Latest News

ബലിപെരുന്നാള്‍; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

ദുബൈ: ബലിപെരുന്നാൾ പ്രമാണിച്ചു നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടി. മൂന്നിരട്ടി തുക നൽകിയാലേ പ്രവാസികൾക്ക് നാട്ടിൽ പെരുന്നാൾ ആഘോഷിക്കാനാവൂ.[www.malabarflash.com] 

തിരക്കുള്ളപ്പോൾ നിരക്ക് കൂട്ടുന്ന പതിവു രീതി കാലങ്ങളുടെ പ്രതിഷേധങ്ങളെ അവഗണിച്ചും മാറ്റമില്ലാതെ തുടരുകയാണ്. യുഎഇയിൽ 4 ദിവസത്തെ പെരുന്നാൾ അവധി 10ന് തുടങ്ങി 13ന് അവസാനിക്കും.

ഇതോടൊപ്പം 2 ദിവസം ലീവെടുത്ത് വാരാന്ത്യ അവധി കൂടി ചേർത്ത് ഒരാഴ്ചത്തെ അവധിക്ക് നാട്ടിൽ പോയി വരാനൊരുങ്ങിയവർക്കാണു ടിക്കറ്റ് നിരക്ക് തിരിച്ചടിയാകുന്നത്. എട്ടാം തീയതി മുതൽ 11–ാം തീയതി വരെ നാട്ടിൽ പോകാനും 13 മുതൽ തിരിച്ചുവരാനുമുള്ള ടിക്കറ്റ് നിരക്കാണ് വൻതോതിൽ കൂട്ടിയത്.

പെരുന്നാൾ അവധി പ്രയോജനപ്പെടുത്തി 8ന് ദുബൈയിൽനിന്ന് കൊച്ചിയിലേക്ക് പോയി 14ന് തിരിച്ചുവരാൻ ഒരാൾക്ക് ശരാശരി 2500 മുതൽ 3500 ദിർഹം വരെയാകും. എയർ ഇന്ത്യാ എക്സ്പ്രസിൽ 3110 ദിർഹം. സ്പൈസ് ജെറ്റ് 2620, ഇൻഡിഗൊ 2565, എയർ ഇന്ത്യയ്ക്ക് 3220 ദിർഹം എന്നിങ്ങനെയാണ് നിരക്ക്, ഫ്ളൈ ദുബായ്, എമിറേറ്റ്സ്, ഇത്തിഹാദ് എന്നിവയുടെ നിരക്ക് 4500ന് മുകളിലാണ്.

ഷാർജയിൽ നിന്നുള്ള എയർ അറേബ്യയ്ക്ക് 3190 ദിർഹം, എയർ ഇന്ത്യാ എക്സ്പ്രസിന് 2987 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. അബുദാബിയിൽനിന്ന് ഇൻഡിഗോയ്ക്ക് 2900 ദിർഹം, എയർ ഇന്ത്യാ എക്സ്പ്രസിന് 3344, ഒമാൻ എയർ 4425, ഇത്തിഹാദ് 5617 ദിർഹം നൽകിയാലേ ടിക്കറ്റ് ലഭിക്കൂ.

യുഎഇയിൽനിന്ന് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കും സ്ഥിതി ഇതുതന്നെ. മടക്കയാത്ര വൈകുന്തോറും നിരക്ക് ഇനിയും കൂടും. കാരണം യുഎഇയിൽനിന്ന് വേനൽ അവധിക്ക് നാട്ടിൽ പോയവർ തിരിച്ചുവരേണ്ട സമയം അടുക്കുകയാണ്.

സെപ്റ്റംബർ 1ന് സ്കൂൾ തുറക്കുന്നതിനാൽ തിരിച്ചു വരുന്ന കുടുംബങ്ങളെ മുന്നിൽകണ്ട് നിരക്ക് ഇപ്പോൾ തന്നെ ഉയർത്തി. ഇതിനിടയിൽ ഓണം കൂടി വരുന്നതോടെ റോക്കറ്റ് വേഗത്തിലാണ് നിരക്ക് ഉയരുന്നത്. ഈ നിരക്ക് സെപ്റ്റംബർ രണ്ടാം വാരം വരെ തുടരും. ഈ സമയത്ത് ബന്ധുക്കളെ ഇങ്ങോട്ട് കൊണ്ടുവരിക എന്നതും അപ്രാപ്യമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.