Latest News

ചാവക്കാട് നൗഷാദ് വധം: എസ്ഡിപിഐ പ്രവര്‍ത്തകന്‍ പിടിയില്‍

തൃശൂർ: ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിന്റെ കൊലപാതകത്തിൽ പ്രതി എസ്ഡിപിഐ പ്രവർത്തകൻ മുബീൻ അറസ്റ്റിൽ. എസ്ഡിപിഐ പ്രവർത്തകനായ നസീബിനെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം മർദിച്ചതാണു കൊലയ്ക്കു കാരണമെന്ന് മുബീൻ പറഞ്ഞു.[www.malabarflash.com]

നിരവധി കേസുകളില്‍ പ്രതിയാണ് ചാവക്കാട് നാലാംകല്ല് സ്വദേശി മുബീന്‍. ഗുരുവായൂരിൽ ഒളിവിൽ കഴിയുന്നതിനിടെ കുന്നംകുളം എസിപി ടി.എസ്.സിനോജും സംഘവുമാണ് മുബീനെ അറസ്റ്റ് ചെയ്തത്.


എസ്ഡിപിഐ പ്രവർത്തകൻ നസീബിനെ കോൺഗ്രസുകാർ നേരത്തേ ആക്രമിച്ചിരുന്നു. ഇതിന്റെ പകയാണു കൊലയ്ക്ക് ഒരു കാരണം. ഇതിനു പുറമെ നൗഷാദിന്റെ സ്വാധീനം കാരണം എസ്ഡിപിഐ സംഘടനയിൽ നിന്നു നിരവധി യുവാക്കൾ കോൺഗ്രസിൽ ചേർന്നു. എസ്ഡിപിഐ പ്രാദേശിക നേത്യത്വത്തിന്റെ അറിവോടെയായിരുന്നു കൊല. രണ്ടു തവണ നൗഷാദിനെ കൊല്ലാൻ ആളെത്തിയിരുന്നു. അപ്പോഴെല്ലാം നൗഷാദിനൊപ്പം നിരവധി യുവാക്കൾ ഉണ്ടായിരുന്നു.


എസ്ഡിപിഐ പ്രാദേശിക നേതാവ് കാരി ഷാജിയായിരുന്നു നൗഷാദിന്റെ നീക്കങ്ങൾ നിരീക്ഷിച്ചത്. കൊലയാളി സംഘത്തിലെ മറ്റുള്ളവരുടെ പേരുകൾ മുബീൻ വെളിപ്പെടുത്തി. നിരവധി ദിവസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ഒടുവിലാണ് കൊല നടത്തിയത്. നൗഷാദ് ജീവിച്ചിരുന്നാൽ എസ്ഡിപിഐ ഒരിക്കലും ചാവക്കാട് പുന്ന മേഖലയിൽ വളരില്ലെന്നു പാർട്ടി കണക്കുകൂട്ടി. അങ്ങനെയാണു കൊല്ലാൻ തീരുമാനിക്കുന്നത്.


സിഐമാരായ കെ.ജി.സുരേഷ് , ജി.ഗോപകുമാർ തുടങ്ങിയവരാണു പ്രതികളെ കുടുക്കാൻ അന്വേഷണം നടത്തിയത്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ ഉടൻ കുടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

കഴിഞ്ഞ ചൊവ്വാഴ്ച ചാവക്കാട് പുന്ന സെന്ററിൽ സംസാരിച്ചു നിൽക്കുമ്പോഴാണ് നൗഷാദിനെ വെട്ടിക്കൊന്നത്. പ്രതികളെ പിടികൂടാൻ വൈകിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.