Latest News

നിരപരാധിയെന്ന് വ്യക്തമായി; തീവ്രവാദബന്ധം സംശയിച്ച് കസ്റ്റഡിയിലെടുത്ത റഹീമിനേയും യുവതിയേയും വിട്ടയച്ചു

കൊച്ചി: തീവ്രവാദ ബന്ധം സംശയിച്ച് പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ സ്വദേശി റഹീം അബ്ദുള്‍ ഖാദറിനേയും സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതിയേയും വിട്ടയച്ചു. ഇവര്‍ നിരപരാധികളാണെന്ന്‌ വ്യക്തമായതിനെ തുടര്‍ന്നാണിത്.[www.malabarflash.com]

ശനിയാഴ്ച മുതല്‍ ഞായറാഴ്ച വൈകീട്ട് ഏഴുവരെ എന്‍.ഐ.എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ യുവാവിനെ ചോദ്യം ചെയ്തു. എന്നാല്‍, ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതേത്തുടര്‍ന്നാണ് വിട്ടയച്ചത്.

ലഷ്‌കര്‍ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. 24 മണിക്കൂറോളം കസ്റ്റഡിയില്‍വച്ച് ചോദ്യം ചെയ്തതില്‍നിന്നാണ് യുവാവിന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതെന്നാണ് സൂചന. എന്‍.ഐ.യ്ക്ക് പുറമെ ക്രൈംബ്രാഞ്ചും തമിഴ്‌നാട് പോലീസിന്റെ ക്യൂ ബ്രാഞ്ചും ഇവരെ ചോദ്യം ചെയ്തിരുന്നു. വ്യക്തി വൈരാഗ്യം മൂലമാവാം യുവാവിന്റെ പേര് തീവ്രവാദ കേസിലേക്ക് വഴിച്ചിഴയ്ക്കപ്പെട്ടത് എന്ന സംശയം ബന്ധുക്കള്‍ക്കുണ്ട്.

തീവ്രവാദ ഭീഷണിയെത്തുടര്‍ന്ന് പോലീസ് അതീവ ജാഗ്രത പാലിക്കുന്നതിനിടെയാണ് റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. മലയാളികള്‍ ഉള്‍പ്പെട്ട ആറംഗ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരസംഘം തമിഴ്‌നാട്ടില്‍ എത്തിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് അജീവ ജാഗ്രത പാലിച്ചത്.

അതിനിടെ, ഭീകര സംഘത്തിന് സഹായം നല്‍കിയ യുവാവാണ് പിടിയിലായതെന്ന തരത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, താന്‍ നിരപരാധിയാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും റഹീം അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പോലീസിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും യുവാവ് പറഞ്ഞിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.