Latest News

യുഎസിലെ ആദ്യ ഏഷ്യൻ വംശജയായ വനിതാ ജഡ്ജി കാസര്‍കോട്ടെ മരുമകള്‍

ചിറ്റാരിക്കാൽ: യുഎസിലെ ആദ്യ ഏഷ്യൻ വംശജയായ വനിതാ ജഡ്ജി ജൂലി മാത്യു ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി കാസർകോട്ടെ വീട്ടിൽ. ഭീമനടി നടുവിലേയിൽ ജിമ്മി മാത്യുവിന്റെ ഭാര്യയായ ജൂലി യുഎസിലെ ടെക്സസ് എന്ന സംസ്ഥാനത്തെ ഫോർട്ട്ബെന്റ് എന്ന കൗണ്ടിയിലെ (ജില്ലയുടെ തത്തുല്യം) ജഡ്ജിയാണ്. കഴിഞ്ഞ നവംബറിൽ ആണു ചുമതലയേറ്റത്.[www.malabarflash.com]

തിരുവല്ല വെണ്ണിക്കുളം സ്വദേശികളായ തോമസ് ഡാനിയേൽ, സൂസമ്മ ദമ്പതികളുടെ മകളായ ജൂലി 32 വർഷം മുൻപാണ് യുഎസിലെത്തിയത്. ഡെലവെയർ ലോ സ്കൂളിൽ നിന്നു നിയമ ബിരുദം കരസ്ഥമാക്കിയ ശേഷം അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങി. 

14 വർഷത്തിനു ശേഷമാണ് ഫോർട്ട്ബെന്റ് കൗണ്ടി ജഡ്ജി തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായത്. വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം ജനപിന്തുണ കൂടിയുണ്ടെങ്കിലേ യുഎസിൽ ന്യായാധിപയാകാൻ കഴിയൂ.

യുഎസിലെ ഏറ്റവും വൈവിധ്യമുള്ള ജനത അധിവസിക്കുന്ന അഞ്ചു കൗണ്ടികളിലൊന്നാണ് ഫോർട്ട്ബെന്റ്. സ്ഥലത്തിന്റെ ഈ വൈവിധ്യം നിയമപാലന രംഗത്തും പ്രതിഫലിക്കണമെന്ന ആശയത്തിലൂന്നിയായിരുന്നു പ്രചാരണം. പല പ്രചാരണ വേദികളിലും ഉയർന്ന ‘ഫോർട്ട്ബെന്റിന് വേണം ആദ്യ ഏഷ്യൻ വംശജയായ ജഡ്ജി’ എന്ന മുദ്രാവാക്യം ജൂലിക്ക് അനുകൂല ഘടകമായി മാറി. എതിർപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിക്ക് 45.9 ശതമാനം വോട്ട് ലഭിച്ചപ്പോൾ 54.1 ശതമാനം വോട്ട് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ജൂലി തിരഞ്ഞെടുക്കപ്പെട്ടു.

ക്രിമിനൽ കേസുകൾക്കു പുറമെ ലഹരി, കുടുംബപ്രശ്നങ്ങൾ, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നീ കേസുകളും കൈകാര്യം ചെയ്യുന്ന കോടതിയിലെ ജഡ്ജിയാണ് ജൂലി. വിവാഹം നടത്താൻ പോലും കോടതിയെ സമീപിക്കുന്നവർ യുഎസിലുണ്ടെന്ന് ജൂലി പറയുന്നു. ഈ ചുമതലയിൽ എത്തുന്നതിനു മുൻപ് ആർക്കോള നഗരത്തിലെ മുനിസിപ്പൽ ജ‍ഡ്ജിയായും ഈ യുവ അഭിഭാഷക സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ജൂലിയുടെ മാതാപിതാക്കളും സഹോദരൻ ജോൺസൻ തോമസും വർഷങ്ങളായി യുഎസിലാണ്. ഭർത്താവ് ജിമ്മി മാത്യു യുഎസിൽ വ്യാപാര രംഗത്തു പ്രവർത്തിക്കുന്നു. അൽന, ഐവ, സോഫിയ എന്നിവരാണു മക്കൾ. അടുത്തയാഴ്ച ഇവർ യുഎസിലേക്ക് മടങ്ങും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.