പെരിന്തല്‍മണ്ണ: വലമ്പൂരിലെ കാമുകിയുടെ വീട്ടിലെത്തി മടങ്ങുന്നതിനിടെ യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതികള്‍ കീഴടങ്ങി. പെണ്‍കുട്ടിയുടെ ബന്ധുവായ വലമ്പൂര്‍ സ്വദേശി പണിക്കര്‍കുന്നില്‍ മുഹമ്മദ് ആദില്‍(22), ഇയാളുടെ സുഹൃത്തുക്കളായ വലമ്പൂര്‍ കലംപറമ്പില്‍ ഇര്‍ഷാദ് അലി(29), വൈലോങ്ങര സ്വദേശി ആലിക്കല്‍ ആസിഫ്(27) എന്നിവരാണ് പെരിന്തല്‍മണ്ണ പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്.[www.malabarflash.com]
കഴിഞ്ഞ ജൂണ്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പാതാക്കര സ്വദേശി ചുണ്ടമ്പറ്റ നാഷിദ് അലി(20) വലമ്പൂരിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മടങ്ങുന്നതിടേയാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് ബൈക്ക് വഴിയരികില്‍ വച്ചിരുന്നു. എന്നാല്‍, മടങ്ങിപ്പോകാന്‍ നോക്കുമ്പോള്‍ ബൈക്ക് കണ്ടില്ല. ഇത് അന്വേഷിക്കുന്നതിനിടെ ബൈക്ക് അടുത്തുള്ള കുന്നിന്മുകളിലുണ്ടെന്ന് പറഞ്ഞ് നാലംഗ സംഘം കൂട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ ബന്ധു ഉള്‍പ്പെടെയുള്ള സംഘമാണ് കുന്നിന്‍മുകളില്‍ എത്തിച്ച് മര്‍ദിച്ചതെന്ന് യുവാവ് പറയുന്നു. പിന്നീട് ഒരു വീട്ടിലും, റെയില്‍വേ പാളത്തിന് സമീപവും കൊണ്ടുപോയി യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും, കത്തികൊണ്ട് ശരീരമാസകലം കുത്തി മുറിവേല്‍പിച്ചതായും പരാതിയിലുണ്ട്.
ഏറെ സമയത്തെ മര്‍ദ്ദനത്തിന് ശേഷം സംഘം യുവാവിന്റെ ബന്ധുവിനെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുവും യുവാവിന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് നാഷിദ് അലിയെ പെരിന്തല്‍മണ്ണ ആശുപത്രിയിലെത്തിച്ചത്. അടിയേറ്റ് കാലിലും കയ്യിലും എല്ലിന് പൊട്ടലുമേറ്റ യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒരു സ്ത്രീയുള്‍പ്പെടെ രണ്ടുപ്രതികളെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. പ്രതി ചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ ഒളിവില്‍ പോവുകയുമായിരുന്നു.
പെരിന്തല്‍മണ്ണയിലെ ഒളിവിലായിരുന്ന പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ പോലിസിന് മുന്‍പില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കേസില്‍ ഇനിയും ഒരു പ്രതിയെക്കൂടി പിടികൂടാനുണ്ടെന്നും പെരിന്തല്‍മണ്ണ പോലിസ് അറിയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടിതി നേരത്തെ തള്ളിയിരുന്നു. മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ മൂന്നാം പ്രതി വലമ്പൂര്‍ കലംപറമ്പില്‍ ഇര്‍ഷാദലി, അഞ്ചാം പ്രതി വൈലോങ്ങര ആലിക്കല്‍ ആസിഫ്, ആറാം പ്രതി വലമ്പൂര്‍ പണിക്കര്‍കുന്നില്‍ മുഹമ്മദ് ആദില്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
No comments:
Post a Comment