Latest News

മുത്തശ്ശിയെ കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന ചെറുമകന്‍ പിടിയില്‍

തൃശൂര്‍: മുത്തശ്ശിയെ കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ചെറുമകന്‍ അറസ്റ്റില്‍. തൃശൂര്‍ കൊരട്ടി സ്വദേശിയായ 30 വയസ്സുകാരനായ പ്രശാന്താണ് അറസ്റ്റിലായത്.[www.malabarflash.com]

തൃശൂര്‍ മാമ്പ്ര സ്വദേശിനി സാവിത്രി (70) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. മൂന്ന് പവന്റെ മാല തട്ടിയെടുത്ത് നാടുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രശാന്ത് പിടിയിലായത്. തൃശ്ശൂര്‍ കൊരട്ടിയിലെ മകളുടെ വീട്ടിലെത്തിയ സാവിത്രിയാണ് കൊല്ലപ്പെട്ടത്. 

മകളും മകളുടെ ഭര്‍ത്താവും പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് സാവിത്രി മരിച്ചുകിടക്കുന്നത് കണ്ടത്. ഉടന്‍ പോലിസിനെ വിവരമറിയിക്കുകയായിരുന്നു.പോലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ പ്രശാന്ത് ആണ് സംഭവത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിരുന്നു. 

ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി എന്നു കണ്ടെത്തിയ പോലിസ് സാവിത്രിയുടെ മരണശേഷം സ്വര്‍ണമോ മറ്റു വിലപ്പിടിപ്പുളള വസ്തുക്കളോ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.

അന്വേഷണത്തില്‍ സാവിത്രിയുടെ മൂന്ന് പവന്റെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി കണ്ടെത്തിയ പോലിസ് സമീപത്തെ ജ്വല്ലറികളും പണമിടപാട് സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതിലൊരിടത്ത് മകളുടെ മകന്‍ സ്വര്‍ണം പണയം വച്ച് പണം വാങ്ങി പോയതായി കണ്ടെത്തി. തുടര്‍ന്ന് ജില്ലയില്‍ ഒട്ടാകെ നടത്തിയ തിരച്ചലിലാണ് പ്രശാന്ത് പിടിയിലായത്. 

നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ ആമ്പല്ലൂരില്‍ വച്ചാണ് പ്രതിയെ പോലിസ് പിടികൂടിയത്. സ്വര്‍ണം മോഷ്ടിച്ചത് സാവിത്രി മനസ്സിലാക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലിസ് പറയുന്നു. ഇയാള്‍ കഞ്ചാവിന് അടിമയാണെന്ന് പോലിസ് പറയുന്നു. സ്വകാര്യ ബസിലെ കണ്ടക്ടറാണ് അറസ്റ്റിലായ പ്രശാന്ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.