Latest News

സ്വർണം പോളിഷ് ചെയ്ത് പുതിയതാക്കാമെന്ന വ്യാജേന ലായനിയിൽ മുക്കി തട്ടിപ്പ്: ബിഹാറി യുവാവ് പിടിയിൽ

ആലത്തൂർ: പഴയ സ്വർണം പോളിഷ് ചെയ്ത് പുതിയതാക്കാമെന്ന് വിശ്വസിപ്പിച്ച് ഒരു പവൻ തട്ടിയെടുത്ത യുവാവ് കുടുങ്ങി. ബിഹാറിലെ അറാറിയ സ്വദേശി വൈദ്യനാഥ് സാഹാണ് (42) കുത്തനൂരിൽ പിടിയിലായത്. സ്വർണം പോളിഷ് ചെയ്യുന്ന ലായനിൽ ഉരുക്കിയായിരുന്നു തട്ടിപ്പ്.[www.malabarflash.com]

വ്യാഴാഴ്ച രാവിലെ കുത്തനൂർ പൊന്നങ്കുളം ചിമ്പുകാട് സോമസുന്ദരത്തിന്റെ ഭാര്യ സത്യഭാമയാണ് (33) തട്ടിപ്പിനിരയായത്. വൈദ്യനാഥ് സാഹും മറ്റൊരാളും ഇവരുടെ വീട്ടിലെത്തി പഴയ സ്വർണം പോളിഷ് ചെയ്ത് പുതിയതുപോലെയാക്കാമെന്ന് പറഞ്ഞു.

സത്യഭാമ രണ്ടര പവന്റെ താലിമാല പോളിഷ് ചെയ്യാൻ നൽകി. ലായനിയിൽ മുക്കിയെടുത്ത മാല പുതിയതുപോലെയായി. കൈയിലെടുത്തപ്പോൾ തൂക്കം കുറഞ്ഞതായി തോന്നി. സംശയം തീർക്കാൻ പരിശോധിക്കുന്നതിനിടെ മാല പൊട്ടുകയും ചെയ്തു.

ഇതോടെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് ഇവർ ബഹളം കൂട്ടി. അയൽവാസികളും മറ്റും കൂടിയതോടെ വെദ്യനാഥ് സാഹിന്റെ കൂട്ടാളി ഓടിരക്ഷപ്പെട്ടു. വൈദ്യനാഥിനെ ഇവർ തടഞ്ഞുവെച്ചു. കുഴൽമന്ദം പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റുചെയ്തു. കൂട്ടാളിയുടെ പേരുപോലും അറിയില്ലെന്നാണ് വൈദ്യനാഥ് പോലീസിനോട് പറയുന്നത്.

സംഭവത്തിൽ കൂടുതൽ അന്വേഷണം വേണ്ടിവരുമെന്ന് എസ്.ഐ. എ. അനൂപ് പറഞ്ഞു. ലായനിയിൽ ലയിച്ച നിലയിലുള്ള സ്വർണം വീണ്ടെടുക്കേണ്ടതുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.