Latest News

ഉദുമ പടിഞ്ഞാർ ഒദവത്ത് വയൽ വെള്ളപൊക്ക ഭീഷണിയിൽ; അമ്പത് വീട്ടുകാർ ദുരിതത്തിൽ

ഉദുമ: ഉദുമ പടിഞ്ഞാർ ഒദവത്ത് വയലിൽ വെള്ളം കയറി അമ്പതോളം വീട്ടുകാർ ദുരിതമനുഭവിക്കുന്നു.[www.malabarflash.com]

പടിഞ്ഞാർ പള്ളിക്ക് സമീപത്തെ പി.വി. അബ്ദുല്ലക്കുഞ്ഞി, തായത്ത് അബ്ദുൽ റഹിമാൻ, പരേതനായ മുക്രി മുഹമ്മദ് ഹാജി ,പാണ്ഡ്യല മുഹമ്മദ്, ഇബ്രാഹിം, എ.ഷരീഫ്, ആഷിഖ്, ഖാദർ , ഹനീഫ തച്ചരക്കുന്ന്, കെ.യാസർ, ഹംസ തുടങ്ങിയവരുടെ വീടുകളാണ് വെള്ള ഭീഷണി നേരിടുന്നത്. 

പല വീടുകളുടെയും മുറ്റത്ത് വെള്ളം കെട്ടി നിൽക്കുന്നു. കനത്ത മഴ പെയ്താൽ വെള്ളം വീടിനകത്ത് എത്താവുന്ന അവസ്ഥയിലാണ്. പടിഞ്ഞാർ പള്ളി റോഡ് ഉയരത്തിൽ കോൺക്രീറ്റ് ചെയ്തത് കൊണ്ടാണ്
ഒദവത്ത് വയൽ വെള്ളത്തിൽ മുങ്ങാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് കോൺക്രീറ്റ് ചെയ്യുമ്പോൾ ഓവുചാൽ നിർമ്മിച്ചിരുന്നില്ല .ഇത് കാരണം പടിഞ്ഞാർ ഭാഗത്ത് നിന്നും കുത്തിയൊലിച്ച് വരുന്ന മഴവെള്ളം പള്ളി റോഡിലൂടെ ഒഴുകി ഒദവത്ത് വയലിൽ എത്തുന്നു. ശക്തമായ മഴ പെയ്യുമ്പോൾ പള്ളി റോഡിൽ വെള്ളം കെട്ടി നിൽക്കുന്നു. പടിഞ്ഞാർ മദ്രസ, ജെംസ് സ്കൂൾ, അംബിക സ്കൂൾ എന്നിവിടങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികളും , പടിഞ്ഞാർ ജുമാ മസ്ജിദ്, തെരു അമ്പലം എന്നിവിടങ്ങളിലേക്ക് പോകേണ്ടവരും വെള്ളകെട്ട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു. റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഈ ഭാഗത്തേക്ക് ഓട്ടോറിക്ഷ വിളിച്ചാൽ പോലും വരുന്നില്ല. റോഡിന്റെ ഇരുഭാഗത്തും ഓവുചാൽ നിർമ്മിച്ച് മഴവെള്ളം ഒദവത്ത് വയലിലെ തോട്ടിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.