Latest News

സലഫി നേതാവ് സക്കരിയ്യ സ്വലാഹി വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ: സലഫി പണ്ഡിതനും പ്രഭാഷകനുമായ ഡോ. കെ.കെ. സക്കരിയ്യ സ്വലാഹി (54) വാഹനാപകടത്തിൽ മരിച്ചു. ഞായറാഴ്ച പകല്‍ 12ഓടെ കണ്ണൂർ കൂത്തുപറമ്പിന് സമീപം മനേക്കരയിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.[www.malabarflash.com]

ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പാലക്കാട് ജില്ലയിൽ എടത്തനാട്ടുകരക്ക് സമീപം പാലക്കാഴി സ്വദേശിയാണ്. 20 വർഷത്തിലധികമായി കണ്ണൂരിലെ കടവത്തൂർ ഇരഞ്ഞിൻകീഴിൽ മംഗലശ്ശേരിയിലാണ് താമസം. എടവണ്ണ ജാമിഅഃ നദ്​വിയ്യയിൽനിന്ന് ബിരുദവും അലീഗഢ് മുസ്​ലിം യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ അദ്ദേഹം കടവത്തൂർ നുസ്രത്തുൽ ഇസ്​ലാം അറബിക് കോളജിൽ അധ്യാപകനായി ചേർന്നു.

കേരളത്തിലെ മുജാഹിദ് സംഘടനാ നേതൃത്വത്തിൽ സജീവമായിരുന്ന അദ്ദേഹം പിളർപ്പിനെ തുടർന്ന് വിസ്ഡം ഗ്ലോബൽ ഇസ്​ലാമിക് മിഷന്‍റെ ഭാഗമായി. പിന്നീട് അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സംഘടനാ രംഗത്തുനിന്ന് മാറി സ്വതന്ത്രമായി പ്രവർത്തിച്ചുവരികയായിരുന്നു. ഇടക്കാലത്ത് സൗദി അറേബ്യയിലേക്ക് പോയ അദ്ദേഹം മാസങ്ങൾക്കു മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.