Latest News

നെടുങ്കണ്ടം കസ്റ്റഡി മരണം: ഇടുക്കി എസ്പിയെ ഭീകര വിരുദ്ധ സ്‌ക്വാഡിലേക്ക് സ്ഥലംമാറ്റി

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആരോപണവിധേയനായ ഇടുക്കി എസ്പി കെ ബി വേണുഗോപാലിനെ ഭീകര വിരുദ്ധ സ്‌ക്വാഡ് എസ്പിയായി സ്ഥലം മാറ്റി. പകരം മലപ്പുറം എസ്പിയായ ടി. നാരായണനെ ഇടുക്കി എസ്പിയായി നിയമിച്ചു.[www.malabarflash.com] 

കെ ബി വേണുഗോപാലിനെതിരെ വ്യാപകമായി ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് നടപടി. നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ എസ്പിയുടെ ഇടപെടല്‍ ഉണ്ടായെന്നും എസ്പി എല്ലാ സംഭവങ്ങളും അറിഞ്ഞിരുന്നതായും ക്രൈംബ്രാഞ്ച്‌ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

രാജ്കുമാറിന്റെ കസ്റ്റഡിമരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച്‌ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് എസ്പിക്കെതിരായ നടപടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്പിയെ സ്ഥലംമാറ്റാന്‍ ഡിജിപി ശുപാര്‍ശ ചെയ്യുകയായിരുന്നു ക്രൈംബ്രാഞ്ച്‌ ഐജി ഗോപേഷ് അഗര്‍വാളാണ് അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് നല്‍കിയത്.

അതേസമയം, നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറെ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് അന്വേഷണ ചുമതല. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. അതേസമയം അന്വേഷണത്തില്‍ മന്ത്രി എംഎം മണി ഇടപെട്ടെന്ന പ്രതിപക്ഷ ആരോപണം മുഖ്യമന്ത്രി തള്ളി. 

പ്രതികള്‍ പോലിസ് സേനയില്‍ ഉള്ളവരായതിനാല്‍ പോലിസ് തന്നെ കേസ് അന്വേഷിക്കുന്നത് യുക്തിസഹമല്ല എന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ആവശ്യം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ സമരത്തിന്റെ ആദ്യ ഘട്ടം വിജയം കണ്ടു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.