മംഗളൂരു: കനത്ത മഴയിലും കാറ്റിലും വെള്ളം കയറി തകരാറിലായി മുങ്ങിക്കൊണ്ടിരിക്കുന്ന മണ്ണുമാന്തി കപ്പലിലെ 20 പേരെയും രക്ഷപ്പെടുത്തി. ന്യൂ മംഗളൂരു തുറമുഖത്തിനടുത്ത‌് തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് കടലിൽ കപ്പൽച്ചാലിന്റെ ആഴം കൂട്ടാൻ മുംബൈയിൽനിന്നെത്തിയ ത്രിദേവി പ്രേം കപ്പൽ അപകടത്തിൽപ്പെട്ടത‌്. [www.malabarflash.com]
ക്യാപ‌്റ്റൻ നൽകിയ അപായ സന്ദേശത്തെ തുടർന്ന‌് തീര സംരക്ഷണ സേനയുടെ അമർത്യ കപ്പൽ സഹായത്തിനെത്തി. കപ്പലിലെ 13 തൊഴിലാളികളെ സേന രക്ഷപ്പെടുത്തി. കപ്പലിലെ തകരാർ പരിഹരിക്കാനെത്തിയ ഏഴുപേരെ പിന്നീട‌് മംഗളൂരു പോർട്ട് ട്രസ്റ്റ് എയർ ലിഫ‌്റ്റ‌് ചെയ്‌ത് രക്ഷപ്പെടുത്തി.
ഞായറാഴ്ച ഉച്ചയോടെ കപ്പലിൽ വെള്ളം കയറുന്നതായി മംഗളൂരു പോർട്ട് ഓഫീസിലെ റഡാർ വിഭാഗത്തിലേക്ക് കപ്പിത്താൻ വിവരം നൽകിയിരുന്നു. എന്നാൽ വൈകിട്ടോടെ വെള്ളം നീക്കം ചെയ്തുവെന്നും പ്രശ്‌നമില്ലെന്നും വിവരം ലഭിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ വീണ്ടും വെള്ളം കയറുന്നുണ്ടെന്നും അടിയന്തര സഹായം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.
തുടർന്നാണ് തീരസംരക്ഷണ സേനയുടെ കപ്പൽ പുറപ്പെട്ടത്. ഒരു മണിക്കൂറിനകം കപ്പലിലെ 13 തൊഴിലാളികളെയും രക്ഷപ്പെടുത്തി. മുംബൈയിലെ മെർക്കാറ്റർ കമ്പനിയുടേതാണ് ത്രിദേവി പ്രേം കപ്പൽ. രണ്ടാഴ്ചയായി മംഗളൂരു തുറമുഖത്തിനരികിലെ കപ്പൽചാലിന്റെ ആഴം കൂട്ടുന്ന ജോലിയിലായിരുന്നു കപ്പലിലെ തൊഴിലാളികൾ. തകരാറിലായ കപ്പൽ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നു.
No comments:
Post a Comment