസാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.എം. അരുണ്‍കുമാര്‍, വിപിന്‍ദാസ്, ഡ്രൈവര്‍ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.