Latest News

ഖാസി കേസ്; കൊലയാളികളെ സംരക്ഷിക്കുന്നവരെ വെല്ലുവിളിച്ച് പേരമകന്‍

കാസര്‍കോട്: മൗനം കൊണ്ട് ചെമ്പിരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ സംരക്ഷിക്കുന്നവരെ വെല്ലുവിളിച്ച് ഖാസിയുടെ പേരമകന്‍ രംഗത്ത്.[www.malabarflash.com]

മുമ്പ് കോഴിക്കോട് നടന്ന സമസ്തയുടെ സമര പ്രഖ്യാപനത്തില്‍ സമസ്ത സംസ്ഥാന വൈസ് പ്രസിഡണ്ടിനെതിരെ മുദ്രവാക്യം വിളിച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്ന ഖാസിയുടെ പേരമകന്‍ സെലീം ദേളിയാണ് ഫെയ്‌സ്ബുക്കിലൂടെ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
സമസ്ത നടപടിയെടുത്ത താങ്കള്‍ക്ക് ഇത് പറയാന്‍ അവകാശമില്ല എന്ന് പറഞ്ഞു വരുന്നവരോട് ഞങ്ങളുടെ വല്ലിപ്പാനെ കൊന്നവര്‍ക്കെതിരെയും മൗനം കൊണ്ട് സംരക്ഷിക്കുന്നവര്‍ക്കെതിരെയും ഇനിയും ശബ്ദിക്കും. അതിന് നിങ്ങളുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സലീം പറയുന്നു.
സെലീം ദേളിയുടെ ഫെ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.
വല്ലിപ്പാനെ കൊന്നിട്ടും അരിശം തീരാത്തവരോടും, മൗനം കൊണ്ട് കൊലയാളികളെ സംരക്ഷിക്കുന്നവരോടും,

വല്ലിപ്പാന്റെ കൊലയാളികൾക്കെതിരെ സംസാരിച്ചാൽ വിമതരാക്കുന്ന ഒരുപറ്റം വ്യക്തിപൂജ വാദികൾ ഇന്ന് സമസ്തയിലുണ്ട്. അവരൊടൊക്കെ ചിലത് പറഞ്ഞേ തീരൂ. ഞങ്ങളെ സമസ്തയുടെ വൈസ് പ്രസിഡണ്ടായിരുന്നു. അദ്ദേഹത്തിൻറെ ചിന്തയും അക്കാഡമിക് പ്രവർത്തനങ്ങളും ഞാൻ പറയുന്നില്ല. ആദ്യം അദ്ദേഹത്തോട് സംഘടന നീതിപുലർത്തട്ടെ എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്.

2020 ഫെബ്രുവരി 15 ആവുന്നതോടുകൂടി കൊലപാതകത്തിന് 10 വർഷം തികയും. ഇതുവരെ കൊലപാതകിയെ കണ്ടെത്താൻ, പോട്ടെ ശരിയായ രീതിയിൽ അന്വേഷണം നടത്തിക്കാൻ പോലും ആർക്കും കഴിഞ്ഞിട്ടില്ല. സമുദായ സ്നേഹവും സംരക്ഷണവും നൽകുന്ന ലക്ഷോപലക്ഷം അണികളുള്ള സംഘടന ഇവിടെ ഉണ്ടായിട്ടുപോലും. രാഷ്ട്രീയ കരുത്തും സ്വാധീനമുള്ള സമുദായ പാർട്ടിക്ക് ഭരണം ലഭിച്ചിട്ടും, കേന്ദ്രത്തിൽ മന്ത്രിയായിട്ടും ഒരിലനക്കം ഇതുവരെ ഉണ്ടാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്തു സമുദായ ദൗത്യമാണ് പൂർത്തീകരിച്ചത്. ഇ ടി മുഹമ്മദ് ബഷീറിൻറെ വീര പ്രഖ്യാപനവും വെറുതയാണെന്ന് ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു.

ഹഖിന്റെ വഴി, ഔലിയാക്കന്മാരുടെ പാത ഇതൊക്കെ ഭംഗി വാക്കുകളെല്ല. ഞങ്ങളെവിടെയും പുതിയ ആദർശമോ ആശയമോ കൊണ്ട് വന്നിട്ടില്ല. സമസ്തക്കെതിരെ എന്നാക്കി ഞങ്ങളെ മാറ്റി നിർത്താനും ക്ലാസെടുക്കാനും ആരും വരണ്ട. സമസ്ത വ്യക്തിയല്ല വ്യക്തിപൂജയുമല്ല. പത്ത് വർഷക്കാലമായി സംഘടനക്കകത്ത് കേസ് ചെവിയിൽ ഓതിക്കൊടുക്കാൻ തുടങ്ങിയിട്ട്. സി.എം ഉസ്തൊദിന്റെ മരണത്തിന് ശേഷം ഇന്നേ വരെയുള്ളവരെ നേരിട്ട് നിലവിലെ മുതിർന്ന നേതൃത്വങ്ങളൊക്കെ കണ്ടു. സംസാരിച്ചു. എല്ലാം മനസ്സിലായി. പലരെയും കുറിച്ചുള്ള മനസ്സിൽ കരുതിയിരുന്ന മതിപ്പുകളുടെ വിഗ്രഹങ്ങൾ തകർന്നു. അതൊക്കെ ഇവിടെ എഴുതാൻ ഉദ്ദേശിക്കുന്നില്ല.

പിന്നെ ചില ആളുകൾക്ക് ചില ചോദ്യങ്ങളുണ്ട്. നിങ്ങൾക്ക് തെളിവുണ്ടെങ്കിൽ പ്രതികളെ കണ്ടുപിടിച്ചുടെ എന്ന്. ഞങ്ങളാണോ ഇവിടത്തെ നിയമ വ്യവസ്ഥ. ഞങ്ങൾ സംശയം തോന്നാനുണ്ടായ കാരണങ്ങളും തെളിവുകളും അന്വേഷണ സംഘങ്ങൾക്ക് കൈമാറിയിട്ടുണ്ട്. സംഘടനക്കകത്തും നൽകിയിട്ടുണ്ട്. എന്നാ പിന്നെ സംശയമുള്ളവരുടെ പേര് നിങ്ങൾക്ക് പുറത്തുവിട്ടൂടെ എന്നായി അടുത്ത ചോദ്യം. എന്നാ പറയട്ടെ ഇവിടത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് എന്താ പണി? ആരുടെ കാലു നക്കലാണ് ലക്ഷ്യം? ആരെ സംരക്ഷിക്കുകയാണവർ? ഇവിടെ ഒരു നിയമ സംവിധാനമുണ്ട് അതിനകത്ത് നിന്ന് കൊണ്ടാണ് ഞങ്ങൾ കേസ് നടത്തുന്നത്. ഞങ്ങൾ സമരം ചെയ്യുന്നു. ഞങ്ങൾക്ക് ലക്ഷ്യം ഇത്രയേയുള്ളൂ കേസ് കൃത്യമായ അന്വേഷിക്കുക. യഥാർത്ഥ പ്രതികളെ പിടികൂടുക. അതിന് വേണ്ടി ഈ വായാടികൾ എന്തൊക്കൊ നടത്തി. പേരുകൾ വെളിപ്പെടുത്താൻ പറയുന്നവർ ഒരു കാര്യം നിങ്ങൾ ചെയ്യണം. പറഞ്ഞു തരാം. ആദ്യം ബഹു. നാസർ ഫൈസി കൂടത്തായി വെളിപ്പെടുത്തിയ ഭീഷണിപ്പെടുത്തൽ ചെയ്തവർ ആരാന്ന് ചോദിക്കണം.

ബഹു. സത്താർ സാഹിബ് ഫേസ്ബുക്കിൽ കുറിച്ച കാര്യങ്ങളെടുക്കാം.

"ചെമ്പരിക്ക കടലിൽ മയ്യിത്ത് കണ്ടെത്തിയത് മുതൽ സി ബി ഐ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന് വാർത്തകൾ വരുന്ന ഈ സമയത്തും കേസിൽ സത്യാവസ്ഥ പുറത്ത് വരണമെന്ന കാര്യത്തിൽ സമസ്തയിലോ കീഴ്ഘടകങ്ങളില്ലാ രണ്ടഭിപ്രായമില്ല. എന്നാൽ കാസർഗോഡ് ജില്ലയിൽ നിന്ന് വിഷയത്തിൽ മറ്റുള്ളവരേക്കാൾ ആർജവത്തോടെ ഇടപെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടവർ അലംഭാവം കാണിച്ചതിന് സമസ്ത ഉത്തരവാദിയല്ല. അതിൽ സഹപ്രവർത്തകർ, രാഷ്ട്രീയ പ്രമുഖർ , സ്ഥാപന മാനേജ്മെന്റ് etc... അങ്ങനെ പലരുമുണ്ടാകാം .
ഇനി ഇടപെടുന്നുവെന്ന വ്യാജേന ഒട്ടേറെ ആക്ഷൻ കമ്മിറ്റികൾ അക്കാലത്ത് കാസർഗോഡ് പ്രദേശങ്ങളിൽ രംഗത്ത് വന്നിരുന്നു. ഒരേ വിഷയത്തിൽ ഒട്ടേറെ ആക്ഷൻ കമ്മിറ്റികൾ പ്രവർത്തിക്കുന്നത് വിപരീത ഫലമുണ്ടാക്കുമെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലൊ. അവർ എവിടെപ്പോയി ? അവരുടെ ഉദ്ദേശമെന്തായിരുന്നു ? ഇക്കാര്യത്തിൽ അവരുടെ സംഭാവന എന്തൊക്കെയാണ് ? അവർ ഇപ്പോൾ ഈ വിഷയത്തിൽ സ്വീകരിക്കുന്ന സമീപനമെന്താണ് ?"

മറ്റുള്ളവരേക്കാൾ ആർജവത്തോടെ ഇടപെടുമെന്ന് പ്രതീക്ഷിക്കപ്പെട്ടവർ അലംഭാവം കാണിച്ച കാസറഗോഡ് ജില്ലയിലെ പ്രമുഖർ ആരൊക്കെയാണ്. അതും കൂടി അദ്ദേഹം പറയുന്നു. സഹപ്രവർത്തകർ, രാഷ്ട്രീയ പ്രമുഖർ , സ്ഥാപന മാനേജ്മെന്റ് etc... അങ്ങനെ പലരുമുണ്ടാകാം.
ഇനി പറ ആരൊക്കെയായിരുന്നു സി.എം ഉസ്താദിന്റെ സഹപ്രവർത്തകർ? ജില്ലയിൽ രാഷ്ട്രീയ പ്രമുഖരോ? സ്ഥാപനം എം.ഐ.സി ചട്ടഞ്ചാൽ. അതിലെ മാനേജ്മെന്റ്. ഇവരിൽ സമസ്തയുടെ ഭാഗമായവരില്ലെ? അവരുടെ ഉത്തരവാദിത്വങ്ങൾ അവർ നിർവഹിച്ചില്ല എന്ന് അദ്ദേഹം പറയുന്നു. ഇത് ആരാണ് ചർച്ച ചെയ്യേണ്ടത്? കുറ്റക്കാർക്കെതിരെ നടപടിയെടുക്കേണ്ടെ? അതിനേക്കാൾ വലിയ കാര്യമിതാണ് ഇവർ എന്തിനാണ് സി എം ഉസ്താദിനെ കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിച്ചത്? ഇതാണ് സമസ്തയും പൊതുജനവും മനസിലാക്കേണ്ടത്

അനീതികൾക്കെതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കുന്ന ബഹുമാനപ്പെട്ട ഡോ.ബഹാവുദ്ദീൻ നദ് വി ഉസ്താദ് 2019 മാർച്ച് 10ന് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം ദിനപത്രത്തിൽ എഴുതിയതിങ്ങനെയാണ്,
''സമസ്തയുടെ സമുന്നതനായ ഒരു പണ്ഡിതനെ ഇരുട്ടിന്റെ മറവില്‍ നിഷ്‌ക്കാസനം ചെയ്തു പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ അത് ആത്മഹത്യയാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ചില ദുഃശ്ശക്തികള്‍ നടത്തുന്നത്. അദ്ദേഹം വിയര്‍പ്പൊഴുക്കി സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപന സമുച്ചയങ്ങളുടെ ഭരണ സാരഥ്യത്തിന്റെ മറവില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ചില വന്‍തോക്കുകളാണ് ഘാതകരായതെന്നാണ് കാസര്‍ഗോഡ് മേഖലയിലെ ചില അഭിജ്ഞവൃത്തങ്ങളുടെ നിഗമനം."
അപ്പോൾ നേതാക്കർക്കൊക്കൊ കാര്യങ്ങൾ
തിരിച്ചറിഞ്ഞിരിക്കുന്നു. എന്നാ പിന്നെ അണികളോട് പറഞ്ഞാലെന്തെ?

ബഹുമാനപ്പെട്ട അമ്പലക്കടവ് ഫൈസി ഉസ്താദിനോട് മരണദിവസം തന്നെ ആത്മഹത്യയെന്ന് പറഞ്ഞ വ്യക്തിയുടെ പേരും കൂടി പുറത്ത് പറയട്ടെ. നേതാക്കൾക്ക് പബ്ലിക്കായി പറയാൻ പറ്റില്ലെങ്കിൽ വേണ്ട. സംഘടനക്കകത്ത് പറഞ്ഞാൽ തന്നെ ബോധ്യപ്പെടുമല്ലോ. സമസ്ത സീനിയർ വൈസ് പ്രസിഡണ്ടായിരുന്ന സിഎം ഉസ്താദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങൾ പുറത്ത് പറഞ്ഞ സ്ഥിതിക്ക് സംഘടനക്കകത്ത് ചിലരുടെ കൈകളുണ്ട് എന്ന് ബോധ്യപ്പെടാൻ കൂടുതൽ ബുദ്ധി വേണം എന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ട് തന്നെ ആരോപണം നേരിടുന്നവരെ സംഘടനാ തലത്തിൽ അന്വേഷണത്തിന് വിധേയമാക്കണമെന്ന് പറയുന്നത് സമസ്തക്ക് സംഘടന സംവിധാനമുള്ളത് കൊണ്ടാണ്. (ആലിബാവയെ അന്വേഷിക്കാൻ വിട്ടിട്ട് ആ റിപ്പോർട്ടിന് എന്തു പറ്റി എന്നും അറിയാനും താൽപര്യമുണ്ട്.)

കുടുംബവും ആക്ഷൻ കമ്മിറ്റിയും നടത്തുന്ന സമരം 320 ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്. സമരം ഒരു വർഷം തികയുന്നു. കൊലയാളികളായ കൊമ്പൻ സ്രാവുകളെയും മൗനം നടിക്കുന്ന പകൽമാന്യന്മാരെയും അഭിമുഖീകരിച്ച് തന്നെയാണ് സമരം നടത്തുന്നത്.

ബഹുമാനപ്പെട്ട ത്വാഖാ ഉസ്താദിനെ വിമർശിക്കുകയാണ് ചിലർ. കേസിൽ ആകെ ശബ്ദിക്കുന്നത് അദ്ദേഹം മാത്രമാണ്. അദ്ദേഹത്തിനെതിരെയാണ് കുറച്ചുപേർ. നിങ്ങൾ എന്താ ഇപ്പോഴും കരുതുന്നത് ഉസ്താദിനെ കൊന്നത് ഏതോ അന്യഗ്രഹ ജീവികളെന്നോ? സി.ബി.ഐ ക്ക് പോലും തെളിവുകൾ കിട്ടാത്തപ്പോൾ എങ്ങനെയാണ് ത്വാഖാ ഉസ്താദിന് തെളിവുകൾ കിട്ടുന്നതെന്നാണ് ചോദ്യം. എങ്ങനെയാണ് ശരിക്കും നിങ്ങളെന്താ പറയുന്നത്? സി.ബി.ഐ ശരിയാണെന്നോ?എന്നാൽ അങ്ങ്ട് പറയ് സി.എം ഉസ്താദ് ആത്മഹത്യ ചെയ്തതെന്ന്. ഹേയ്…..
ഞങ്ങൾക്ക് അങ്ങനെ ഒരു അഭിപ്രായം ഇല്ല ല്ലെ…..

പ്രിയമുള്ളവരെ, സി എം ഉസ്താദിനെ കൊന്നത് മറ്റാരുമല്ല. ചില ദുഷ്ശക്തികളുടെ കൊള്ളരുതായ്മകൾക്ക് ദീനിനെ വിൽക്കാൻ അദ്ദേഹം കൂട്ട് നിന്നില്ല അത്രയെങ്കിലും മനസിലാക്ക്. സിബിഐ രണ്ടുപ്രാവശ്യം അന്വേഷിച്ചിട്ടും തെളിവുകൾ കിട്ടാത്തത് എന്തേ എന്നല്ലെ തോന്നുന്നത്. കൊലപാതകത്തിനുള്ള തെളിവുകൾ കിട്ടാത്തതല്ല. ഈ നിലപാട് മാറ്റാതെ സി.ബി.ഐ രണ്ടല്ല രണ്ടായിരം പ്രാവശ്യം അന്വേഷിച്ചാലും പ്രതികളെ പിടികൂടുകയില്ല. ഇതേ സി ബി ഐ രണ്ടുപ്രാവശ്യം റിപ്പോർട്ട് കോടതിയിൽ വെച്ചപ്പോൾ രണ്ട് തവണയും കോടതി തള്ളുകയാണുണ്ടായത് സിബിഐ യെ കൊള്ളുകയായിരുന്നില്ല.

ഞങ്ങൾക്ക് വലിയ സ്വാധീനങ്ങളില്ല. പണത്തിന്റെ കൂമ്പാരവുമില്ല. കൂടെയുള്ളത് സാധാരണക്കാർ മാത്രം. ഈ സമരം ആരെയും പ്രതിചേർക്കാനുള്ളതല്ല മറിച്ച് ഒരൊറ്റ പ്രതിയും രക്ഷപ്പെടാതിരിക്കാനുള്ളതാണ്. ചോരക്കറ പുരണ്ട കൈകൾ എത്ര തവണ കടലിൽ മുക്കിയാലും മാറുകയില്ല. എത്ര നല്ല വസ്ത്രം ധരിച്ചാലും മറയുകയുമില്ല. ക്രൂരന്മാരുടെ ചെയ്തികൾ തെരുവിൽ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ചോദ്യം ചെയ്യാനുള്ള ഇച്ഛാ ശക്തിയും നീതിക്കുവേണ്ടിയുള്ള തീരാത്ത വേദനയുമാണ് ഞങ്ങളുടെ വീര്യം.

NB : സമസ്ത നടപടിയെടുത്ത താങ്കൾക്ക് ഇത് പറയാൻ അവകാശമില്ല എന്ന് പറഞ്ഞു വരുന്നവരോട് ഞങ്ങളുടെ വല്ലിപ്പാനെ കൊന്നവർക്കെതിരെയും മൗനം കൊണ്ട് സംരക്ഷിക്കുന്നവർക്കെതിരെയും ഇനിയും ശബ്ദിക്കും. അതിന് നിങ്ങളുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.