Latest News

തേളിന്റെ കുത്തേറ്റതിനു ഫോണിലൂടെ മന്ത്രവാദ ചികില്‍സ; ബാലന്‍ ചികില്‍സ കിട്ടാതെ മരിച്ചു

ലഖ്‌നോ: തേളിന്റെ കുത്തേറ്റു വിഷം കയറിയതിനെ തുടര്‍ന്നു ഫോണിലൂടെ മന്ത്രവാദ ചികില്‍സ നല്‍കിയ ബാലന്‍ മരിച്ചു. സ്‌കൂളില്‍ നിന്നും തേളിന്റെ കുത്തേറ്റ ബാലനെ പ്രധാനാധ്യാപകന്റെ നേതൃത്ത്വത്തിലാണ് മന്ത്രവാദിയുടെ വീട്ടിലെത്തിച്ചത്.[www.malabarflash.com]

ഉത്തര്‍ പ്രദേശിലെ ഝാന്‍സിയിലാണ് സംഭവം. സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയായ അരുണ്‍കുമാറിനു(10) ബുധനാഴ്ച രാവിലെ സ്‌കൂള്‍ പരിസരം വൃത്തിയാക്കുന്നതിനിടെ തേളിന്റെ കുത്തേല്‍ക്കുകയായിരുന്നു. അധ്യാപകരുടെ നിര്‍ദേശപ്രകാരം വിദ്യാര്‍ഥികള്‍ പരിസരം വൃത്തിയാക്കുന്നതിനിടെയായിരുന്നു കുത്തേറ്റത്. അല്‍പസമയത്തിനകം വിദ്യാര്‍ഥിയുടെ ശരീരം തളരുകയുമായിരുന്നു.
വിവരമറിഞ്ഞ പ്രധാനാധ്യാപകന്‍ ദിനനാഥ് വിദ്യാര്‍ഥിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുന്നതിനു പകരം മന്ത്രവാദിയുടെ വീട്ടിലെത്തിച്ചു. എന്നാല്‍ മന്ത്രവാദി വീട്ടിലുണ്ടായിരുന്നില്ല. ഇതിനകം ബാലന്റെ നില ഗുരുതരമായെങ്കിലും അധ്യാപകന്‍ മന്ത്രവാദിയെ ഫോണില്‍ വിളിച്ചു പരിഹാരമാരാഞ്ഞു. തുടര്‍ന്നു മന്ത്രവാദി ഫോണിലൂടെ മന്ത്രങ്ങള്‍ ഉരുവിടുകയും അധ്യാപകന്‍ ഫോണ്‍ ബാലന്റെ ചെവിയോടു ചേര്‍ത്തു വെക്കുകയുമായിരുന്നു. 

അല്‍പസമയം ഇതു തുടര്‍ന്നതോടെ വിദ്യാര്‍ഥിയുടെ നില വഷളായി. പിന്നീട് ബാലനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥി ചികില്‍സക്കിടെ വ്യാഴാഴ്ചയാണ് മരിച്ചത്. 

അടിയന്തിര ചികില്‍സ ലഭ്യമാക്കിയിരുന്നേല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും മനപ്പൂര്‍വം ചികില്‍സ വൈകിപ്പിച്ചതാണ് മരണകാരണമെന്നും ആരോഗ്യ വിദഗ്ദര്‍ പറഞ്ഞു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.