Latest News

പാരതന്ത്ര്യം വിധിക്കുന്ന സ്വാതന്ത്ര്യം

ഇന്ന് ആഗസ്റ്റ്‌ 15
നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതിമരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്‍പില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് വീണ്ടുമൊരു സ്വാതന്ത്യദിനം. 

ലക്ഷക്കണക്കിനാളുകള്‍ നിര്‍ഭയമായ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണീ സ്വാതന്ത്ര്യം. 
പക്ഷെ, ഇന്ന് ഭാരത ജനതയുടെ സ്വാതന്ത്ര്യവും, പരമാധികാരവും കൈയ്യാളുന്നത് ഒരു കൂട്ടം കോര്‍പ്പറേറ്റുകള്‍ ആണെന്നതാണ് വിഷമകരമായ ലജ്ജിപ്പിക്കുന്ന സത്യം. 

വിദേശമുതലാളിമാരില്‍ നിന്ന് സ്വാതന്ത്ര്യവും, പരമാധികാരവും ഇപ്പോള്‍ സ്വദേശി മുതലാളിമാരുടെ കൈകകളില്‍ എത്തി നില്‍ക്കുന്നു എന്നത് മാത്രമാണ് സാധാരണക്കാരായ ഭാരതീയര്‍ക്ക് അനുഭവപ്പെടുന്ന ഏക വ്യത്യാസം. 

ജനാധിപത്യം എന്നത് വെറും പണാധിപത്യം മാത്രമായി മാറിയിരിക്കുന്ന ദയനീയവും , അത്യന്തം ആപല്‍ക്കരവുമായ അവസ്ഥ . മതേതരത്വം എന്നത് ഇന്ന് ഭരണഘടനയിലെ വെറുമൊരു വാക്ക് മാത്രമായി അധപ്പതിച്ചിരിക്കുന്നു .
സാമ്രാജ്യത്വ ശക്തികളുടെയും, സ്വദേശി – വിദേശി കോര്‍പ്പറേറ്റുകളുടെയും അധികാര ദല്ലാളുകളെ പടിയടച്ച് പിണ്ഡം വച്ച്, വര്‍ഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്തി, മതേതരത്വവും, ജാനാധിപത്യവും, ഭാരതത്തിന്‍റെ പരമാധികാരവും, അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സ്വന്തം ജീവന്‍ കൊടുത്തും പ്രയത്നിക്കുമെന്ന് ഈ സ്വാതന്ത്ര്യദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം

ചിറകരിയപ്പെട്ട കിളിക്ക് തുറന്നുകിട്ടുന്ന
ആകാശമാണോ സ്വാതന്ത്ര്യം?
നിരക്ഷരതയുടെ അന്ധകാരത്തില്‍
കഴിയാന്‍ …
അണയാത്ത വിശപ്പിന്‍റെ എരിതീയില്‍
പിടയാന്‍ …
ആകാശംമാത്രം മേല്ക്കൂമേല്‍ക്കൂരയാകുന്ന തെരുവോരങ്ങളില്‍
കൊടും തണുപ്പില്‍ മരവിച്ചു
മരിക്കാന്‍ …
കടക്കെണിയില്‍ കുരുങ്ങി
ആത്മഹത്യ ചെയ്യാന്‍ …
ഇതിനൊക്കെയുള്ള സ്വാതന്ത്ര്യമാണ്
ഇതേ ആഗസ്ത് പതിനഞ്ച്
കടന്നുപോകുമ്പോഴും കോടിക്കണക്കിന്
ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യം .

ലോകത്തെ ശതകോടീശ്വരന്മാരുടെ
തിളക്കമുറ്റ പട്ടികയില്‍
ഒന്നാമനാകാന്‍ …
ആറക്കത്തിനുമപ്പുറമുള്ള
കോടികളിലേക്ക്
സ്വകാര്യനിക്ഷേപങ്ങള്‍
പെരുപ്പിക്കാന്‍ …
സാമ്രാജ്യത്വമള്‍ട്ടി കോര്‍പ്പറേറ്റുകളുടെ
ദല്ലാളുകളാകാന്‍ …
മന്ത്രിമാരെ പകിടകളെ പോലെ
എടുത്തുപെരുമാറാന്‍ …
ഇതിനൊക്കെയുള്ള സ്വാതന്ത്ര്യമാണ്
ഇതേ ആഗസ്ത് പതിനഞ്ച്
കടന്നുപോകുമ്പോഴും അപൂര്‍വ്വം
ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യം

എങ്കിലും കാലം നമുക്ക് പറഞ്ഞുതരുന്നു,
ഏതു കര്‍ക്കട കരിങ്കാവിനു
മപ്പുറത്ത് ഒരു പൊന്‍ ചിങ്ങപ്പുലരിയുണ്ടെന്ന്.
ഏത് പീഡാനുഭവത്തിന്‍റെ
ദുഃഖവെള്ളിക്കുമപ്പുറത്ത്
ഒരു ഉയിര്‍ത്തെഴുന്നെല്‍പ്പിന്‍റെ
ഞായറുണ്ടെന്ന്.
ഏതു യാതനാകാലത്തിനുമപ്പുറത്ത്
വിമോചനത്തിന്‍റെ
മഹാസ്വാതന്ത്ര്യമുണ്ടെന്ന്!
മനുഷ്യത്വത്തിന്‍റെ
മഹാവസന്തമുണ്ടെന്ന് …
ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ

-ജൗഹർ അസ്നവി വലിയവളപ്പ്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.