Latest News

ലക്ഷ്യം 30 ലക്ഷം,കിട്ടിയത് 4 ലക്ഷം: കേരളത്തിൽ എങ്ങുമെത്താതെ ബി.ജെ.പി അംഗത്വവിതരണം

തിരുവനന്തപുരം: അംഗത്വ പ്രചാരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ നിർദേശം കേരള ഘടകത്തിൽ വീണ്ടും പാളുന്നു. കേരളത്തിൽ 30ലക്ഷംപേരെ പാർട്ടി അംഗങ്ങളാക്കാനുള്ള നീക്കം എങ്ങുമെത്തിയില്ല.[www.malabarflash.com]

രണ്ടാഴ്ച മാത്രം ബാക്കി നിൽക്കേ കേരളത്തിൽ ഇതുവരെ ബി.ജെപിക്ക് ചേർക്കാൻ കഴിഞ്ഞത് നാല് ലക്ഷം അംഗങ്ങളെ മാത്രം. ആഗസ്റ്റ് 11നാണ് കേരളത്തിൽ അംഗത്വ പ്രചാരണം അവസാനിക്കുന്നത്. 

നിലവിൽ 21 ലക്ഷം അംഗങ്ങളാണ് കേരളത്തിൽ ബി.ജെ.പിക്കുള്ളത്. ഇവരുടെ അംഗത്വംപോലും ഇതുവരെ പുതുക്കാനായിട്ടില്ല. നിലവിലുള്ള അംഗത്വത്തിൽ 20 ശതമാനം വർദ്ധനവ് വരുത്തിയാൽ മാത്രമേ സംഘടനാ തിരഞ്ഞെടുപ്പ് നടത്താൻ കഴിയൂ. ആ നിലക്ക് 25 ലക്ഷം അംഗങ്ങളില്ലെങ്കിൽ സംഘടനാ തിരഞ്ഞെടുപ്പ് പോലും കേരളത്തിൽ നടത്താനാകില്ലെന്ന് നേതാക്കൾ സൂചിപ്പിക്കുന്നു.

ജൂൺ 7 നാണ് കേരളത്തിൽ അംഗത്വ പ്രചാരണം തുടങ്ങിയത്. ആഗസ്റ്റ് 11 ന് ക്യാമ്പയിൻ അവസാനിക്കും. ദേശീയ തലത്തിലുള്ള ക്യാമ്പയിന്റെ ഭാഗമായിരുന്നു ഇതും. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്. 

സാധാരണ ഗതിയിൽ നിലവിലുള്ള അംഗങ്ങൾ അംഗത്വം പുതുക്കേണ്ടതില്ല. 2021 വരെ അവർക്ക് അംഗത്വമുണ്ട് . എന്നാൽ, നിലവിലുള്ളവരോടും അംഗത്വം പുതുക്കാനാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്. ഇതുപ്രകാരം അംഗത്വ പ്രചാരണം തുടങ്ങിയെങ്കിലും പഴയതും പുതിയതുമായി 4 ലക്ഷത്തിൽ താഴെ അംഗങ്ങളെ മാത്രമാണ് ചേർത്തത്. സാധാരണഗതിയിൽ അവധി ദിവസമായ ഞായറാഴ്ചകളിലാണ് കാര്യമായ രീതിയിൽ ഗൃഹസമ്പർക്കവും അംഗത്വം പ്രചാരണവും നടക്കുന്നത്. ഇതുവരെ നടന്ന അംഗത്വ പ്രചാരണമൊന്നും ലക്ഷ്യത്തിലെത്തിയിട്ടില്ല.

ബി.ജെ.പി പ്രവർത്തകർ സമീപിക്കുമ്പോൾ ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണെങ്കിലും ബാച്ച് തിരിക്കാനും വീടുകയറാനും ആളെക്കിട്ടാത്തതാണ് പ്രശ്നമാണെന്ന് നേതാക്കളിൽ ചിലർ സൂചിപ്പിക്കുന്നു. സംസ്ഥാനത്ത് പാർട്ടി സംഘടനാ യന്ത്രം നിർജീവമാണെന്നാണ് ചില നേതാക്കൾ പറയുന്നത്. 

ലോക്സഭാ തിരഞ്ഞെ‌ടുപ്പിന് ശേഷം പ്രവർത്തകരെ ഒന്നിനും കിട്ടാത്ത അവസ്ഥ വന്നു. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണെങ്കിലും അത് പ്രയോജനപ്പെടുത്താൻ നേതൃത്വത്തിന് കഴിയുന്നില്ല എന്നാണ് പ്രവർത്തകരുടെ ആരോപണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.