Latest News

മംഗളൂരുവിലെ ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണ-വെള്ളി ആഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ കാസര്‍കോട്-അഫ്ഗാന്‍ സ്വദേശികള്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു കാര്‍ സ്ട്രീറ്റിലെ ജ്വല്ലറിയില്‍ നിന്ന് മൂന്ന് കിലോയിലധികം വരുന്ന സ്വര്‍ണ-വെള്ളിയാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ കാസര്‍കോട് സ്വദേശിയായ ഒരാളും അഫ്ഗാന്‍ സ്വദേശികളായ രണ്ടുപേരും അറസ്റ്റില്‍.[www.malabarflash.com]

കാസര്‍കോട് ചെമ്പരിക്കയിലെ തസ്ലിം(38), അഫ്ഗാനിസ്ഥാന്‍ കാബൂള്‍ സ്വദേശികളായ മുഹമ്മദ് അസീം കുറാം(25), വാലി മുഹമ്മദ് ഷാഫി(45) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ ഇനി രണ്ട് അഫ്ഗാനിസ്ഥാന്‍ സ്വദേശികളും ഒരു മൈസുര്‍ സ്വദേശിയും ഒരു മലയാളിയും പിടിയിലാകാനുണ്ട്. ഇവര്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞതായാണ് വിവരം. 

കേസില്‍ തസ്ലീമാണ് മുഖ്യപ്രതിയെന്ന് പോലീസ് പറഞ്ഞു. തസ്ലിമിനെതിരെ ബേക്കല്‍, കാസര്‍കോട് പോലീസ് സ്റ്റേഷനുകളില്‍ 10 മുതല്‍ 12 വരെ കേസുകള്‍ നിലവിലുണ്ട്. കേരളത്തിലെയും കര്‍ണാടകയിലെയും മുംബൈയിലെയും അധോലോക ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള തസ്ലീമിന് ദുബായിലും സ്വാധീനമുണ്ടെന്ന് മംഗളൂരു പോലീസ് പറഞ്ഞു. 

പിടിയിലായ രണ്ട് അഫ്ഗാന്‍ പൗരന്മാര്‍ക്കുമെതിരെ ദില്ലിയില്‍ അനധികൃത ആയുധ നിയമപ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3.43 കിലോഗ്രാം ഭാരമുള്ള മോഷ്ടിച്ച സ്വര്‍ണത്തിന്റെ മൂല്യം 1,02,95,270 രൂപയും 20.66 കിലോഗ്രാം ഭാരമുള്ള വെള്ളിയുടെ മൂല്യം 9,11,600 രൂപയുമാണെന്നും അറസ്റ്റിലായ പ്രതികളില്‍ നിന്ന് 2.753 കിലോഗ്രാം സ്വര്‍ണക്കട്ടകളും ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് വെളിപ്പെടുത്തി. 

അറസ്റ്റിലായ പ്രതികളെ പിന്നീട് കോടതി റിമാണ്ട് ചെയ്തു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.