Latest News

പോലീസുകാരെ നിയമം പഠിപ്പിച്ച ബൈക്ക് യാത്രക്കാരന്‍ (വീഡിയോ)

ആലപ്പുഴ: ഏമാന്മാർക്ക് എന്താ സീറ്റ് ബെൽറ്റ് ഇട്ടുകൂടേ? ബൈക്ക് യാത്രക്കാരനോട് ചോദ്യത്തിനു മറുപടിയായി, 'തനിക്കെന്തു വേണം' എന്നേ പോലീസ് ചോദിച്ചുള്ളൂ. ചോദ്യവും പറച്ചിലും ബൈക്കുകാരന്റെ ഹെൽമറ്റിലിരുന്ന് ഗോപ്രോ കാമറ പകർത്തുന്ന കാര്യം കാക്കികൾ അറിഞ്ഞതേയില്ല.[www.malabarflash.com] 

രണ്ടു മിനിട്ട് കഴിയും മുമ്പ് സംഗതി വാട്സ്ആപ്പിലെത്തി. ജില്ലാ പോലീസ് മേധാവിയുടെ മൊബൈലിലും രംഗം തെളിഞ്ഞു. ഏമാന്മാർക്ക് പണി കിട്ടുമെന്നത് കട്ടായമാവുകയും ചെയ്തു.

അരൂർ സ്റ്റേഷനിലെ അഡിഷണൽ എസ്‌ഐ വീരേന്ദ്രകുമാറും അസിസ്റ്റന്റ് എസ്‌ഐ സിദ്ധാർത്ഥും മന്ത്രിക്ക് എസ്കോർട്ട് ഡ്യൂട്ടി പോയ ശേഷം സ്റ്റേഷനിലേക്കു മടങ്ങുന്നതിനിടെയാണ് കാമറയുടെ കെണിയിൽ കുടുങ്ങിയത്. ഡ്രൈവിംഗ് സീറ്റിൽ അസി. എസ്.ഐ. സൈഡ് സീറ്റിൽ എ.എസ്.ഐ. രണ്ടുപേരും സീറ്റ് ബെൽറ്റ് ഇടാതെ വിശാലമായി ഇരുന്ന് ലാത്തിയടിച്ച് പോവുകയാണ്. ജീപ്പിനെ മറികടന്നെത്തിയ ബൈക്ക് യാത്രക്കാരന് നിയമലംഘനം സഹിച്ചില്ല. മോട്ടോർ വാഹന നിയമം പോലീസിനും ബാധകമാകേണ്ടതാണല്ലോ.

'സാറേ, സീറ്റ് ബെൽറ്റൊക്കെ ഇടാം.' ജീപ്പിനൊപ്പമെത്തി ബൈക്കുകാരൻ പറ‌ഞ്ഞെങ്കിലും ഏമാന്മാർ കേട്ട ഭാവം കാണിച്ചില്ല. പോരെങ്കിൽ, അതിന് തനിക്കെന്തു വേണം എന്നൊരു പോലീസ് മുറയും! ബൈക്കിലെ ഹീറോ, ജീപ്പ് മറികടന്ന് വട്ടംചുറ്റിനിന്ന് സിനിമാ സ്റ്റൈലിൽ നടന്നുവന്നു. ഉദ്യോഗസ്ഥരുടെ പേരും തസ്തികയും ചോദിച്ചറിഞ്ഞു. മുഴുവൻ സീനും ഡയലോഗ് സഹിതം ബൈക്കുകാരന്റെ ഹെൽമറ്റിലിരുന്ന് ഗോപ്രോ ആക്‌ഷൻ കാമറ പകർത്തുകയാണെന്ന് അവരെങ്ങനെ അറിയാൻ!

എന്തായാലും പണി മണത്തതോടെ ഏമാന്മാർ സീറ്റ് ബെൽറ്റൊക്കെ ഇട്ട് മാന്യമായി ആയിരുന്നു തുടർന്നുള്ള യാത്ര. സോഷ്യൽ മീഡിയയിൽ വൈറൽ ആയ പോലീസ് സീൻ അന്വേഷിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ് ജില്ലാ പോലീസ് മേധാവി കെ.എം. ടോമി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.