Latest News

തട്ടിക്കൊണ്ടുപോയി ഡെറാഡൂണില്‍ കൊലപ്പെടുത്തിയ ഷുക്കൂറിന്റെ ചൂണ്ടുവിരല്‍ മുറിച്ചുമാറ്റി വിരലടയാളം എടുത്തു

മലപ്പുറം: ഡെറാഡൂണില്‍ കൊല്ലപ്പെട്ട പുലാമന്തോള്‍ സ്വദേശി അബ്ദുഷുക്കൂറിനെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത് ആധാര്‍ കാര്‍ഡുള്‍പ്പടെ ഷുക്കൂറിന്റെ രേഖകള്‍ സഹിതം.[www.malabarflash.com]

വീട്ടില്‍ നിന്നും ഇറക്കി കൊണ്ടുപോകുമ്പോള്‍ സി.സി.ടി.വി സംഘം എടുത്തുമാറ്റി. കൊണ്ടുപോയ അതേ കാറില്‍ തന്നെയാണ് ഡൊറാഡൂണിലെ ആശുപത്രിയില്‍ ഷുക്കൂറിനെ എത്തിച്ചതെന്നും കുടുംബം.
ഷുക്കൂറിന്റെ കൈവശം കോടികള്‍ മൂല്യം വരുന്ന ബിറ്റ്‌കോയിന്‍ ഉണ്ടെന്ന് മനസിലാക്കിയ സംഘം ഇയാളെ മര്‍ദിച്ച് പാസ്വേഡ് കൈക്കലാക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മരിച്ച ശേഷമാണ് ഷുക്കൂറിനെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മരിച്ച ഷുക്കൂറിന്റെ ഇടതു ചൂണ്ടുവിരല്‍ മുറിച്ചിരുന്നു. കൊലപാതകത്തിന്റെ മുമ്പോ ശേഷമോ ഷുക്കൂറിന്റെ വിരലുപയോഗിച്ചു വിരലടയാളം എടുത്തതായാണ് കരുതുന്നത്. ഒരുവര്‍ഷമായി ബിസിനസ് സംബന്ധമായ കാര്യത്തില്‍ മകനെ കൊല്ലുമെന്നു ഭീഷണിയുണ്ടായിരുന്നതായും മാതാവ് എം.പി.സക്കീന ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂലൈ12നാണ് അബ്ദുഷുക്കൂറിനെ ഒരുസംഘം വീട്ടില്‍ നിന്നും ഇറക്കികൊണ്ടുപോയത്. ഷുക്കൂര്‍ മുഖേന തീര്‍ക്കേണ്ട ചില ഇടപാടുകളുണ്ടെന്നും അതു തീര്‍ക്കണമെങ്കില്‍ കൂടെ വരണമെന്നും അല്ലെങ്കില്‍ എല്ലാ ബാധ്യതകളും ഷുക്കൂര്‍ ഏല്‍ക്കേണ്ടിവരുമെന്നുമാണ് തട്ടിക്കൊണ്ടുപോയവര്‍ പറഞ്ഞത്.
പരാതികൊടുത്താല്‍ മകനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനാലാണ് കേസ് കൊടുക്കാതിരുന്നതെന്നും പരാതിയില്‍ പറയുന്നു. ഒരുവര്‍ഷത്തോളമായി പലരുടേയും ഭീഷണിയുണ്ടായിരുന്നു. പലപ്പോഴും അനുവാദം കൂടാതെ പലരും വീട്ടില്‍ വന്നു താമസിക്കുകയും പണമിടപാട് സംബന്ധിച്ചു പ്രശ്‌നങ്ങളുന്നയിക്കുകയും ചെയ്തിരുന്നുവത്രെ.
ബിസിനസുമായി ബന്ധപ്പെട്ട രേഖകള്‍, കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് എന്നിവയും കൊണ്ടുപോയി. ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും രജിസ്‌ട്രേഷന്‍ ഓഫീസുകളില്‍ പലരേഖകളിലും ഒപ്പുവെപ്പിക്കുകയും ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ കാറിന്റെ ഫോട്ടോ, സംഘാംഗങ്ങളുടെ ഫോട്ടോ എന്നിവയും പരാതിയോടൊപ്പം കൈമാറിയിട്ടുണ്ട്
കൊലപാതകം നടന്ന ഡറാഡൂണ്‍ പോലീസാണ് സംഭവത്തില്‍ കേസെടുത്തത്. അഞ്ചുപേരെ ഇതിനകം അറസ്റ്റ് ചെയ്തു. മറ്റു പ്രതികളെ പിടികൂടാനുണ്ട്. 

എന്നാല്‍ പുലാമന്തോളിലെ വീട്ടില്‍ നിന്നും ഷുക്കൂറിനെ കൊണ്ടുപോയവര്‍ മലയാളികളായതിനാല്‍ ഗൂഢാലോചനയെ കുറിച്ചു കേരളാ പോലീസ് അന്വേഷിക്കണമെന്നു കുടുംബവും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.മുഹമ്മദ് ഹനീഫ, എം.പി.അന്‍സാര്‍,പി.കെ.ഖാലിദ്,കെ.ഷിബു,പി.മുഹമ്മദ് കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.